എ കെ പത്മനാഭനും തപന്‍ സെന്നും തുടരും

Posted on: April 9, 2013 6:00 am | Last updated: April 9, 2013 at 12:39 am

കണ്ണൂര്‍:സി ഐ ടി യു അഖിലേന്ത്യാ പ്രസിഡന്റായി എ കെ പത്മനാഭനെയും ജനറല്‍ സെക്രട്ടറിയായി തപന്‍ സെന്നിനെയും വീണ്ടും തിരഞ്ഞെടുത്തു. ട്രഷററായി രഞ്ജന നിരൂള തന്നെ തുടരും. കേരളത്തില്‍ നിന്ന് ആനത്തലവട്ടം ആനന്ദനെയും കെ ഒ ഹബീബിനെയും വൈസ് പ്രസിഡന്റുമാരായും ദേശീയ സെക്രട്ടറിമാരായി എളമരം കരീമിനെയും പി നന്ദകുമാറിനെയും തിരഞ്ഞെടുത്തു. മേഴ്‌സിക്കുട്ടിയമ്മ വീണ്ടും വൈസ് പ്രസിഡന്റായും കെ കെ ദിവാകരന്‍ ദേശീയ സെക്രട്ടറിയായും തുടരും. ഇതോടെ ഏഴ് പേര്‍ കേരളത്തില്‍ നിന്നും അഖിലേന്ത്യാ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം, കെ എന്‍ രവീന്ദ്രനാഥിനെയും പി കെ ഗുരുദാസനെയും എം എം ലോറന്‍സിനെയും ദേശീയ നേതൃത്വത്തില്‍ നിന്ന് ഒഴിവാക്കി. 15 വൈസ് പ്രസിഡന്റുമാരേയും 16 സെക്രട്ടറിമാരേയും സമ്മേളനം തിരഞ്ഞെടുത്തു. ഒരു സെക്രട്ടറി സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. 34 അംഗ ദേശീയ വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഒമ്പത് പേര്‍ വനിതകളാണ്.സെക്രട്ടറിമാര്‍: എളമരം കരീം, എസ് ദേവ് റോയ്, കെ ഹേമലത, മണിക് ഡേ, കെ കെ ദിവാകരന്‍, ആര്‍ സുധാ ഭാസ്‌കരന്‍, ദീപക് ദാസ് ഗുപ്ത, എസ് വീരലക്ഷ്മി, പ്രശാന്ത് നന്തി ചൗധരി, കാശ്മീര്‍ സിംഗ് ഠാക്കൂര്‍, രത്‌ന ദത്ത, ജി സുകുമാരന്‍, ആര്‍ പ്രസന്നകുമാര്‍, പി നന്ദകുമാര്‍, ഡി ഡി രാമാനന്ദന്‍, എ ആര്‍ സിന്ധു. ഇതില്‍ എളമരം കരീം, എ ആര്‍ സിന്ധു, പി നന്ദകുമാര്‍, കെ കെ ദിവാകരന്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ള സെക്രട്ടറിമാര്‍.വൈസ് പ്രസിഡന്റുമാര്‍: സുകുമോള്‍ സെന്‍, കെ എല്‍ ബജാജ്, ശ്യാമല്‍ ചക്രബര്‍ത്തി, ബസുദേബ് ആചാര്യ, എ സുന്ദരരാജന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, കെ ഒ ഹബീബ്, ആനത്തലവട്ടം ആനന്ദന്‍, ദീപന്‍ ഭട്ടാചാര്യ, മാലതി ചിട്ടിബാബു, ജെ എസ് മജുംദാര്‍, പി റോജ, എം സായിബാബു, രഘുനാഥ് സിംഗ്, വിഷ്ണു മൊഹന്തി. ഇവരില്‍ കെ ഒ ഹബീബ്, ജെ മേഴ്‌സിക്കുട്ടിയമ്മ, ആനത്തലവട്ടം ആനന്ദന്‍ എന്നിവരാണ് കേരളത്തില്‍ നിന്നുള്ള വൈസ് പ്രസിഡന്റുമാര്‍.ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ കണ്ണൂരില്‍ നടന്ന ദേശീയ സമ്മേളനം സമാപിച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കല്‍, പ്രൊവിന്‍ഷല്‍ റിപ്പോര്‍ട്ട് അവതരണം എന്നിവക്ക് ശേഷമാണ് ദേശീയ സമ്മേളനം ഏറ്റവും പ്രധാനപ്പെട്ട അജന്‍ഡയിലേക്ക് കടന്നത്. ദേശീയ സെക്രട്ടേറിയറ്റ് യോഗം തയാറാക്കിയ പുതിയ ഭാരവാഹികളുടെയും വര്‍ക്കിംഗ് കമ്മിറ്റിയുടെയും ജനറല്‍ കൗണ്‍സിലിന്റെയും പാനല്‍ അവതരിപ്പിച്ചു. സംഘടനാ ഭരണഘടന അനുസരിച്ച് സമ്മേളന പ്രവര്‍ത്തകരാണ് 450 അംഗ ജനറല്‍ കൗണ്‍സിലിനെ തിരഞ്ഞെടുത്തത്. ആദ്യ ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് 125 അംഗ വര്‍ക്കിംഗ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. പിന്നീട് ദേശീയ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരെയും പ്രതിനിധികള്‍ തിരഞ്ഞെടുത്തു. ദേശീയ സെക്രട്ടറിയായിരുന്ന എം എം ലോറന്‍സിനെ പ്രായാധിക്യം കണക്കിലെടുത്താണ് ദേശീയ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കിയത്.