ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമായി ഒബാമ ചര്‍ച്ചക്കൊരുങ്ങുന്നു

Posted on: April 17, 2013 6:00 am | Last updated: April 17, 2013 at 12:07 am

വാഷിംഗ്ടണ്‍: അതിര്‍ത്തി മേഖലകളില്‍ ഉത്തര കൊറിയയുടെ ഭീഷണി നിലനില്‍ക്കെ, ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമായി യു എസ് പ്രസിഡന്റ് ബരാക് ഒബാമ ചര്‍ച്ചക്കൊരുങ്ങുന്നു. പാര്‍ക് ഗ്യൂന്‍ ഹെയുമായുള്ള ചര്‍ച്ച അടുത്തമാസം ഏഴിനുണ്ടാകുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് പാര്‍ക് യു എസ് സന്ദര്‍ശനത്തിന് തയ്യാറാകുന്നത്. വൈറ്റ് ഹൗസ് വക്താവ് ജേര്‍ കാര്‍നിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ബരാക് ഒബാമയുടെ ഔദ്യോഗിക ക്ഷണം പാര്‍ക്കിന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണ കൊറിയന്‍ അതിര്‍ത്തികളില്‍ യു എസ് സൈനിക സന്നാഹം ശക്തമാക്കി സൈനിക നടപടിക്ക് തയ്യാറെടുക്കുന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതും ഉത്തര കൊറിയയെ ചൊടിപ്പിച്ചിരിക്കുകയാണ്. അമേരിക്കക്കും ദക്ഷിണ കൊറിയക്കുമെതിരെ മിസൈല്‍ ആക്രമണത്തിന് തയ്യാറെടുത്ത് കഴിഞ്ഞിട്ടുണ്ടെന്ന് ഉത്തര കൊറിയയുടെ ഭീഷണി നിലനില്‍ക്കുമ്പോഴാണ് ഒബാമ – പാര്‍ക് ചര്‍ച്ചക്ക് അമേരിക്ക വേദിയൊരുക്കുന്നതെന്നത് ശ്രദ്ധേയമാണ്. അതിനിടെ, അതിര്‍ത്തി മേഖലയില്‍ സൈനിക ആക്രമണം നടത്തുമെന്ന് ഉത്തര കൊറിയ വീണ്ടും മുന്നറിയിപ്പ് നല്‍കി. രാഷ്ട്ര പിതാവിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ ദക്ഷിണ കൊറിയയില്‍ നടന്ന പ്രക്ഷോഭത്തെ ഉത്തര കൊറിയന്‍ നേതാക്കള്‍ ശക്തമായി അപലപിച്ചു. പ്രക്ഷോഭത്തിനിടെ രാഷ്ട്ര നേതാക്കളുടെ കോലം കത്തിച്ചത് തീര്‍ത്തും അപലപനീയമാണെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.