പാക് മുന്‍ പ്രധാനമന്ത്രിയുടെ നാമനിര്‍ദേശ പത്രിക തള്ളി

Posted on: April 17, 2013 6:00 am | Last updated: April 17, 2013 at 12:11 am

ഇസ്‌ലാമാബാദ്: മുന്‍ പ്രധാനമന്ത്രിയും പി പി പി നേതാവുമായ രാജാ പര്‍വേസ് അശ്‌റഫ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയും തള്ളി. ലാഹോര്‍ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് അബ്ദുര്‍റഊഫും ജസ്റ്റിസ് മഅ്മൂനുര്‍റഹ്മാനും അടങ്ങുന്ന ബഞ്ചാണ് അശ്‌റഫിന്റെ പത്രിക തള്ളിയത്.
ലാഹേറിലെ ഗുജര്‍ ഖാന്‍ മണ്ഡലത്തില്‍ മത്സരിക്കാനാണ് അശ്‌റഫ് പത്രിക സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ അനധികൃതമായ സ്വത്ത് കൈവശം വെച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തിന്റെ പത്രിക തള്ളിയത്. വധിക്കെതിരെ സുപ്രീം കോടതിയില്‍ നിയമ നടപടി തേടുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. 62കാരനായ അശ്‌റഫിനെതിരെ പ്രധാനമന്ത്രിയായിരിക്കെ തന്നെ വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. യൂസുഫ് റാസാ ഗീലാനിയെ അയോഗ്യനാക്കിയ ശേഷം പ്രധാനമന്ത്രി പദത്തിലെത്തിയ അശ്‌റഫിനെതിരെ രാജ്യത്തെ ന്യായാധിപന്‍മാര്‍ നിരന്തരം രംഗത്തെത്തിയിരുന്നു.