‘കിഡ്‌സ് വിഡ്‌സ്’ എന്ന ഹ്രസ്വചിത്രം ഇന്ന് പൂര്‍ത്തിയാകും

Posted on: April 17, 2013 6:00 am | Last updated: April 17, 2013 at 12:51 am

കല്‍പ്പറ്റ: യു കെ യിലെ ലണ്ടനിലുള്ള എഡ്ജ് പിക്ചര്‍ കമ്പനി സഊദി അറേബ്യയിലെ ലോക സംസ്‌കാര മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ‘കിഡ്‌സ് വിഡ്‌സ്’ എന്ന പേരില്‍ തയാറാക്കുന്ന ഹ്രസ്വചിത്ര പരമ്പരയില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം ഏപ്രില്‍ 17ന് പൂര്‍ത്തിയാകും. മാനന്തവാടി പഴശി കുടീരത്തിലാണ് സിനിമയുടെ അവസാന ഷെഡ്യുള്‍. വിവിധ രാജ്യങ്ങളിലെ 21 കുട്ടികളെക്കുറിച്ചുള്ള 21 സിനിമകളാണ് പരമ്പരയില്‍. മൂന്ന് മിനിറ്റാണ് ഓരോ ചിത്രത്തിന്റെയും ദൈര്‍ഘ്യം. ലോാകത്തിന്റെ മറ്റുഭാഗങ്ങളിലുള്ള കുട്ടികളുടെ ജീവിതം സഊദി അറേബ്യയിലെ കുട്ടികളെ പരിചയപ്പെടുത്തുകയാണ് പരമ്പരയുടെ ലക്ഷ്യം. സഊദി അറേബ്യയിലെ ‘അറംകൊ’യുടേതാണ് വിവിധ രാജ്യങ്ങളിലുള്ള കുട്ടികളുടെ ഒരു ദിവസത്തെ ജീവിതത്തെക്കുറിച്ചുള്ള സിനിമാ പരമ്പരയെന്ന ആശയം. നിര്‍മാണ ചെലവ് വഹിക്കുന്നതും ‘അറംകോ’യാണ്. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷനു വേണ്ടി ശ്രദ്ധേയമായ അനേകം ഹ്രസ്വചിത്രങ്ങള്‍ ചെയ്തിട്ടുള്ള സാറ ബേക്കറാണ് പരമ്പരയുടെ പ്രൊഡ്യൂസര്‍. ചിത്രീകരണത്തിനായി ഇവര്‍ ഇന്ത്യയില്‍ എത്തിയിട്ടില്ല.

എട്ടിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പരമ്പരയിലെ ഓരോ ചിത്രത്തിലും കേന്ദ്ര കഥാപാത്രത്തിനു ജീവന്‍ നല്‍കുന്നത്. ഇന്ത്യയില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ മാനന്തവാടി എള്ളുമന്ദം തുഷാരത്തില്‍ ക്ഷമയാണ് നായിക. എള്ളുമന്ദത്തെ കര്‍ഷകനും പേര്യ പീക്ക് ടീ പ്ലാന്റേഷന്‍ മാര്‍ക്കറ്റിംഗ് മാനേജരുമായ മനോജിന്റെയും മാനന്തവാടി മേരിമാതാ കോളേജിലെ ഗവേഷണ വിദ്യാര്‍ഥിനി ലതയുടെയും മകളാണ് എട്ടുവയസുകാരി ക്ഷമ. മാനന്തവാടി ഹില്‍ബ്ലൂംസ് സ്‌കൂളിലെ പഠിതാവാണ് ഈ കുരുന്നു കലാകാരി.
ആദ്യമായാണ് മൂവി ക്യാമറയ്ക്ക് മൂന്നിലെങ്കിലും ഉയര്‍ന്ന നിലവാരത്തിലുള്ള പ്രകടനമാണ് ക്ഷമയുടേതെന്ന് സംവിധായകന്‍ മാര്‍ക്ക് വിത്സണ്‍ പറഞ്ഞു. പടിഞ്ഞാറെത്തറ ബാണാസുരസാഗറിലായിരുന്നു സിനിമയുടെ ചിത്രീകരണത്തിനു തുടക്കം. ക്ഷമയെ ഫ്രെയ്മില്‍നിര്‍ത്തിയുള്ള ആദ്യ ടേക്ക് തന്നെ ഓകെയായി. ഇത് സംവിധായകനെയും ക്യാമറമാന്‍ മാര്‍ക്ക് ബ്ലാക്ക്മാനെയും അദ്ഭുതപ്പെടുത്തിയെന്ന് സിനിമയ്ക്കുവേണ്ടി ക്ഷമയെ ശുപാര്‍ശ ചെയ്ത ബത്തേരിയിലെ ഡോ. കെ.കെ. സതീഷ്‌കുമാര്‍ പറഞ്ഞു. നിര്‍ദേശങ്ങള്‍ വേഗത്തില്‍ മനസിലാക്കുന്ന ക്ഷമ പരിഭ്രമം തെല്ലുപോലും ഇല്ലാതെയാണ് തന്റെ ഭാഗം കൈകാര്യം ചെയ്യുന്നത്. ലൊക്കേഷനില്‍ മാതാപിതാക്കളുടെ സാന്നിധ്യം അവളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുമുണ്ട്.
കോഴിക്കോട്, വയനാട് ജില്ലകളിലാണ് സിനിമയുടെ പ്രധാന ലോക്കേഷനുകള്‍. കോഴിക്കോട് ബീച്ചീലും വയനാട്ടില്‍ ബാണാസുരസാഗര്‍, പേര്യ, മാനന്തവാടി പുഴയോരം എന്നിവിടങ്ങളിലും ഷെഡ്യുള്‍ ചെയ്ത ചിത്രീകരണം പൂര്‍ത്തിയായി. ഏപ്രില്‍ 13നാണ് ഷൂട്ടിംഗ് ആരംഭിച്ചത്.
പരമ്പരയിലെ അഞ്ച് സിനിമകളുടെ ചിത്രീകരണം സൗദി അറേബ്യയിലാണ്. ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീന്‍സ്, ഹോങ്‌കോങ്, നേപ്പാള്‍, സൗത്ത് കൊറിയ, ജപ്പാന്‍, ന്യൂസിലന്‍ഡ്, യു.കെ., കോസ്റ്റാറിക്ക, ടെക്‌സാസ്, കെനിയ, റഷ്യ, ഗ്രീസ്, ഫിന്‍ലാന്‍ഡ്, ബ്രസീല്‍ എന്നീ നാടുകളിലാണ് മറ്റു ചിത്രങ്ങളുടെ തയാറിപ്പ്. ഒരു രാജ്യത്ത് ചിത്രീകരിക്കുന്ന സിനിമയില്‍ അതേ നാട്ടിലെ കുട്ടിയാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഊര്‍ജസ്വലത, ക്യാമറ സൗഹൃദമായ മുഖം, സംസാരം, ചലനങ്ങളിലെ പ്രത്യേകതകള്‍, ചുറ്റവുട്ടവുമായി ഇടപഴകുന്ന രീതി, പഠനമികവ് തുടങ്ങിയവ മാനദണ്ഡങ്ങളാക്കിയാണ് കുട്ടികളെ സിനിമയ്ക്കായി പരിഗണിച്ചത്. ലണ്ടനില്‍നിന്നുള്ള സിംവര്‍ത്ത് ആണ് ക്ഷമ നായികയായുള്ള സിനിമയ്ക്കുവേണ്ടി ശബ്ദലേഖനം നിര്‍വഹിക്കുന്നത്.