മാരത്തണ്‍ നടുക്കം

Posted on: April 17, 2013 5:20 am | Last updated: April 17, 2013 at 12:21 am

വാഷിംഗ്ടണ്‍: സ്‌ഫോടനം രണ്ട് മണിക്കൂര്‍ മുമ്പായിരുന്നെങ്കില്‍ ഞാന്‍ ജീവനോടെയുണ്ടാകുമായിരുന്നോ? – കഴിഞ്ഞ വര്‍ഷം ബോസ്റ്റണ്‍ മാരത്തണ്‍ ജയിച്ച വെസ്‌ലെ കൊറിറില്‍ നിന്ന് നടക്കും വിട്ടൊഴിയുന്നില്ല. ഇത് അഞ്ചാം തവണയാണ് വെസ്‌ലെ കൊറിര്‍ ബോസ്റ്റണിലെ ലോകപ്രശസ്‌കമായ മാരത്തണില്‍ പങ്കെടുക്കാനെത്തിയത്. മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായ അനുഭവമാണ് കെനിയന്‍ താരത്തിന് ഇത്തവണയുണ്ടായത്. എന്നാല്‍, സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ബോസ്റ്റണ്‍ മാരത്തണില്‍ ഭാവിയില്‍ പങ്കെടുക്കാതിരിക്കില്ലെന്ന് കെനിയന്‍ താരം വ്യക്തമാക്കി.
കഴിഞ്ഞ മാസം കെനിയന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വെസ്‌ലെ കൊറിര്‍ തന്റെ രാഷ്ട്രീയ കരിയര്‍ കൂടി മുന്‍നിര്‍ത്തിയാണ് തീരുമാനം കൈക്കൊണ്ടത്. മാരത്തണിനോടുള്ള തന്റെ താത്പര്യത്തെ ഇതൊന്നും തന്നെ ബാധിക്കില്ല, പക്ഷേ ജീവിതത്തില്‍ മാറ്റമുണ്ടാക്കിയേക്കാം-കെനിയന്‍ താരം പറഞ്ഞു. കെനിയന്‍ വനിതാ താരം റിത ജെപ്റ്റുവിന്റെ വിജയം ആഘോഷിക്കുമ്പോഴാണ് സ്‌ഫോടന വാര്‍ത്ത അറിയുന്നത്. ഇതോടെ, ആഘോഷമെല്ലാം വേണ്ടെന്ന് വെച്ചു. വെസ്‌ലെ ഉടനെ ചെയ്തത് തന്റെ ഓട്ടം കാണാന്‍ ബോസ്റ്റണില്‍ എത്തിയ ഭാര്യാ പിതാവുംമാതാവും സുരക്ഷിതരാണോ എന്നന്വേഷിക്കുകയാണ്. യു എസിലെ കെനിയന്‍ അംബാസഡര്‍ മാരത്തണില്‍ പങ്കെടുക്കാനെത്തിയ എട്ട് കെനിയന്‍ താരങ്ങളും സുരക്ഷിതരാണെന്ന് അറിയിച്ചത് വെസ്‌ലെക്ക് പാതി ആശ്വാസം പകര്‍ന്നു.
വര്‍ഷാവര്‍ഷം നടക്കുന്ന ബോസ്റ്റണ്‍ മാരത്തണില്‍ ഇത്തവണ 23000 പേരാണ് പങ്കെടുത്തത്. കാണാന്‍ പതിനായിരങ്ങള്‍ തടിച്ചുകൂടും. പുരുഷ വിഭാഗത്തില്‍ എത്യോപ്യയുടെ ലെലിസ ഡെസിസയാണ് ചാമ്പ്യന്‍. കെനിയയുടെ മിച കോഗോക്ക് രണ്ടാം സ്ഥാനം. 1775 ല്‍ അമേരിക്കന്‍ വിപ്ലവത്തിന് തുടക്കം കുറിച്ച ബോസ്റ്റണ്‍ ടീ പാര്‍ട്ടിയുടെ സ്മരണക്കായി മസാച്യുസെറ്റ്‌സ് സംസ്ഥാനത്ത് സംഘടിപ്പിക്കുന്നതാണ് ബോസ്റ്റണ്‍ മാരത്തണ്‍.
ഞായറാഴ്ച ലണ്ടനില്‍ നടക്കുന്ന മാരത്തണിന് ഇതോടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വേള്‍ഡ് ട്രേസ് സെന്റര്‍ ആക്രമിക്കപ്പെട്ട ദിവസത്തെ അതേ ഭീതിയായിരുന്നു മണിക്കൂറുകളോളം അമേരിക്കയില്‍. സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 140 ലേറെ പേര്‍ക്ക് പരുക്കേറ്റു.