ദേശീയപാതയില്‍ പുതുപ്പാടി ഭാഗത്ത് മൂന്ന് മണിക്കൂറിനിടെ നാല് അപകടങ്ങള്‍

Posted on: April 12, 2013 12:52 pm | Last updated: April 12, 2013 at 12:52 pm

താമരശ്ശേരി: കോഴിക്കോട്- ബംഗളൂരു ദേശീയപാതയില്‍ പുതുപ്പാടി ഭാഗത്ത് രണ്ട് കിലോമീറ്ററിനുള്ളില്‍ മൂന്ന് മണിക്കൂറിനിടെ നാല് അപകടങ്ങള്‍. ദേശീയപാതയില്‍ പുതുപ്പാടി മലപുറം എല്‍ പി സ്‌കൂളിന് സമീപവും മലപുറം ജുമുഅത്ത് പള്ളിക്ക് സമീപവും പെരുമ്പള്ളി അങ്ങാടിയിലും സബ് സ്റ്റേഷന് സമീപത്തുമാണ് മണിക്കൂറുകള്‍ക്കിടെ അപകടങ്ങള്‍ സംഭവിച്ചത്.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെ മലപുറം എല്‍ പി സ്‌കൂളിന് സമീപത്തുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ താമരശ്ശേരി പരപ്പന്‍പൊയില്‍ വാടിക്കല്‍ കരുമ്പാരതൊടുകയില്‍ രാമചന്ദ്രനാണ് (45) മരിച്ചത്. മകന്‍ മിഥുന് (16) നിസ്സാര പരുക്കേറ്റു. രാമചന്ദ്രന്‍ ഓടിച്ച സ്‌കൂട്ടര്‍ മുന്നിലുണ്ടായിരുന്ന കാറിലിടിച്ച് എതിരെ വന്ന കെ എസ് ആര്‍ ടി സി ബസിനുള്ളിലേക്ക് പതിക്കുകയായിരുന്നു.
പതിനൊന്ന് മണിയോടെ പെരുമ്പള്ളി അങ്ങാടിയില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചെങ്കിലും യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പന്ത്രണ്ട് മണിയോടെ സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുകയായിരുന്ന ജയന്തി ജനത ബസിന്റെ മുന്‍ചക്രം മലപുറം ജുമുഅത്ത് പള്ളിക്ക് സമീപത്തെ വളവില്‍ നിന്ന് ഊരിത്തെറിച്ചു. നിറയെ യാത്രക്കാരുണ്ടായിരുന്ന ബസ് ടയറില്ലാതെ ഇരുപത് മീറ്ററോളം മുന്നോട്ടു നീങ്ങിയാണ് നടുറോഡില്‍ നിന്നത്.
ഊരിത്തെറിച്ച ടയര്‍ ബസ് നിന്ന സ്ഥലത്ത് നിന്ന് ഇരുപത് മീറ്ററിലധികം മുന്നോട്ടുരുണ്ട് റോഡിന്റെ മറുവശത്ത് ജുമുഅത്ത് പള്ളിയുടെ കവാടത്തിലാണ് നിന്നത്. ഈ സമയം റോഡിലൂടെ മറ്റു വാഹനങ്ങള്‍ വരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇതേ സമയം തന്നെ പെരുമ്പള്ളി സബ് സ്റ്റേഷന് സമീപത്തെ വളവില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ക്ക് പരുക്കേറ്റു. കോഴിക്കോട് നിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ് ബൈക്കിനെ മറികടക്കുന്നതിനിടെയാണ് അപകടം. പരുക്കേറ്റ കോഴിക്കോട് പറമ്പില്‍ ബസാര്‍ പാലേത്ത്‌പൊയില്‍ സിറാജുദ്ദീന്‍ (31), ഭാര്യ നുജൂമ (27) എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.