മമതയുടെത് പക്വതയില്ലാത്ത മുഖ്യമന്ത്രിയുടെ പൊറാട്ട് നാടകം: പിണറായി വിജയന്‍

Posted on: April 11, 2013 6:00 am | Last updated: April 11, 2013 at 1:29 am

പെരുവയല്‍: ഡല്‍ഹിയില്‍ മമത നടത്തിയത് അപക്വമതിയായ മുഖ്യമന്ത്രിയുടെ പൊറാട്ട് നാടകമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കുരിക്കത്തൂരില്‍ സി പി എം ബ്രാഞ്ച് കമ്മിറ്റി ഓഫീസായ സാമിയേട്ടന്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളില്‍ മമതയെ അധികാരത്തിലെത്തിക്കാന്‍ പിന്തുണച്ചവര്‍ക്കു തന്നെ അവരെ സഹിക്കാന്‍ വയ്യാതായിരിക്കുന്നു. ജനാധിപത്യ മര്യാദ അവര്‍ പാലിക്കുന്നില്ല. സാഹിത്യകാരന്‍മാരെയും കാര്‍ട്ടൂണിസ്റ്റുകളെയും രാഷ്ട്രീയക്കാരെയും പീഡിപ്പിക്കുന്നു. ഒരു വിദ്യാര്‍ഥി നേതാവിനെ കൊലപ്പെടുത്തിയതിന്റെ പ്രതിഷേധം എത്ര ശക്തമായിരുന്നെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. പ്രതിഷേധത്തെ വക്രീകരിക്കാനാണവര്‍ ശ്രമിച്ചത്. ഡല്‍ഹിയില്‍ വി ഐ പി കവാടം ഒഴിവാക്കുകയായിരുന്നു മമത. പോലീസുകാരുടെ സുരക്ഷാനിര്‍ദേശം പാടെ അവഗണിച്ചു. ടി പി ബാലകൃഷ്ണന്‍നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി ടി പി രാമകൃഷ്ണന്‍ പതാക ഉയര്‍ത്തി. എളമരം കരിം എം എല്‍ എ ഫോട്ടോ അനാച്ഛാദനം ചെയ്തു. കെ ചന്ദ്രന്‍ ലൈബ്രറി ഉദ്ഘാടനം നിര്‍വഹിച്ചു. ടി വേലായുധന്‍ സ്വാഗതം പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ബഹുജനറാലി പെരുവഴിക്കടവില്‍ നിന്നാരംഭിച്ച് കുരിക്കത്തൂരില്‍ സമാപിച്ചു.

ALSO READ  അനന്തരം, ഹിന്ദുത്വ വര്‍ഗീയതയെ ഒളിച്ചുകടത്തും