ഭൂചലനം ഒമാനിലും പരിഭ്രാന്തി പരത്തി; സുനാമിക്ക് സാധ്യതയില്ല

Posted on: April 17, 2013 9:56 pm | Last updated: April 19, 2013 at 6:53 pm

മസ്‌കത്ത്: ഇറാന്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ഭൂചലനം ഒമാനിലും അനുഭവപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഇന്നലെ ഉച്ചക്ക് ശേഷം ഒമാന്‍ സമയം 2.44 ഓടെയാണ് ചലനമുണ്ടായത്. ഒമാനില്‍ നിന്ന് 610 കി മി അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഗുബ്ര, അസൈബ ടൗണുകളിലുള്ളവരെയാണ് ചലനം ഏറെ ബാധിച്ചത്. റൂവി, സൊഹാര്‍, ബുറൈമി, സൂര്‍, ബറക, ജഅലാന്‍, ഖാബൂറ, തുടങ്ങിയ സ്ഥലങ്ങളിലും ചലനമനുഭവപ്പെട്ടു. ഖുറം ഭാഗത്ത് ചലനം നേരിയതോതിലായിരുന്നു അനുഭവപ്പെട്ടത്. സലാലയില്‍ ചലനം കാര്യമായി അനുഭവപ്പെട്ടില്ല. 

കഴിഞ്ഞ 37 വര്‍ഷത്തിനിടെ ഒമാനിലുണ്ടാകുന്ന വലിയ ചലനമാണുണ്ടായത്. ഭൂകമ്പത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളുള്ളതാണ് പുതിയ കെട്ടിടങ്ങളെന്നതിനാലാണ് നാശനഷ്ടങ്ങള്‍ ഒഴിവായത്. മിക്ക കെട്ടിടങ്ങളിലും വിള്ളല്‍ പോലും വന്നില്ല. മസ്‌കത്ത്, സൊഹാര്‍, ഇബ്‌രി, മുസന്ദം ഭാഗങ്ങളിലാണ് കൂടുതല്‍ ശക്തിയുള്ള ചലനം അനുഭവപ്പെട്ടത്. ഇവിടങ്ങളിലെ വലിയ കെട്ടിടങ്ങളിലുള്ളവര്‍ക്ക് ഭൂചനം നന്നായി അനുഭവപ്പെട്ടു. വീടുകളിലെയും ഫഌറ്റുകളിലെയും സാധനങ്ങള്‍ താഴെ വീണു. ഉച്ച സമയത്തായതിനാല്‍ പലരും രാവിലത്തെ ജോലി കഴിഞ്ഞ് ഉറങ്ങവേയായിരുന്നു പെട്ടെന്ന് ചുറ്റുപാടുകള്‍ കുലുങ്ങുന്നതായി അനുഭവപ്പെട്ടത്.
ഉണര്‍ന്നിരുന്നവര്‍ക്ക് തലചുറ്റലും പെട്ടെന്ന് ചര്‍ദ്ദിക്കാനുള്ള പ്രേരണയുമുണ്ടായതായും അനുഭവസ്ഥര്‍ വ്യക്തമാക്കി. ആദ്യ ചലനം 20 സെക്കന്റിലേറെ നീണ്ടു നിന്നു. ഭൂചലമാണെന്ന് ആദ്യം ആര്‍ക്കും മനസിലാക്കാനായില്ലെങ്കിലും പിന്നീട് ഇത് തിരിച്ചറിഞ്ഞ് ആളുകള്‍ ഫഌറ്റുകളില്‍ നിന്ന് ഇറങ്ങി താഴെയെത്തി. വീണ്ടും ചലനമുണ്ടാകുമോയെന്ന ഭീതിയില്‍ ആളുകള്‍ ഫഌറ്റുകളില്‍ തിരിച്ച് കയറാനും മടിച്ചു. ഇന്ത്യന്‍ സ്‌കൂളുകള്‍ നേരത്തെ വിട്ടു. സര്‍ക്കാര്‍ ഓഫീസുകളും മറ്റും ഒഴിപ്പിച്ചു. പബ്ലിക് സെക്ടര്‍ ഓഫീസുകളും നേരത്തെ അടച്ചു.
റൂവിയില്‍ ഉറങ്ങിക്കിടന്നവര്‍ താഴെ വീണു. ചുമരുകള്‍ക്ക് വിള്ളല്‍ വീണു. ഇറാനോട് ഏറ്റവും അടുത്ത ഒമാനിലെ പ്രദേശമായ മുസന്ദത്തില്‍ ചലനം അനുഭപ്പെട്ടു. ഇവിടെ നേവല്‍ ബേസിലാണ് ചലനമുണ്ടായതെന്ന് നേവല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ തീവ്ര ചലനമായി തോന്നിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ശ്രീലങ്കന്‍ എംബസിയുടെ കെട്ടിടവും സമീപ സ്ഥലങ്ങളിലും ശക്തമായാണ് കുലുക്കം അനുഭവപ്പെട്ടതായി എംബസി ഉദ്യോഗസ്ഥന്‍ ഇസ്ഹാഖ് മട്ടന്നൂര്‍ സിറാജിനോട് പറഞ്ഞു. സലാല, മസ്‌കത്ത് വിമാനത്താവളങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂചലനമുണ്ടായ ഉടനെ പലയിടത്തും കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നും പാലങ്ങള്‍ തകര്‍ന്നുവെന്നും അഭ്യൂഹം പരന്നെങ്കിലും ഇതിനൊന്നും സ്ഥിരീകരണമില്ലെന്ന് വിവിധ വകുപ്പുകള്‍ അറിയിച്ചു. ഒമാനിലെ ഭൂചലനം ഇറാനില്‍ 7.9 തീവ്രതയിലുണ്ടായ ഭൂചലനത്തിന്റെ തുടര്‍ച്ചയാണെന്നും സുല്‍ത്താനേറ്റിലെ മിക്കയിടങ്ങളിലും അത് അനുഭവപ്പെട്ടുവെന്നും സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി സീസ്‌മോളജിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഇസാ ഹുസൈന്‍ പറഞ്ഞു. തുടര്‍ചലനങ്ങള്‍ പ്രതീക്ഷിക്കാമെന്നും എന്നാല്‍ സുനാമി സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. മസ്‌കത്തില്‍ നിന്ന് 610 കി മി അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഡോ ഇസാ ഹുസൈന്‍ പറഞ്ഞു. ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇറാനിലുള്ള ഒമാന്‍ പൗരന്മാര്‍ സുരക്ഷിതരാണെന്ന് മസ്‌കത്തിലെ ഇറാന്‍ എംബസി അറിയിച്ചു.