കെട്ടിടങ്ങള്‍ വിറച്ചു; പരിഭ്രാന്തിയില്‍ ജനം

Posted on: April 17, 2013 10:25 pm | Last updated: April 17, 2013 at 10:25 pm

ദുബൈ: ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തില്‍ യു എ യില്‍ വീണ്ടും ഭൂചലനം. ഇന്നലെ ഉച്ചക്ക് 2.58 ഓടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട ഭൂചലനം കനത്ത പരിഭ്രാന്തിയാണ് യു എ ഇയിലെങ്ങും സൃഷ്ടിച്ചത്. 

ഉച്ച സമയമായതിനാല്‍ പലരും വിശ്രമത്തിലായിരുന്നു. പെട്ടെന്ന് ചുറ്റുപാടുകള്‍ കുലുങ്ങുന്നതായി അനുഭവപ്പെട്ടു. ഉണര്‍ന്നിരുന്നവര്‍ക്ക് തലചുറ്റലും പെട്ടെന്ന് ചര്‍ദ്ദിക്കാനുള്ള പ്രേരണയുണ്ടായതായും ചില അനുഭവസ്ഥര്‍ വ്യക്തമാക്കി. ഭക്ഷണം പാചകം ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് കൈകള്‍ വിറച്ചു. കസേരയില്‍ ഇരിക്കുകയും കട്ടിലില്‍ കിടക്കുകയും ചെയ്തവര്‍ക്ക് തങ്ങളെ ആരോ പിടിച്ചു വലിക്കുന്നതായി തോന്നി.
അബുദാബി, ഷാര്‍ജ, ഫുജൈറ, അജ്മാന്‍ തുടങ്ങി രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇറാന്‍ – പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഭവിച്ച വന്‍ ഭൂചലനത്തിന്റെ തുടര്‍ച്ചയാണ് യു എ ഇയില്‍ അനുഭവപ്പെട്ടതെന്നാണ് നിഗമനം.
കഴിഞ്ഞ 10-ാം തിയ്യതി ഇറാനില്‍ സംഭവിച്ച ഭൂചലനത്തിന്റെ തുടര്‍ച്ചയായി യു എ ഇയിലും തുടര്‍ ചലനം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ കൂടുതല്‍ ശക്തമായി ഭൂചലനം അനുഭവപ്പെട്ടെന്നാണ് വിവിധ മേഖലയില്‍ നിന്നും ലഭിക്കുന്ന വിവരം. ദുബൈ നൈഫില്‍ കെട്ടിടത്തിന് വിള്ളല്‍ വീണതായി താമസക്കാര്‍ വ്യക്തമാക്കി. നഗരത്തിന്റെ ചില ഭാഗങ്ങളില്‍ കെട്ടിടങ്ങളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നതായും റിപോര്‍ട്ടുണ്ട്. നൈഫിലെ ഫ്രിജ്മുറാറില്‍ കെട്ടിടത്തിന്റെ ചുവട്ടില്‍ നില്‍ക്കവേ പെട്ടെന്ന് ചുറ്റും കറങ്ങുന്നതായി അനുഭവപ്പെട്ടെന്ന് തലശ്ശേരി വാടിക്കല്‍ സ്വദേശി കണ്ടോത്ത് മുഹമ്മദ് ദര്‍വിഷ് വെളിപ്പെടുത്തി. അബുദാബിയിലെ മദീന സായിദ് ഷോപ്പിംഗ് കോപ്ലക്‌സിന് സമീപത്തെ 20 ഓളം കെട്ടിടങ്ങളില്‍ നിന്നും ആളുകള്‍ പുറത്തേക്ക് ഇറങ്ങിയതായി സംഭവത്തിന് ദൃസാക്ഷിയായ ഇബ്രാഹിം കാഞ്ഞങ്ങാട് പറഞ്ഞു. ഇത്തിസലാത്ത് കെട്ടിടത്തിന്റെ മുകള്‍ നിലകളില്‍ നിന്നും അറബികള്‍ ഉള്‍പ്പെടെയുള്ള ജോലിക്കാര്‍ ആര്‍ത്തു വിളിച്ച് ഓടി.
യു എ ഇ എക്‌സ്‌ചേഞ്ച് കെട്ടിടം, ഗള്‍ഫ് എയര്‍ കെട്ടിടം, മുഗള്‍ റെസ്‌റ്റോറന്റ് കെട്ടിടം, വലീദ് റെഡിമെയ്ഡ് ഷോപ്പ്, ഹാപ്പി റെസ്റ്റോറന്റ് തുടങ്ങിയ കെട്ടിടങ്ങളില്‍ ഉള്ളവരാണ് പുറത്തേക്ക് ഇറങ്ങി ഓടിയത്.
മുസഫ്ഫയിലെ ബ്രിട്ടീഷ് സ്‌കൂളിനും സഫീര്‍ മാളിനും സമീപത്തെ കെട്ടിടങ്ങളില്‍ നിന്നും ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയതായി കാസര്‍കോട് പടന്ന സ്വദേശി കെ എം സി താജുദ്ദീന്‍ പറഞ്ഞു. നാട്ടിലേക്ക് ഫോണ്‍ ചെയ്യവേ കസേര ആരോ പിടിച്ചു വലിക്കുന്നതായി അനുഭവപ്പെടുകയായിരുന്നു. മുസഫ്ഫയിലെ കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിലെ മുഴുവന്‍ കെട്ടിടങ്ങളില്‍ നിന്നും ആളുകള്‍ പുറത്തേക്ക് ഓടി. ഭൂചലനം അനുഭപ്പെട്ട ഉടന്‍ പ്രദേശത്തെ മുഴുവന്‍ കെട്ടിടങ്ങളില്‍ നിന്നും അപായ സൈറണ്‍ മുഴങ്ങി. ഒരു മിനുട്ടോളം ഇത് നീണ്ടുനിന്നതായും താജുദ്ദീന്‍ പറഞ്ഞു.
ദിബ്ബക്ക് സമീപം അക്ക പ്രദേശത്തും ഭൂചലനം അനുഭവപ്പെട്ടു. സൂപ്പര്‍മാര്‍ക്കറ്റിലെ റാക്കില്‍ നിരത്തിവെച്ച സാധനങ്ങള്‍ കുലുക്കത്തില്‍ താഴോട്ട് വീണെന്ന് അഡ്‌നോക്കില്‍ ജോലിനോക്കുന്ന ചിറക്കമ്പം സ്വദേശി അന്‍വര്‍ പറഞ്ഞു. സമീപത്തെ കെട്ടിടങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ആളുകള്‍ ആര്‍ത്തുവിളിച്ചു ഓടുന്നതും കണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫുജൈറ മത്സ്യമാര്‍ക്കറ്റിന് സമീപത്തെ കെട്ടിടങ്ങളില്‍ നിന്നും ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങി. മേഖലയില്‍ 15 സെക്കന്റോളം ഭൂചലനം അനുഭവപ്പെട്ടെന്ന് ഈത്തപ്പഴ കടയില്‍ ജോലിചെയ്യുന്ന മഹ്മൂദ് വടകര പറഞ്ഞു. ആദ്യം എന്താണെന്ന് മനസ്സിലായില്ല, തലചുറ്റുന്നപോലെയാണ് തോന്നിയത്.
അജ്മാനിലെ ഉയരമുള്ള കെട്ടിടങ്ങളിലാണ് ഭൂചലനം കൂടുതല്‍ പ്രകടമായത്. കട്ടിലില്‍ കിടന്നവരില്‍ പലരും പെട്ടെന്നുള്ള ഭൂചലനത്തില്‍ ഞെട്ടി ഉണര്‍ന്നെന്ന് കാസര്‍കോട് കോട്ടിക്കുളം സ്വദേശി അസ്‌ലം പറഞ്ഞു. വലിയ കെട്ടിടങ്ങളില്‍ കഴിയുന്നവര്‍ കൂട്ടത്തോടെ പുറത്തിറങ്ങിയപ്പോള്‍ പലര്‍ക്കും ലിഫ്റ്റുകള്‍ കിട്ടാതെയായി. കൈക്കുഞ്ഞുമായി കോണിപ്പടികള്‍ ചവിട്ടിയിറങ്ങിയ അമ്മമാര്‍ താഴെ എത്തിയപ്പോഴേക്കും തളര്‍ന്നിരുന്നു.
അബുദാബി, റാസല്‍ഖൈമ, ഉമ്മുല്‍ ഖുവൈന്‍, അജ്മാന്‍, ഷാര്‍ജ എന്നിവിടങ്ങളില്‍ ഫഌറ്റുകളില്‍ നിന്നും ആളുകള്‍ പുറത്തേക്കോടി. പലരും പാസ്‌പോര്‍ട്ടും അനുബന്ധ രേഖകളുമെടുത്താണ് പുറത്തേക്കോടിയത്. അജ്മാനില്‍ കടകളില്‍ അടുക്കി വെച്ചിരുന്ന സാധനങ്ങള്‍ നിലംപതിച്ചു. വൈകുന്നേരം നാല് മണി വരെ പലരും ഭയം കാരണം താമസസ്ഥലങ്ങളിലേക്കോ ഓഫീസുകളിലേക്കോ തിരിച്ചുപോകാന്‍ തയാറായില്ല.
ദുബൈ മീഡിയാ സിറ്റിയില്‍ നൂറുകണക്കിനാളുകളാണ് തുറസായ സ്ഥലത്ത് രക്ഷ തേടി ഒത്തുകൂടിയത്. അരമണിക്കൂറോളം ആരും ഓഫീസുകളിലേക്ക് മടങ്ങിയില്ല.