മസ്‌കത്ത്: കമ്പനിയില്‍ നിന്ന് സെറ്റില്‍മെന്റ് തുക വാങ്ങി പോകുകയായിരുന്ന ഇന്ത്യന്‍ തൊഴിലാളികളെ സ്വദേശിയുടെ വേഷത്തിലെത്തിയയാള്‍ തടഞ്ഞ് നിര്‍ത്തി പണം കൊള്ളയടിച്ചു. അസൈബയിലെ ഒമാന്‍ കോണ്‍ക്രീറ്റ് പ്രൊഡക്ട്, ജന്‍സര്‍വ്, ഷാമില്‍ ഇന്റര്‍നാഷനല്‍, സാര്‍ക്കോ എന്നീ സ്ഥാപനങ്ങളുടെ അസൈബയിലെ കോര്‍പറേറ്റ് ഓഫീസിനടുത്താണ് സംഭവം. മംഗലാപുരം സ്വദേശി സുധീര്‍, മുംബൈ സ്വദേശി രാജേന്ദ്ര ദോന്ദിബ് എന്നിവരില്‍ നിന്നാണ് പണം തട്ടിയത്. പന്ത്രണ്ടരയോടെ ഓഫീസില്‍ നിന്ന് ഇറങ്ങുകയായിരുന്ന ഇവരെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയയാള്‍ തിരിച്ചറിയല്‍ കാര്‍ഡുകളും പഴ്‌സുകളും കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇരുവരില്‍ നിന്നും 400 ഉം 500 ഉം റിയാല്‍ വീതം വാങ്ങി സ്ഥലം വിടുകയായിരുന്നു. കമ്പനി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു.