Connect with us

Kerala

വികേന്ദ്രീകരണം രാഷ്ട്രീയ പാര്‍ട്ടികളിലും വേണം: രാഹുല്‍ ഗാന്ധി

Published

|

Last Updated

മുളംകുന്നത്തുകാവ്: അധികാര വികേന്ദ്രീകരണം പാര്‍ട്ടിതലത്തിലും നടപ്പാക്കണമെന്ന് എ ഐ സി സി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കേരളത്തിലെ ജനാധിപത്യ അധികാര വികേന്ദ്രീകരണത്തെക്കുറിച്ചും പങ്കാളിത്ത ആസൂത്രണത്തെക്കുറിച്ചും പഠിക്കുന്നതിന് കിലയിലെത്തിയ രാഹുല്‍ ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തുകയായിരുന്നു. എം എല്‍ എ, എം പി ഫണ്ട് അധികാര വികേന്ദ്രീകരണത്തിന്റെ അര്‍ഥം ഉള്‍ക്കൊണ്ട് പ്രാദേശിക വികസനത്തിനാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ പലപ്പോഴും അതിന് വിരുദ്ധമായ രീതിയിലാണ് ചെലവിടുന്നത്. വികസന പ്രവര്‍ത്തന തലത്തില്‍ വന്നിട്ടുളള അധികാര വികേന്ദ്രീകരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ജനപ്രതിനിധികള്‍ക്ക് എം പിമാരെയും എം എല്‍ എ മാരെയും നിര്‍ണയിക്കുന്നതില്‍ രാഷ്ട്രീയ, പാര്‍ട്ടി ഭേദമില്ലാതെ, യാതൊരു പരിഗണനയും ലഭിക്കുന്നില്ല എന്നത് ഖേദകരമാണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. ഫെഡറല്‍ സംവിധാനമുളള മറ്റ് പല രാജ്യങ്ങളിലും ഉന്നതതല തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നത് പ്രാദേശിക തല നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് അത് നടക്കാത്തത് ആശങ്കാപരമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഘടനയില്‍ അധികാര വികേന്ദ്രീകരണത്തിലൂടെ സാമൂഹിക മാറ്റത്തിന്റെ അനിവാര്യത അദ്ദേഹം ചൂണ്ടിക്കാണിച്ചു. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല, കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി മധുസൂദന്‍ മിസ്ത്രി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.