ആവേശമായി എസ് എസ് എഫ് പതാക ജാഥ ജില്ലയില്‍ പ്രയാണം തുടങ്ങി

Posted on: April 13, 2013 6:32 am | Last updated: April 13, 2013 at 12:33 am

കല്‍പ്പറ്റ: ഗ്രാമ നഗരവീഥികളെ എസ് എസ് എഫ് സമ്മേളനത്തിന്റെ ആവേശത്തിലേക്ക് ആവാഹിച്ച് പതാകജാഥകള്‍ ജില്ലയില്‍ പ്രയാണം തുടങ്ങി. നൂറിലേറെ വരുന്ന ഐടീം കേഡറ്റുകള്‍ പതാകയേന്തി കാല്‍നടയായി നീങ്ങിയപ്പോള്‍ നാടിനത് പുതുമയുള്ള കാഴ്ചയായി.

മീനമാസത്തിലെ കൊടുംചൂടിനെ അവഗണിച്ച് എസ് എസ് എഫിന്റെ കര്‍മഭടന്മാര്‍ അടിവെച്ച് നീങ്ങിയപ്പോള്‍ സമരപോരാട്ട ചരിത്രത്തില്‍ ത്രസിപ്പിക്കുന്ന അധ്യായം വിരചിതമാവുകയായിരുന്നു. കഴിഞ്ഞ ദിവസം നീലഗിരി ജില്ലയിലെ ഊട്ടിയില്‍ നിന്നും സയ്യിദ് യൂസുഫുല്‍ ബുഖാരി തങ്ങളും വയനാട്ടിലെ കാട്ടിച്ചിറക്കലില്‍ നിന്നും സമസ്ത കേന്ദ്രാമുശാവറ അംഗം പി ഹസന്‍ ഉസ്താദും കൈമാറിയ പതാകജാഥകള്‍ ഇന്നലെ വൈകിട്ട് ആറിന് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയിലെത്തി. ആവേശം തണുക്കാതെ മുദ്രാവാക്യം മുഴക്കി നീങ്ങിയ പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ നൂറുകണക്കിനാളുകള്‍ റോഡിനിരുവശവും തടിച്ചുകൂടിയിരുന്നു.
സുല്‍ത്താന്‍ ബത്തേരി ചുങ്കം മഖാം സിയാറത്തോടെ ആരംഭിച്ച പ്രയാണത്തിന് ഉമര്‍ സഖാഫി ചെതലയം, ശമീര്‍ ബാഖവി പരിയാരം, ശാഹിദ് സഖാഫി വെള്ളിമാട്, ശമീര്‍ തോമാട്ടുചാല്‍, മുഖ്താര്‍ ജൗഹരി, ഫൈസല്‍ കുറ്റിക്കൈത, ഹമീദ് മിസ്ബാഹി എന്നിവരുടെ നേതൃത്വത്തിലും കാട്ടിച്ചിറക്കല്‍ മഖാം സിയാറത്തോടെ ആരംഭിച്ച വയനാട്ടില്‍ നിന്നുള്ള ജാഥക്ക് ജമാലുദ്ദീന്‍ സഅദി പള്ളിക്കല്‍, ഉബൈദ് കുന്നളം, റഫീഖ് കുപ്പാടിത്തറ, റഫീഖ് സഖാഫി, ഹനീഫ സഖാഫി, അബ്ദുല്‍ ലത്വീഫ് മദനി, ഇബ്‌റാഹീം തരുവണ, ഇഖ്ബാല്‍ തലപ്പുഴ, മൊയ്തു മിസ്ബാഹി എന്നിവരും നേതൃത്വം നല്‍കി. ജാഥ ഇന്ന് കാലത്ത് എട്ടിന് കല്‍പ്പറ്റയില്‍ നിന്നും ജില്ലാ പ്രസിഡന്റ് ബശീര്‍ സഅദി നെടുങ്കരണയുടെ നേതൃത്വത്തില്‍ അടിവാരത്തേക്ക് യാത്ര തിരിക്കും.
മനാഫ് അച്ചൂര്‍, അബ്ദുര്‍റസാഖ് കാക്കവയല്‍, മുഈനുദ്ദീന്‍, അബ്ദുസ്സലാം സഖാഫി പിണങ്ങോട്, ശരീഫ് കോളിച്ചാല്‍, അബ്ദുര്‍റഹ്മാന്‍ ഫാളിലി, അശ്‌റഫ് സഖാഫി വാര്യാട്, സൈനുദ്ദീന്‍ സഖാഫി എന്നിവരും ജാഥയില്‍ അണിനിരക്കും. ചുണ്ടേല്‍, വൈത്തിരി, പഴയ വൈത്തിരി തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങളിലൂടെ രണ്ട് പതാകകളും കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അടിവാരത്ത് നിന്നും കോഴിക്കോട് ജില്ലാ നേതാക്കള്‍ക്ക് കൈമാറും.