Connect with us

Wayanad

ആദിവാസി കോളനികളില്‍ ശുദ്ധജലക്ഷാമം രൂക്ഷം

Published

|

Last Updated

കല്‍പ്പറ്റ: ഒരു മാസത്തിനിടെ ജില്ലയില്‍ മൂന്ന് ആദിവാസികള്‍ എലിപ്പനി ബാധിച്ച് മരിച്ചു. രണ്ടു പേര്‍ക്ക് കോളറ ബാധിച്ചതായി സ്ഥിരീകരിച്ചു. എലിപ്പനി രോഗബാധിതര്‍ക്ക് യഥാസമയം മതിയായ ചികിത്സ ലഭിക്കാത്തതാണ് മരണകാരണം. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം രാവിലെ പടിഞ്ഞാറത്തറ പേരാല്‍ തേനിമാക്കില്‍ കോളനിയിലെ രാജന്‍ (28) ആണ് മരിച്ചത്. രാജന്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനു മുമ്പ് മാര്‍ച്ച് 24ന് പടിഞ്ഞാറത്തറ തിരുമംഗലം കോളനിയിലെ രവി (28), മാര്‍ച്ച് 28 ന് കോട്ടത്തറ മാടക്കുന്ന് തുപ്പരി കോളനിയിലെ സോമന്‍ (40) എന്നിവരാണ് മരിച്ചത്. ഇതില്‍ രവിയുടെയും സോമന്റെയും മരണം എലിപ്പനി മൂലമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രാജന്റെ രക്തസാമ്പിളും മറ്റു ശരീര സ്രവങ്ങളും അധികൃതര്‍ വിദഗ്ദ്ധ പരിശോധനക്കായി മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജിലേക്ക് അയച്ചിട്ടുണ്ട്. ഈ കോളനിയിലുള്ള മറ്റ് ആളുകള്‍ക്കും രോഗബാധയുള്ളതായി സംശയമുണ്ട്. 
രോഗം മൂര്‍ച്ചിച്ചശേഷമാണ് മൂന്നു പേരും ആശുപത്രിയില്‍ ചികിത്സ തേടിയത്. 2013 ല്‍ ഇതുവരെയായി ജില്ലയിലെ നാല് ആദിവാസികള്‍ എലിപ്പനി ബാധിച്ചു മരിച്ചതായാണ് കണക്ക്.
2013 ജനുവരിയില്‍ ഒരാള്‍ എലിപ്പനി ബാധിച്ചു മരിച്ചിട്ടുണ്ട്. 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കടുത്ത വേനലില്‍ ശുദ്ധജല ക്ഷാമം രൂക്ഷമായത് എലിപ്പനി ബാധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് നിഗമനം. എലികളുടെ മൂത്രം കുടിവെള്ളത്തില്‍ കലരുന്നത് രോഗബാധക്ക് കാരണമാകും.
അമ്പലവയല്‍ പഞ്ചായത്തിലുള്ള രണ്ട് ആളുകള്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. ഇവര്‍ രോഗവിമുക്തരായെന്ന് വയനാട് ഡി എം ഒ, ഡോ. സമീറ പറഞ്ഞു. കര്‍ണാടകയില്‍ പണിക്കുപോയവര്‍ക്കാണ് കോളറ പിടിപെട്ടത്. ഇവരുടെ ഏതാനും ബന്ധുക്കള്‍ക്കും കോളറക്കു സമാനമായ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ട്. ഇവര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
കുടിവെള്ള ക്ഷാമം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭൂരിഭാഗം ആദിവാസി കോളനികളിലും മലിനജലമാണ് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നത്. കോളറ പടരാനുള്ള പ്രധാന കാരണം മലിനജലമാണ്.