മദ്യത്തിന് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാറുകള്‍ സാംസ്‌കാരിക കേരളത്തിന് അപമാനം

Posted on: April 9, 2013 6:00 am | Last updated: April 9, 2013 at 1:34 am

മുക്കം: റവന്യൂ വരുമാനത്തിന്റെ പേര് പറഞ്ഞ് മദ്യത്തിന് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാറുകള്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പേരില്‍ കണ്ണീര് കുടിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ കാണാതെ പോകുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി.

എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നിന്നാരംഭിച്ച സമര ജാഗരണയാത്രക്ക് മുക്കത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വരുംനാളുകളില്‍ മദ്യത്തിനെതിരെ എസ് എസ് എഫ് ശക്തമായ പോരാട്ടങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്വീകരണ സമ്മേളനത്തില്‍ കുന്ദമംഗലം ഡിവിഷന്‍ പ്രസിഡന്റ് പി ഇബ്‌റാഹിം സഖാഫി താത്തൂര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സി കെ റാശിദ് ബുഖാരി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി കിനാലൂര്‍ പ്രമേയപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി അലവി സഖാഫി കായലം, ക്യാമ്പസ് സെക്രട്ടറി എം ടി ശിഹാബുദ്ദീന്‍ സഖാഫി, വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് സഖാഫി മായനാട്, അബ്ദുല്‍ കരീം നിസാമി, മെഹ്മൂദ് സഖാഫി പാറമ്മല്‍ പ്രസംഗിച്ചു.
എന്‍ മുഹമ്മദ് ഹാജി ജാഥാ ക്യാപ്റ്റനെ ഷാളണിയിച്ചു. യൂനിറ്റുകളില്‍ നിന്നുള്ള സമ്മേളനക്കിഴികള്‍ സംസ്ഥാന നേതാക്കള്‍ ഏറ്റുവാങ്ങി. ഡിവിഷന്‍ സെക്രട്ടറി അഡ്വ. വി പി അബൂബക്കര്‍ സിദ്ദീഖ് സ്വാഗതവും കെ കെ ഫസലുര്‍റഹ്മാന്‍ നന്ദിയും പറഞ്ഞു.