Connect with us

Editorial

അനാവശ്യമായ കാലതാമസം

Published

|

Last Updated

നീതി ലഭ്യമാക്കുന്നതിലുണ്ടാകുന്ന കാലതാമസം നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ഒരു ശാപമാണെന്ന് പറയാതെ വയ്യ. എന്നിരുന്നാലും ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെട്ടുകൂടെന്ന ഉദാത്തലക്ഷ്യമുള്ള ഇന്ത്യന്‍ ജുഡീഷ്യറി ഇതിനായി ഏര്‍പ്പെടുത്തിയ ഉപാധികളും വ്യവസ്ഥകളും നീതി വൈകുന്നതിന് കാരണമാകാറുണ്ട്. രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതി തന്നെ നീതി ലഭ്യമാക്കുന്നതിലെ കാലതാമസത്തെ ശക്തിയായി വിമര്‍ശിച്ചതാണ്. പലപ്പോഴും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തന്നെ വിമര്‍ശവിധേയമായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ വെള്ളിയാഴ്ച സുപ്രീം കോടതി നടത്തിയ ഒരു സുപ്രധാന വിധിന്യായത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും രാഷ്ട്രപതിയുടെ ഓഫീസിനും നേരെ വിമര്‍ശമുണ്ട്. വധശിക്ഷ നടപ്പാക്കുന്നതിലുണ്ടായ കാലതാമസം പരിഗണിച്ച് തന്റെ ശിക്ഷ ജീവപര്യന്തമാക്കണമെന്ന ഖലിസ്ഥാന്‍ തീവ്രവാദി നേതാവ് ദേവേന്ദര്‍ പാല്‍ സിംഗ് ഭുള്ളറുടെ ഹരജി തള്ളിക്കൊണ്ടാണ് ആഭ്യന്തര മന്ത്രാലയത്തേയും രാഷ്ട്രപതിയുടെ ഓഫീസിനേയും ജസ്റ്റിസുമാരായ ജി എസ് സിംഗ്‌വി, എസ് ജെ മുഖോപാധ്യായ എന്നിവരടങ്ങുന്ന ബഞ്ച് വിമര്‍ശിച്ചത്. വധശിക്ഷയില്‍ ഇളവ് പ്രതീക്ഷിച്ച് സമര്‍പ്പിക്കുന്ന ദയാഹരജികളില്‍ തീരുമാനമെടുക്കുന്നതില്‍ പലപ്പോഴും അനാവശ്യ കാലതാമസം ഉണ്ടാകുന്നുണ്ട്. “ദയാഹരജികളില്‍ തീരുമാനം വൈകുന്നത് മൂലമുള്ള പ്രശ്‌നങ്ങള്‍ യഥാസമയം രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിനെ ബോധ്യപ്പെടുത്തുന്നതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീഴ്ച വരുത്തുന്നതായി” സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതോടൊപ്പംതന്നെയാണ് ദയാഹരജികള്‍ രാഷ്ട്രപതിയുടെ ഓഫീസ് ഗൗരവത്തോടെ കണ്ടില്ലെന്ന പരാമര്‍ശവുമുണ്ടായത്. അതീവ ഗുരുതരമായ നിരീക്ഷണങ്ങളാണ് ഇവ.
യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന എം എസ് ബിട്ടയെ ലക്ഷ്യമിട്ട് 1993ല്‍ ഡല്‍ഹിയില്‍ നടന്ന കാര്‍ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ 2001 ആഗസ്റ്റിലാണ് വിചാരണാ കോടതി ഭുള്ളറെ വധശിക്ഷക്ക് വിധിച്ചത്. 2002ല്‍ ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചു. തുടര്‍ന്ന് ഭുള്ളര്‍ റിവ്യു ഹരജി, തിരുത്തല്‍ ഹരജി എന്നിവയുമായി രംഗത്ത് വന്നു. 2013 മാര്‍ച്ചില്‍ അവയും സുപ്രീം കോടതി തള്ളി. അതിനിടയില്‍ 2003ല്‍ തന്നെ ഭുള്ളര്‍ രാഷ്ട്രപതിക്ക് ദയാഹരജി നല്‍കിയിരുന്നു. എന്നാല്‍, അതില്‍ തീര്‍പ്പുണ്ടായത് എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം 2011ലാണ്. ഈ കാലതാമസം ക്രൂരതയും ഭരണഘടനയുടെ 21 ാം വകുപ്പ് പ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനവുമാണെന്നായിരുന്നു ഭുള്ളറുടെയും മനുഷ്യാവകാശ സംഘടനകളുടെയും വാദം. വധശിക്ഷയും കാത്ത് വര്‍ഷങ്ങളോളം തടവില്‍ കഴിയേണ്ടിവന്നതിനെത്തുടര്‍ന്നുള്ള മാനസിക സംഘര്‍ഷം കാരണം ഭുള്ളര്‍ മാനസികാരോഗ്യ ചികിത്സയിലാണ്. പ്രതി മാനസികമായും ശാരീരികമായും ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ പ്രഖ്യാപിക്കുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്ന് നിയമം അനുശാസിക്കുന്നുണ്ട്. പ്രതിയുടെ ശിക്ഷ നടപ്പാക്കുന്നതിലും അതോടൊപ്പം ഇരകള്‍ക്ക് നീതി ലഭ്യമാക്കുന്നതിലുമുള്ള കാലതാമസത്തിന് കാരണം ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാം. ഇതൊക്കെയാണെങ്കിലും, കേന്ദ്ര ആഭ്യന്തര മന്ത്രാലയവും രാഷ്ട്രപതിയുടെ ഓഫീസും കാര്യങ്ങള്‍ ഗൗരവപൂര്‍വം കണ്ടിരുന്നെങ്കില്‍ ഈ കാലതാമസം ഒഴിവാക്കാമായിരുന്നുവെന്ന കോടതിയുടെ നിരീക്ഷണം സുപ്രധാനമാണ്.
അതേസമയം തന്നെ, മറ്റുള്ളവരോട് ദയയോ സഹാനുഭൂതിയോ കാണിക്കാതിരുന്നവര്‍ ദയാ ഹരജി നല്‍കുന്നത് വൈരുധ്യമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഭുള്ളര്‍ക്കെതിരെ ചുമത്തപ്പെട്ട കാര്‍ ബോംബ് സ്‌ഫേടനത്തില്‍ ഒമ്പത് നിരപരാധികളാണ് മരിച്ചത്. 36 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ നിരപരാധികളെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കാനാകും? തൂക്കുകയര്‍ മുന്നില്‍ക്കണ്ട് ഏകാന്തവാസത്തില്‍ കഴിയുകയെന്നത് തീര്‍ച്ചയായും ക്രൂരതയാണ്. ജീവനെടുക്കാനുള്ള മുഹൂര്‍ത്തത്തിനായുള്ള കാത്തിരിപ്പ് ആരേയും മാനസികമായും ശാരീരികമായും തകര്‍ത്തുകളയും. അവര്‍ ദയ അര്‍ഹിക്കുന്നുമുണ്ട്. എന്നാല്‍, നിരപരാധികളാണെന്നറിഞ്ഞിട്ടും, കൈയറപ്പില്ലാതെ ഭീകരകൃത്യങ്ങള്‍ നടത്താന്‍ മടിക്കാത്തവര്‍ ദയ അര്‍ഹിക്കുന്നതേയില്ല. ഇത് അതിസങ്കീര്‍ണമായ ആശയക്കുഴപ്പമാണെന്ന് വിശേഷിപ്പിക്കാം. വധശിക്ഷക്കെതിരെ ലോകമെമ്പാടും ശബ്ദമുയരുന്നത് പോലെ ഇന്ത്യയിലും മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ സജീവമാണ്. കഴിഞ്ഞ നവംബര്‍ വരെയുള്ള എട്ട് വര്‍ഷങ്ങളില്‍ രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിരുന്നില്ല. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനേയും പാര്‍ലിമെന്റ് ആക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിനേയുമാണ് അതിനു ശേഷം വധശിക്ഷക്കിരയാക്കിയത്. ഈ സംഭവങ്ങള്‍ രാജ്യത്തും വിദേശത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. “ജീവന്‍ തിരിച്ചു നല്‍കാന്‍ കഴിയാത്തവര്‍ക്ക് ജീവനെടുക്കാനും അവകാശമില്ലെ”ന്ന വാദം അര്‍ഥഗര്‍ഭമാണ്. ഇത് ഭരണകൂടത്തിനും വ്യക്തികള്‍ക്കും ബാധകമാണ്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി നമുക്ക് നല്‍കിയ അഹിംസാ സിദ്ധാന്തം നല്‍കുന്ന പാഠവും അതാണ്.

Latest