Connect with us

Malappuram

മൈലടിയിലെ മാലിന്യ നിക്ഷേപത്തിനെതിരെ പ്രതിഷേധത്തിലുറച്ച് സമര സമിതി

Published

|

Last Updated

കോട്ടക്കല്‍: ഇന്ത്യനൂര്‍ മൈലാടിയില്‍ നഗരസഭ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ജനകീയ സമര സമിതി പ്രതിരോധം ശക്തമാക്കി. ഇന്നലെ പ്ലാന്റിന് മുമ്പില്‍ സ്ത്രീകളും കുട്ടികളും പ്രതിഷേധവുമായി രംഗത്തിറങ്ങി. നഗര മാലിന്യം ഇനി മൈലാടിയിലേക്ക് കടത്തില്ലെന്ന നിലപാടിലുറച്ചാണ് സമര സമിതി രംഗത്തുള്ളത്. രാപ്പകല്‍ വ്യത്യാസമില്ലാതെയാണ് സമരം. 

കഴിഞ്ഞ ദിവസം നഗരസഭ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സമര സമിതി മുന്നോട്ട് വെച്ച തീരുമാനം അംഗീകരിക്കാന്‍ നഗരസഭ തയ്യാറായിരുന്നില്ല. ഇതിന് ശേഷമാണ് സമരം ശക്തമാക്കിയത്. സമര സമിതിക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം വിവിധ സംഘടനകള്‍ രംഗത്തെത്തിയത് സമരക്കാര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. ഇന്നലെ സി പി എം നേതാക്കളും സ്ഥലം സന്ദര്‍ശിച്ചു. വരും ദിവസങ്ങളില്‍ വിവിധ സംഘടനാ പ്രവര്‍ത്തകര്‍ ഇവിടെ സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്. ഇന്നലെ പരിസരത്തെ സത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് പ്ലാന്റ് പടിക്കല്‍ നടന്ന സമരത്തില്‍ പങ്കെടുത്തത്. കാലങ്ങളായി നഗരത്തില്‍ നിന്നും നീക്കം ചെയ്യുന്ന മാലിന്യം ഇവിടെ തള്ളുകയാണ്.
എന്നാല്‍ ഇത് സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ നഗരസഭ എടുക്കാത്തതിനാല്‍ പരിസരം മുഴുവന്‍ മാലിന്യം നിറഞ്ഞിരിക്കുകയാണ്. ഇതെ തുടര്‍ന്നാണ് നാട്ടുകാര്‍ സമര സമിതിക്ക് രൂപം നല്‍കിയത്. പ്രതിഷേധിച്ചവരെ കഴിഞ്ഞ ദിവസം ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദിച്ചതും പ്രശ്‌നം രൂക്ഷമാക്കി. അതെ സമയം ഇന്നലെയും നഗരത്തിലെ മാലിന്യ നീക്കം നടന്നില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കെട്ടിക്കിടക്കുകയാണിപ്പോള്‍. വ്യാപാരികളോട് സ്വന്തം നിലയില്‍ സംസ്‌കരിക്കാനാണ് നിര്‍ദ്ദേശം.