ഐ ലീഗ്: ഇഞ്ച്വറി ടൈമില്‍ ബഗാന് ജയം

Posted on: April 11, 2013 6:00 am | Last updated: April 11, 2013 at 12:01 am

കല്യാണി: ഐ ലീഗ് ഫുട്‌ബോളില്‍ മുംബൈ എഫ് സിക്കെതിരെ മോഹന്‍ ബഗാന് ഇഞ്ച്വറി ടൈമില്‍ ആവേശ ജയം (3-2). നിശ്ചിത സമയത്തിന് ശേഷം അധികം അനുവദിച്ച ആറാം മിനുട്ടില്‍ നൈജീരിയന്‍ സ്‌ട്രൈക്കര്‍ ഒഡാഫ ഒകോലിയാണ് ബഗാന് ജയമൊരുക്കിയത്.

ഇതോടെ, 20 മത്സരങ്ങളില്‍ പത്തൊമ്പത് പോയിന്റെടുത്ത ബഗാന്‍ തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് കരകയറി. മുപ്പത്തഞ്ചാം മിനുട്ടില്‍ ടോള്‍ഗെ ഒസ്‌ബെയിലൂടെ ലീഡെടുത്ത ബഗാന്‍ അമ്പത്തിരണ്ടാം മിനുട്ടില്‍ ഒകോലിയുടെ ആദ്യ ഗോളില്‍ ലീഡ് ഉയര്‍ത്തി (2-0). ഡാരന്‍ കാല്‍ഡെയ്‌റ (56), ജോണ്‍ കൗട്ടീഞ്ഞോ (88) എന്നിവര്‍ മുംബൈ എഫ് സിക്ക് തിരിച്ചുവരവൊരുക്കി (2-2). ഇതോടെ മത്സരം ആവേശകരമായി.
ആദ്യകുതിയില്‍ ബഗാനായിരുന്നു ആധിപത്യം.ഹോം ഗ്രൗണ്ടില്‍ തുടരെ അവസരങ്ങള്‍ സൃഷ്ടിച്ച ബഗാന് ആസ്‌ത്രേലിയന്‍ സ്‌ട്രൈക്കര്‍ ടോള്‍ഗെയുടെ ഫിനിഷിംഗ് മാത്രമാണ് തുണയായത്. സ്‌നേഹാശിഷിന്റെ ത്രൂ ബോള്‍ സ്വീകരിച്ച ആസ്‌ത്രേലിയന്‍ സ്‌ട്രൈക്കര്‍ ഇടങ്കാലന്‍ ഷൂട്ടിംഗില്‍ മുംബൈ എഫ് സി ഗോള്‍കീപ്പര്‍ കുണാല്‍ സാവന്തിനെ കീഴടക്കി. നാല്‍പതാം മിനുട്ടില്‍ തന്നെ ബഗാന് ലീഡുയര്‍ത്താനുള്ള അവസരം. എന്നാല്‍, അവരുടെ മുഖ്യ സ്‌ട്രൈക്കര്‍ ഒഡാഫ പെനാല്‍റ്റി കിക്ക് നഷ്ടമാക്കി. ടോള്‍ഗെയെ ബോക്‌സിനുള്ളില്‍ അശുതോഷ് മെഹ്ത വീഴ്ത്തിയതിനായിരുന്നു സ്‌പോട് കിക്ക് ലഭിച്ചത്. പത്ത് മിനുട്ടിനുള്ളില്‍ ഒഡാഫ മറ്റൊരു സുവര്‍ണാവസരവും പാഴാക്കി. സഈദ് റഹീം നബിയുടെ ക്രോസ്‌ബോള്‍ ഹെഡ് ചെയ്ത ഒഡാഫ പന്ത് നേരെ ഗോളിയുടെ കൈകളിലെത്തിച്ചു. രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്തോടെ തിരിച്ചെത്തിയ ബഗാന്‍ ലീഡ് നേടി. ഇത്തവണ ഒഡാഫക്ക് പിഴച്ചില്ല. ടോള്‍ഗെയുടെ പാസില്‍ ക്ലീന്‍ ഫിനിഷിംഗ്. എന്നാല്‍, പ്രതിരോധ നിരയുടെ പിഴവുകള്‍ക്ക് ബഗാന്‍ വലിയ വില നല്‍കേണ്ടി വന്നു. യൂസിഫ് യാകൂബി ബഗാന്റെ ഓഫ് സൈഡ് കെണി പൊളിച്ച് നല്‍കിയ പാസില്‍ ഡാരെന്‍ കാല്‍ഡെയ്‌റ മുംബൈ എഫ് സിയുടെ ആദ്യ ഗോള്‍ നേടി. ഫൈനല്‍വിസിലിന് രണ്ട് മിനുട്ട് ശേഷിക്കെ ജോണ്‍ കൗട്ടിഞ്ഞോയിലൂടെ സമനില ഗോള്‍. ഒഡാഫ ഇഞ്ച്വറി ടൈമില്‍ ബഗാന് ജയം കൊണ്ടു വന്നതോടെ പാഴാക്കിയ അവസരങ്ങള്‍ വിസ്മൃതിയിലായി.