Connect with us

Palakkad

ഭവാനിയില്‍ നീരൊഴുക്ക് നിലച്ചു; അട്ടപ്പാടി കിഴക്കന്‍ മേഖലയില്‍ ജലക്ഷാമം രൂക്ഷം

Published

|

Last Updated

അഗളി: ഭവാനിപ്പുഴയിലെ നീരൊഴുക്ക് നിലച്ചതിനെ തുടര്‍ന്ന് അട്ടപ്പാടി കിഴക്കന്‍ മേഖലയില്‍ ജലക്ഷാമം രൂക്ഷമാകുന്നു. പുതൂര്‍ പഞ്ചായത്തിലെ മിക്ക ഊരുകളിലും ശുദ്ധജലം ലഭ്യമല്ല. ഷോളയൂര്‍ പഞ്ചായത്തിലും സ്ഥിതി വിഭിന്നമല്ല. അഗളി പഞ്ചായത്തില്‍ കൃഷി തോട്ടങ്ങളും വരള്‍ച്ചാ ഭീഷണിയിലാണ്. പുതൂര്‍ പഞ്ചായത്തിലെ ഇടവാണി മുതല്‍ മുള്ളി വരെയുള്ള 26 ഊരുകളില്‍ നാലിടത്ത് മാത്രമാണ് വെള്ളം ലഭിക്കുന്നത്. ഭവാനിയുടെയും വരഗാറിന്റെയും സമീപത്തുള്ള ഊരുകളാണിതെല്ലാം. വരഗാര്‍ നേരത്തെ വറ്റിയിരുന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, മേട്ടുപ്പാളയം പ്രദേശത്തെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമാണ് ‘ഭവാനിപ്പുഴ.

തമിഴ്‌നാട് അതിര്‍ത്തിയായ മുള്ളിവരെ ഭവാനിയുടെ തീരത്ത് 29 ശുദ്ധജല പദ്ധതികളുണ്ട്. എന്നാല്‍ ഇവയൊന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. ഇതുകൂടാതെ കടലാസ് പദ്ധതികള്‍ വേറെയും ഉണ്ടെന്ന് ആദിവാസികള്‍ പറയുന്നു. നിര്‍മാണത്തിലെ ക്രമക്കേടുകളാണ് പദ്ധതികള്‍ നോക്കുകുത്തിയാകാന്‍ കാരണം. വീട്ടമ്മമാരും കുട്ടികളും കിലോമീറ്ററുകള്‍ താണ്ടിയാണ് കുടിവെള്ളം ശേഖരിക്കുന്നത്.
പലയിടത്തും ലഭിക്കുന്നത് മലിന ജലമാണ്. ജലത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ പഞ്ചായത്ത് ഭരണ സമിതികള്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ല. സംസ്ഥാന സര്‍ക്കാറും വരള്‍ച്ച പഠിക്കാനെത്തിയ കേന്ദ്ര സംഘവും ആദിവാസി മേഖലയെ പാടെ അവഗണിക്കുകയാണെന്നാണ് ആക്ഷേപം.

Latest