Connect with us

Sports

ഹര്‍ഭജന്‍ പിറകില്‍ നിന്ന് കുത്തുകയായിരുന്നുവെന്ന് ശ്രീശാന്ത്; അല്ലെന്ന് അന്വേഷണ കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം മുമ്പ് ഐ പി എല്ലില്‍ നടന്ന ചെകിട്ടത്തടിയുടെയും ഏങ്ങിക്കരച്ചിലിന്റെയും വിവാദം ശ്രീശാന്ത് വീണ്ടും കത്തിക്കുന്നു. അന്ന് ഹര്‍ഭജന്‍ സിംഗ് തന്നെ തല്ലിയിട്ടില്ലെന്നും കൈമുട്ടുകൊണ്ട് ഇടിക്കുകയാണ് ചെയ്തതെന്നും. ഹര്‍ഭജന്‍ പിറകില്‍ നിന്ന് കുത്തുന്ന സ്വഭാവക്കാരനാണെന്നും ശ്രീശാന്ത് ട്വിറ്ററിലൂടെ വെളിപ്പെടുത്തി.

ഹര്‍ഭജനെ മോശക്കാരനാക്കാനല്ല പുതിയ വെളിപ്പെടുത്തലെന്നും സത്യം ലോകമറിയണമെന്ന് നിര്‍ബന്ധമുള്ളതു കൊണ്ടാണിതെന്നും ശ്രീശാന്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ഐ പി എല്ലില്‍ ഗൗതം ഗംഭീറും വിരാട് കോഹ്‌ലിയും ഗ്രൗണ്ടില്‍ ഇടഞ്ഞതിന് പിന്നാലെയാണ് ശ്രീശാന്ത് അടഞ്ഞ അധ്യായം വീണ്ടും തുറന്നത്. എന്നാല്‍, ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഹര്‍ഭജന്‍ സിംഗ് വിസമ്മതിച്ചു. അതേ സമയം ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍ ശരിയല്ലെന്ന് മുഖത്തടിവിവാദം അന്വേഷിച്ച ജസ്റ്റിസ് സുധീര്‍ നാനാവതി ചൂണ്ടിക്കാട്ടി.
ഹര്‍ഭജന്‍ ശ്രീശാന്തിന്റെ മുഖത്തടിക്കുകയായിരുന്നു. കൈമുട്ടുകൊണ്ട് താങ്ങുകയോ, പിറകില്‍ നിന്ന് കുത്തുകയോ ചെയ്തില്ല. മത്സരം കഴിഞ്ഞയുടനെ ശ്രീശാന്ത് ഹര്‍ഭജന്റെ പക്കലേക്ക് ഹസ്തദാനത്തിന് ചെന്നു. യാതൊരു പ്രകോപനവും ശ്രീശാന്തിന്റെ പക്കല്‍ നിന്നുണ്ടായിരുന്നില്ല. പക്ഷേ, ഹര്‍ഭജന്‍ പുറംകൈകൊണ്ട് തൊഴിക്കുകയായിരുന്നു. രണ്ട് സുരക്ഷാഉദ്യോഗസ്ഥരാണ് ഹര്‍ഭജനെ തടഞ്ഞത്. അന്വേഷണ സമയത്ത് ഹര്‍ഭജന്‍ ഇക്കാര്യം തുറന്നു സമ്മതിച്ചതാണ്. ആ വീഡിയോ ഫൂട്ടേജ് കണ്ടപ്പോള്‍ താന്‍ ശരിക്കും ഞെട്ടിയെന്നും നാനാവതി പറഞ്ഞു. പഞ്ചാബ് കിംഗ്‌സ് ഇലവന്‍ താരമായിരുന്ന ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് കാണിച്ചാണ് നാനാവതി ബി സി സി ഐക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
shreesanthമുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടതിന്റെ മുഴുവന്‍ ദേഷ്യവും ഹര്‍ഭജന്‍ തനിക്ക് മേല്‍ തീര്‍ക്കുകയായിരുന്നുവെന്നും എന്നാല്‍, എല്ലാവരും താന്‍ വികാരാധീനനായെന്ന് കുറ്റപ്പെടുത്തുകയാണുണ്ടായത്. എല്ലാവരാലും ആരാധിക്കപ്പെടുന്ന ഒരാള്‍, യാതൊരു പ്രകോപനവുമില്ലാതെ പിറകില്‍ നിന്ന് കുത്തുമ്പോള്‍ എങ്ങനെ വികാരാധീനനാകാതിരിക്കും-ശ്രീശാന്ത് ട്വിറ്റര്‍ പേജില്‍ തന്റെ കരച്ചിലിനെ ന്യായീകരിക്കുന്നു. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായ ശ്രീശാന്ത് ബി സി സി ഐ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടാല്‍ സത്യം വ്യക്തമാകുമെന്ന് പറഞ്ഞു. ശ്രീശാന്തിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ ഐ പി എല്ലില്‍ വീണ്ടും വിവാദം നിറച്ചിരിക്കുകയാണ്. ബി സി സി ഐ അന്വേഷിച്ച് തീര്‍പ്പുകല്പിച്ച ഒരു വിഷയത്തില്‍ ശ്രീശാന്ത് അഭിപ്രായപ്രകടനം നടത്തിയത് താരത്തെ തിരിഞ്ഞുകൊത്തുമോ എന്ന് മാത്രമേ ഇനി അറിയാനുള്ളൂ. പതിനേഴിന് രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ വരുമ്പോള്‍ ശ്രീശാന്ത്-ഹര്‍ഭജന്‍ കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങും. ഈ മത്സരത്തിന്റെ ആവേശം ശ്രീശാന്ത് ഉയര്‍ത്തിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest