അവകാശ സംരക്ഷണത്തിന് അനിവാര്യം ഒറ്റക്കെട്ടായ പോരാട്ടം: ജോര്‍ജ് മവ്‌റിക്കോസ്

Posted on: April 9, 2013 6:00 am | Last updated: April 9, 2013 at 12:43 am

കണ്ണൂര്‍: ജനങ്ങളുടെ പൊതുവായ അവകാശ സംരക്ഷണത്തിന് ഒറ്റക്കെട്ടായ പോരാട്ടമാണ് അനിവാര്യമെന്നും ആഗോളതലത്തില്‍ ജനങ്ങളുടെ സാമൂഹിക സുരക്ഷ, ആരോഗ്യ, വിദ്യാഭ്യാസ പദ്ധതികള്‍ ഇന്നത്തെ രീതിയില്‍ നിലനില്‍ക്കാന്‍ കാരണം ട്രേഡ് യൂനിയനുകള്‍ നടത്തിയ നിരന്തര പ്രക്ഷോഭമാണെന്നും വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് മവ്‌റിക്കോസ്. ട്രേഡ് യൂനിയനുകള്‍ ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നില്ലെങ്കില്‍ ലോക ബേങ്ക്, ഐ എം എഫ് ഉള്‍പ്പെടെയുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ മനുഷ്യന്റെ ജനാധിപത്യ അവകാശങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി ഐ ടി യു ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മവ്‌റിക്കോസ് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. ലോക തൊഴിലാളിവര്‍ഗം വന്‍കിട കോര്‍പറേറ്റുകളില്‍ നിന്നും മുതലാളിത്ത ഭരണാധികാരികളില്‍ നിന്നും കൊടിയ പീഡനമാണ് നേരിടുന്നത്. പോലീസ് ഉള്‍പ്പെടെയുള്ള സംവിധാനം ഉപയോഗിച്ച് തൊഴിലാളികളുടെ അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുന്നു. പൊതുവായ അവകാശസംരക്ഷണത്തിന് ഒറ്റക്കെട്ടായ പോരാട്ടമാണ് അനിവാര്യം. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നടന്ന രണ്ട് ദിവസത്തെ പണിമുടക്കില്‍ എല്ലാ വിഭാഗങ്ങളും അണിനിരന്നതാണ് സമരം വിജയിക്കാന്‍ കാരണം. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരം കൂട്ടായ്മയും തൊഴിലാളിവര്‍ഗ പ്രക്ഷോഭവും ശക്തമല്ല. ഈ ന്യൂനത കുത്തക മുതലാളിമാര്‍ മുതലെടുക്കുകയാണ്. കുത്തകകളുടെ ഇത്തരം ചൂഷണങ്ങള്‍ ഇല്ലാതാക്കാനും തൊഴിലാളികളുടെ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിനും യൂറോപ്പില്‍ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍ റീജ്യണല്‍ ഓഫീസ് ആരംഭിച്ച് പ്രവര്‍ത്തനം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.