Connect with us

Kozhikode

സ്തൂപം തകര്‍ത്ത സംഭവത്തില്‍ സി പി എമ്മിന് പങ്കില്ലെന്ന്

Published

|

Last Updated

കോഴിക്കോട്: വള്ളിക്കാട് ചന്ദ്രശേഖരന്‍ സ്തൂപം തകര്‍ക്കപ്പെട്ട സംഭവത്തില്‍ സി പി എമ്മിന് യാതൊരു പങ്കുമില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ്. സ്തൂപം തകര്‍ത്തതും തുടര്‍ന്നുണ്ടായ ആക്രമണങ്ങളും സംബന്ധിച്ച് ഉന്നത അന്വേഷണം വേണം. ഇത് സംബന്ധിച്ച് സി പി എമ്മിനെതിരെ ആര്‍ എം പി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സെക്രട്ടേറിയറ്റ് പറഞ്ഞു. 
ആര്‍ എം പിയിലെ ഒരു വിഭാഗം ക്രിമിനലുകള്‍ ഒഞ്ചിയം മേഖലയില്‍ ബോധപൂര്‍വം കുഴപ്പങ്ങള്‍ സൃഷിടിക്കുകയാണ്. പാര്‍ട്ടി ഓഫീസും വീടുകളും കച്ചവട സ്ഥാപനങ്ങളും വാഹനങ്ങളും അവര്‍ തകര്‍ത്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വള്ളിക്കാട് രക്തസാക്ഷി സ്മാരക മന്ദിരവും ഇ എം എസ് മന്ദിരവും എറിഞ്ഞു തകര്‍ത്തു. ഓര്‍ക്കാട്ടേരിയിലെ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം തകര്‍ത്തു. ഓര്‍ക്കാട്ടേരി എല്‍ സി അംഗം ഉദയന്‍ മാസ്റ്ററെ ആക്രമിച്ചു. സമാധാന സംഭാഷണം നടന്നതിന് ശേഷവും ഒഞ്ചിയം അമ്പലപ്പറമ്പ് പുളിയുള്ളതില്‍ രവിയുടെയും ആയാട്ട് സജീവന്റെയും കട തീവെച്ച് നശിപ്പിച്ചു. ഇത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ആര്‍ എം പി നേതൃതൃവും സര്‍ക്കാറും സ്വീകരിക്കുന്നത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും നടത്തുന്ന ചില പ്രസ്താവനകള്‍ അക്രമികള്‍ക്ക് പ്രചോദനം നല്‍കുന്നതാണ് നീതി നിര്‍വഹണം അനുവദിക്കില്ല എന്ന പരോക്ഷമായ പ്രഖ്യാപനമാണ് അവര്‍ നടത്തുന്നതെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ അപായപ്പെടുത്താന്‍ വളയത്തെ ഒരു കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ നടത്തിയ ശ്രമം ഒറ്റപ്പെട്ടതായി കാണാന്‍ കഴിയില്ല. “ചന്ദ്രശേഖരന്റെ രക്തം പിണറായി വിജയന്റെ കുഴിമാടം വരെ പിന്തുടരും”എന്ന ആര്‍ എം പി നേതാവിന്റെ പ്രസംഗത്തിലെ ലക്ഷ്യം ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. പിണറായിയെ അപായപ്പെടുത്താന്‍ ശ്രമം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ തയ്യാറാകാത്തത് ദുരൂഹത വര്‍ധിപ്പിക്കുകയാണെന്നും സി പി എം പറഞ്ഞു.