Connect with us

Gulf

ഭൂചലനം: ഇറാനില്‍ നൂറിലേറെ മരണം

Published

|

Last Updated

ടെഹ്‌റാന്‍: ഇറാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ചലനത്തില്‍ നൂറോളം പേര്‍ മരിച്ചതായാണ് വിവരം. 40 പേരുടെ മരണം ഔദ്യോഗിക ചാനലായ ഇറാന്‍ പ്രസ് ടി വി സ്ഥിരീകരിച്ചു. പാക്കിസ്ഥാനില്‍ 21 പേര്‍ മരിച്ചു. വടക്കേ ഇന്ത്യയിലും ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത്, യമന്‍, യു എ ഇ എന്നീ ഗള്‍ഫ് രാജ്യങ്ങളിലും തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടു.ഇറാനില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സുഹൈദാന്‍ നഗരത്തിലാണ് ഇന്നലെ വൈകീട്ട് 4.20ന് ഭൂചലനമുണ്ടായത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 15.2 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇറാന്‍ നഗരമായ ഖാഷില്‍ നിന്ന് 86 കിലോമീറ്റര്‍ തെക്കു കിഴക്കായാണ് ഇതിന്റെ സ്ഥാനം. രാജ്യത്ത് നാല്‍പ്പത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനിന്ന ചലനത്തെ തുടര്‍ന്ന് ഭയചകിതരായ ആളുകള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി. റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ തുടര്‍ചലനവുമുണ്ടായി. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഇറാനിയന്‍ റെഡ് ക്രസന്റ് അധികൃതര്‍ പറഞ്ഞു. പാക്കിസ്ഥാനില്‍ രണ്ട് കുട്ടികളുള്‍പ്പെടെ 15 പേര്‍ മരിച്ചു. ബലൂചിസ്ഥാന്‍ മേഖലയിലെ പഞ്ച്ഗറില്‍ അഞ്ച് പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നിരവധി വീടുകള്‍ ഇവിടെ തകര്‍ന്നു. ഭൂചലനത്തെ തുടര്‍ന്ന് കറാച്ചിയില്‍ നിരവധി കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു.വടക്കേ ഇന്ത്യയില്‍ ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. ഡല്‍ഹിയില്‍ ഒരു കെട്ടിടം തകര്‍ന്നുവീണു. ഇന്ത്യയില്‍ ആളപായമോ കടുത്ത നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒമാനില്‍ പ്രാദേശിക സമയം 2.44 ഓടെയാണ് ചലനമുണ്ടായത്. ഒമാനില്‍ നിന്ന് 603 കി. മി അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഗുബ്ര, അസൈബ ടൗണുകളിലുള്ളവരെയാണ് ചലനം ഏറെ ബാധിച്ചത്. റൂവി, സൊഹാര്‍, ബുറൈമി, സൂര്‍, ബറക, ജഅലാന്‍, ഖാബൂറ, തുടങ്ങിയ സ്ഥലങ്ങളിലും ഭൂചലനമനുഭപ്പെട്ടു. കഴിഞ്ഞ 37 വര്‍ഷത്തിനിടെ ഒമാനിലുണ്ടാകുന്ന വലിയ ഭൂചലനമാണിത്. ഭൂകമ്പത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളുള്ളതാണ് പുതിയ കെട്ടിടങ്ങളെന്നതിനാലാണ് നാശനഷ്ടങ്ങള്‍ ഒഴിവായത്. മസ്‌കത്ത്, സൊഹാര്‍, ഇബ്‌രി, മുസന്ദം ഭാഗങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. ഇറാനോട് ഏറ്റവും അടുത്ത പ്രദേശമായ മുസന്ദത്തില്‍ നാവിക താവളത്തില്‍ നേരിയ ചലനമുണ്ടായി. സലാല, മസ്‌കത്ത് വിമാനത്താവളങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂചലനമുണ്ടായ ഉടനെ പലയിടത്തും കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നും പാലങ്ങള്‍ തകര്‍ന്നുവെന്നും അഭ്യൂഹം പരന്നെങ്കിലും ഇതിനൊന്നും സ്ഥിരീകരണമില്ലെന്ന് വിവിധ വകുപ്പുകള്‍ അറിയിച്ചു.

ഒമാനിലെ ഭൂചലനം ഇറാനില്‍ 7.9 തീവ്രതയിലുണ്ടായ ഭൂചലനത്തിന്റെ തുടര്‍ച്ചയാണെന്നും സുല്‍ത്താനേറ്റിലെ മിക്കയിടങ്ങളിലും അത് അനുഭവപ്പെട്ടുവെന്നും സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി സീസ്‌മോളജിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ഇസാ ഹുസൈന്‍ പറഞ്ഞു. തുടര്‍ചലനങ്ങള്‍ പ്രതീക്ഷിക്കാമെന്നും എന്നാല്‍ സുനാമി സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്താം തീയതി റിക്ടര്‍ സ്‌കെയിലില്‍ 6.3 രേഖപ്പെടുത്തിയ ചലനത്തില്‍ ഇറാനില്‍ 37 പേര്‍ മരിക്കുകയും 850 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2003 ഡിസംബറില്‍ ബാം നഗരത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 31,000ലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ഇറാനിലെ സ്ഥിരം ഭ്രംശ മേഖലയില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ തുടര്‍ ചലനങ്ങളാണ് യു എ ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഉണ്ടായിരിക്കുന്നതെന്ന് ഭൗമശാസ്ത്ര വിദഗ്ധര്‍ വ്യക്തമാക്കി. ഇറാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ഭൂമിക്കടിയിലെ ശിലാ പാളികളിലെ സ്ഥിരം ഭ്രംശ മേഖലയാണ് ഇത്തവണയും ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.