Connect with us

Editorial

കേരളത്തിന്റെ വാര്‍ഷിക പദ്ധതി വിഹിതം

Published

|

Last Updated

കേരളത്തിന്റെ 17,000 കോടി രൂപയുടെ വാര്‍ഷിക അടങ്കലിന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കിയിരിക്കയാണ്. കഴിഞ്ഞ വര്‍ഷത്തെ 14.010 രൂപയെ അപേക്ഷിച്ച് 21.34 ശതമാനം വര്‍ധനയുണ്ട് പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള നീക്കിയിരിപ്പിന്. കേരളം സമര്‍പ്പിച്ച പദ്ധതി അടങ്കല്‍ ആസൂത്രണ കമ്മീഷന്‍ അതേപടി അംഗീകരിച്ചതായി ഇക്കാര്യം വെളിപ്പെടുത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുകയുണ്ടായി.
ന്യൂനപക്ഷങ്ങള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കുമുള്ള വിഹിതത്തിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന- 93 ശതമാനം. ന്യൂനപക്ഷ ക്ഷേമത്തിന് 40 കോടിയും പിന്നാക്ക വിഭാഗത്തിന് 60 കോടിയും മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 കോടിയുമാണ് വകയിരുത്തിയത്. ഒരു നാടിന്റെ വികസനം അവിടുത്തെ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ വളര്‍ച്ചയെയും ക്ഷേമത്തെയും അടിസ്ഥാനപ്പെടുത്തിയാണ് വിലയിരുത്തേണ്ടത്. വിദ്യാഭ്യാസ, ക്ഷേമ, തൊഴില്‍ മേഖലകളില്‍ കേരളത്തിലെ ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ പരിതാപകരമാണെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ കമ്മീഷനുകളെല്ലാം വ്യക്തമാക്കിയതാണ്. ഇതടിസ്ഥാനത്തില്‍ ഈ മേഖലക്ക് തന്നെയാണ് കൂടുതല്‍ തുക വകയിരുത്തേണ്ടതും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയോളം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഈ തുകയും അപര്യാപ്തമാണ്.
മൊത്തം തുകയില്‍ ഇരുപത് ശതമാനം കൃഷിക്കും അനുബന്ധ മേഖലക്കുമാണ് വകയിരുത്തിയത്. ഈയിനത്തില്‍ 1409.55 കോടി നീക്കിവെച്ച ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്കുറവില്‍ ആശങ്ക രേഖപ്പെടുത്തുകയും നെല്‍ കൃഷി ഊര്‍ജിതപ്പെടുത്താനുള്ള സംസ്ഥാനത്തിന്റെ പദ്ധതികള്‍ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുകയുമുണ്ടായി. കേരളീയരില്‍ ബഹുഭൂരിഭാഗവും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരാണ്. ഇവരുടെ വളര്‍ച്ചയാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിക്കാശ്രയം. എന്നാല്‍ ഐ ടി പോലുള്ള സാങ്കേതിക മേഖലയുടെ മുന്നേറ്റത്തോടെ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ കാര്‍ഷിക മേഖലയെ അവഗണിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇന്ത്യന്‍ ജനതയില്‍ 75 ശതമാനവും കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നതാണ് രാജ്യത്തെ വളര്‍ച്ചാമുരടിപ്പിന് കാരണമെന്നും കാര്‍ഷിക മേഖല ഉപേക്ഷിച്ച് ജനങ്ങള്‍ മറ്റു മേഖലകളിലേക്ക് ചേക്കേറണമെന്നും കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27ന് ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ വികസന കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രസംഗിച്ച കാര്യം പ്രസ്താവ്യമാണ്. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക് സിംഗ് അലുവാലിയ തന്നെ കൊച്ചിയില്‍ നടന്ന “എമര്‍ജിംഗ് കേരള”യില്‍ സംസ്ഥാനത്തെ നെല്‍വയലുകള്‍ നികത്താന്‍ ആഹ്വാനം ചെയ്തത് വന്‍ വിവാദമാകുകയുണ്ടായി. അതബദ്ധമായെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് തന്റെ പുതിയ നിലപാട് നല്‍കുന്ന സൂചന. അടിസ്ഥാന വികസനമെന്ന നിലയില്‍ ഗതാഗതത്തിനും മെച്ചപ്പെട്ട തൂക വകയിരുത്തിയിട്ടുണ്ട്- 1596.35 കോടി. മുന്‍ വര്‍ഷത്തേക്കാള്‍ 58 ശതമാനം വര്‍ധനയുണ്ട് ഈയിനത്തില്‍.
ഗള്‍ഫ് രാഷ്ട്രങ്ങളിലെ സ്വദേശിവത്കരണമാണ് സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന ഏറ്റവും സങ്കീര്‍ണമായ പ്രശ്‌നം. സംസ്ഥാനത്തിന്റെ മുഖ്യ സാമ്പത്തിക സ്രോതസ്സായിരുന്ന ഗള്‍ഫ് മലയാളികള്‍ കൂട്ടത്തോടെ തിരിച്ചുവരുമ്പോള്‍ അവരെ പുനരധിവസിപ്പിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവരുന്നവര്‍ക്ക് പത്ത് ലക്ഷത്തിന്റെ പലിശരഹിത വായ്പ ഉള്‍പ്പെടെയുള്ള പാക്കേജ് സംസ്ഥാനത്തിന്റെ പരിഗണനയിലുണ്ട്. എന്നാല്‍ സാമ്പത്തിക ഞെരുക്കത്തിലൂടെ നീങ്ങുന്ന കേരളത്തിന് ഈ പദ്ധതിയുടെ നടത്തിപ്പിന് കേന്ദ്രത്തിന്റെ ഉദാര സമീപനം അനിവാര്യമാണ്. ഇക്കാര്യം മുഖ്യമന്ത്രി ആസൂത്രണ കമ്മീഷന്റെയും കേന്ദ്ര ഭരണകൂടത്തിന്റെയും ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെങ്കിലും അത് നേടിയെടുക്കുന്നതിന് നിരന്തര സമ്മര്‍ദം അനിവാര്യമാണ്.
കേന്ദ്ര പദ്ധതികളില്‍ സംസ്ഥാനത്തിന് അനുയോജ്യമായ രീതിയില്‍ മാറ്റം വരുത്താന്‍ അനുമതി വേണമെന്നത് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യമായിരുന്നു. ആസൂത്രണ കമ്മീഷന്‍ ഇതംഗീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി. അടുത്തയാഴ്ച ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ചു തീരുമാനമുണ്ടായേക്കും. ഇത്തരം പദ്ധതികളില്‍ കേരളം ആഗ്രഹിക്കുന്ന ഇളവുകള്‍ എന്തെല്ലാമെന്ന് ഒരാഴ്ചക്കുള്ളില്‍ വ്യക്തമാക്കിക്കൊടുണമെന്ന് ആസൂത്രണ കമ്മീഷന്റെ നിര്‍ദേശമുണ്ട്. ഇത് സമര്‍പ്പിക്കുന്നതില്‍ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് കാലതാമസം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കേന്ദ്രം ആവശ്യപ്പെട്ട വിശദീകരണങ്ങളും നിര്‍ദേശങ്ങളും യഥാസമയം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പദ്ധതികളും തുകകളും ആനുകൂല്യങ്ങളും നഷ്ടപ്പെട്ട അനുഭവങ്ങള്‍ നിരവധി മുമ്പിലുണ്ടല്ലോ.

Latest