Connect with us

Oman

അനധികൃതമായി കടക്കാന്‍ ശ്രമിച്ച നേപ്പാള്‍ സ്വദേശികള്‍ പിടിയില്‍

Published

|

Last Updated

മസ്‌കത്ത്: രാജ്യത്ത് നിന്ന് അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഏഴ് നേപ്പാള്‍ സ്വദേശികളെ അറസ്റ്റ് ചെയ്തു. 25 മുതല്‍ 40 വയസ് വരെ പ്രായമുള്ളവരാണ് പിടിയിലായവര്‍. ഒമാനില്‍ നിന്ന് ഗ്രീസിലേക്ക് കടക്കാനാണ് ഇവര്‍ ശ്രമം നടത്തിയത്. കടല്‍ മാര്‍ഗം ഇറാനിലേക്ക് കടക്കാനും അവിടെ നിന്ന് യൂറോപ്പിലേക്ക് പോകാനുമായിരുന്നു ഇവരുടെ ശ്രമമെന്ന് പോലീസ് പറഞ്ഞു. ശിവപ്രസാദ്, കേശുദമായ്, എക്‌രാജ് ലൂയിടല്‍, സൂര്യ തമംഗ്, ലക്ഷ്മണ്‍ ഗാലെ, റിഷ്തം ഗാലെ, ബിഷാല്‍ താപ എന്നിവരാണ് പിടിയിലായത്. 

ദുബൈയില്‍ ജോലി ചെയ്യുന്നവരാണ് ഇവരെന്നും ഇവര്‍ക്ക് നല്ല ജോലിയും കുടുംബത്തൊടൊപ്പം താമസിക്കാനുള്ള സാഹചര്യവും ഗ്രീസില്‍ നല്‍കാമെന്ന് ദുബൈയിലെ ചിലര്‍ വാഗ്ദാനം ചെയ്യുകയുമായിരുന്നുവെന്ന് നോണ്‍ റെസിഡന്റ് നേപ്പാള്‍ അസോസിയേഷന്‍ ഡി ബി ചത്രി പറഞ്ഞു.
ഒമാനില്‍ നിന്ന് കടല്‍ വഴി ഇറാനിലേക്കും തുര്‍ക്കിയിലേക്കും അവിടുന്ന് ഗ്രീസിലേക്കും പോകാനായിരുന്നു പരിപാടി. ഇതിനിടെയാണ് ഇവര്‍ പിടിക്കപ്പെടുന്നത്.
300 റിയാല്‍ ഇവര്‍ പിഴ നല്‍കുകയോ, മൂന്ന് മാസം തടവനുഭവിക്കുകയോ വേണം. ആദ്യമായാണ് ഇത്തരം സംഭവത്തില്‍ നേപ്പാള്‍ സ്വദേശികള്‍ ഉള്‍പ്പെടുന്നതെന്നും നിരവധി നേപ്പാളുകാര്‍ ഒമാനില്‍ ജോലി ചെയ്യുന്നുണ്ടെന്നും ചത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതും ലജ്ജാകരവുമാണ്. നേപ്പാള്‍ സ്വദേശികള്‍ സ്വന്തം രാജ്യത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നേപ്പാളിന് ഒമാനില്‍ എംബസിയില്ലാത്തതും പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ട്. സഊദിയിലെ എംബസിയില്‍ നിന്നാണ് ഇപ്പോള്‍ ഒമാനിലേക്കുള്ള കടലാസ് പ്രവൃത്തികള്‍ ചെയ്ത് നല്‍കുന്നത്. പിടിയിലായവര്‍ക്ക് നാട്ടിലേക്ക് തിരിക്കാനുള്ള വിമാനടിക്കറ്റ് നല്‍കാമെന്ന് നേപ്പാള്‍ അസോസിയേഷന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Latest