Connect with us

Ongoing News

ഫിഫ റാങ്കിംഗ്: ബ്രസീല്‍ 19; ക്രൊയേഷ്യ 4; ഇന്ത്യ 143

Published

|

Last Updated

fiffസൂറിച്: പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ക്രൊയേഷ്യ ഫിഫ റാങ്കിംഗില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു. 1998 ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരായപ്പോഴായിരുന്നു ക്രൊയേഷ്യ മുമ്പ് നാലാം റാങ്കിംഗില്‍ എത്തിയത്.വെയില്‍സ്, സ്‌കോട്‌ലന്‍ഡ് ടീമുകള്‍ക്കെതിരെ നേടിയ ലോകകപ്പ് യോഗ്യതാ റൗണ്ട് ജയമാണ് ക്രൊയേഷ്യയെ കുതിപ്പിച്ചത്. അതേ സമയം, സൗഹൃദഫുട്‌ബോളില്‍ ബൊളിവിയയെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ചതൊന്നും ഫിഫ റാങ്കിംഗില്‍ ബ്രസീലിന് തുണയായില്ല. ഒരു സ്ഥാനം ഇറങ്ങിയ മുന്‍ ഫുട്‌ബോള്‍ പ്രതാപികള്‍ പത്തൊമ്പതാം റാങ്കിലേക്ക് താഴ്ന്നു.
അടുത്ത വര്‍ഷം ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ബ്രസീലിന് ഈ റാങ്കിംഗ് ഒട്ടും ആശ്വാസകരമല്ല. മാര്‍ച്ച് അവസാനം നടന്ന മത്സരങ്ങളില്‍ ഇറ്റലിയോടും റഷ്യയോടും സമനില വഴങ്ങിയതാണ് ബ്രസീലിന് തിരിച്ചടിയായത്. മാത്രവുമല്ല, ആതിഥേയര്‍ എന്ന നിലക്ക് ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ ബ്രസീലിന് യോഗ്യതാ റൗണ്ട് കളിക്കേണ്ടതില്ല.
പകരം, സൗഹൃദ മത്സരങ്ങളിലൂടെയാണ് ടീം തയ്യാറെടുക്കുന്നത്. യോഗ്യതാ മത്സരങ്ങളെ അപേക്ഷിച്ച് സൗഹൃദ മത്സരങ്ങള്‍ക്ക് ഫിഫ റാങ്കിംഗില്‍ പോയിന്റ് കണക്കാക്കുന്നത് കുറഞ്ഞ നിരക്കിലാണ്. ലോകചാമ്പ്യന്‍മാരും യൂറോപ്യന്‍ ചാമ്പ്യന്‍മാരുമായ സ്‌പെയിന്‍ തന്നെയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്.
ജര്‍മനി രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ അര്‍ജന്റീന മൂന്നാം സ്ഥാനം കൈവിട്ടില്ല. അഞ്ച് സ്ഥാനം കയറി നാലാം റാങ്കിലെത്തിയ ക്രൊയേഷ്യ നേട്ടമുണ്ടാക്കി. ഏഴാം റാങ്കില്‍ നിന്ന് പോര്‍ച്ചുഗല്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ നാലാം സ്ഥാനത്തുണ്ടായിരുന്ന ഇംഗ്ലണ്ട് ഏഴാം സ്ഥാനത്തേക്കിറങ്ങി.
കൊളംബിയ ആറാം സ്ഥാനം കാത്തു. അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഇറ്റലി എട്ടാം സ്ഥാനത്തേക്കും എട്ടാം സ്ഥാനത്തായിരുന്ന ഹോണ്ട് ഒമ്പതാം റാങ്കിലേക്കും ഇറങ്ങി. ഒരു സ്ഥാനം മെച്ചപ്പെടുത്തി ഇക്വഡോര്‍ പത്താം സ്ഥാനത്ത്. ഫിഫ റാങ്കിംഗ് ചരിത്രത്തില്‍ ആദ്യമായാണ് ഇക്വഡോര്‍ ആദ്യ പത്തില്‍ ഇടം പിടിക്കുന്നത്.
വെനെസ്വേല (36), പനാമ(38), അല്‍ബാനിയ(48), ഇക്വിറ്റോറിയല്‍ ഗിനിയ(59), താജിക്കിസ്ഥാന്‍(112), അഫ്ഗാനിസ്ഥാന്‍(139) എന്നിവരും അവരവരുടെ മികച്ച റാങ്കിംഗിലാണ്.യോഗ്യതാ റൗണ്ടില്‍ സ്‌കോട്‌ലന്‍ഡിനെ കീഴടക്കിയ വെയില്‍സ് 22 സ്ഥാനം കയറി 49താം റാങ്കിലേക്കുയര്‍ന്നു.
ഏഷ്യന്‍ കോണ്‍ഫെഡറേഷനിലെ മികച്ച ടീമായ ജപ്പാന് മൂന്ന് സ്ഥാനം നഷ്ടമായി 29താം റാങ്കിലേക്ക് വീണു. ദക്ഷിണകൊറിയ(42), ആസ്‌ത്രേലിയ (46) എന്നിവരാണ് ടോപ് 50യില്‍ ഇടം നേടിയ മറ്റ് ഏഷ്യന്‍ ടീമുകള്‍. ആഫ്രിക്കന്‍ ടീം ഐവറികോസ്റ്റ് പന്ത്രണ്ടാം സ്ഥാനത്തും കോണ്‍കകാഫ് പ്രതിനിധിയായ മെക്‌സിക്കോ പതിനാലാം സ്ഥാനത്തും.

ഇന്ത്യക്ക് ആറ് സ്ഥാനം നഷ്ടം
ഫിഫയുടെ പുതിയ റാങ്കിംഗില്‍ ഇന്ത്യക്ക് ആറ് സ്ഥാനങ്ങള്‍ നഷ്ടം. 143 ല്‍ നിന്ന് 149 ലേക്കാണ് പതനം. മ്യാന്‍മറിനോട് 1-0ന് തോറ്റതിന് ശേഷം മറ്റ് സൗഹൃദ മത്സരങ്ങളൊന്നും തന്നെ കളിക്കാഞ്ഞതാണ് ഇന്ത്യയുടെ ഇറക്കത്തിന് കാരണം. സെപ്തംബറില്‍ 164ാം സ്ഥാനത്തുള്ള മലേഷ്യക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ഫിഫ കലണ്ടര്‍ മത്സരം. എന്നാല്‍, ജൂണില്‍ സൗഹൃദ മത്സരം സംഘടിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഏഷ്യയിലെ റാങ്കിംഗില്‍ ഇന്ത്യ ഇരുപത്തഞ്ചാം സ്ഥാനത്താണ്. ബംഗ്ലാദേശ്(154), പാക്കിസ്ഥാന്‍ (168), ശ്രീലങ്ക(172), നേപ്പാള്‍(171) എന്നിവരാണ് ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് പിറകിലുള്ള ഏഷ്യന്‍ ടീമുകള്‍.

Latest