Kerala
ഉദ്യോഗസ്ഥര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിക്കൊരുങ്ങുന്നു

തിരുവനന്തപുരം:വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ രജിസ്‌ട്രേഷന് ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പ് കര്‍ശന നടപടിക്കൊരുങ്ങുന്നു. വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിന് അക്ഷയ കേന്ദ്രങ്ങളിലും എ ഇ ഒ ഓഫീസുകളിലും ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന അറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ വിദ്യാര്‍ഥികള്‍ എത്തിയെങ്കിലും അധികൃതരുടെ അനാസ്ഥ മൂലം മടങ്ങിപ്പോകേണ്ടി വന്ന സംഭവത്തെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് നടപടിക്കൊരുങ്ങുന്നത്.
വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തയ്യാറാക്കിയ പദ്ധതിയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആധാര്‍ രജിസ്‌ട്രേഷന്റെ ഭാഗമായി എ ഇ ഒ ഓഫീസുകളില്‍ എത്തിയ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ ഓഫീസിലെത്താത്തതിനെ തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിച്ചില്ല. ഇതുസംബന്ധിച്ച് ഐ ടി @ സ്‌കൂള്‍ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്കായി ഈ മാസം 13നും രജിസ്‌ട്രേഷന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ ഒരു ദിവസംകൂടി രജിസ്‌ട്രേഷന് സൗകര്യം ഒരുക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് സ്വന്തമാക്കുന്നതിന് ഒരു അവസരം കൂടി നല്‍കുന്നുവെന്ന് കാണിച്ചാണ് ഈ മാസം ഏഴിനും പതിമൂന്നിനും ക്രമീകരണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് എ ഇ ഒമാര്‍ക്കും ഡി ഡി ഇമാര്‍ക്കും നിര്‍ദേശം നല്‍കിയത്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പും മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പുമടക്കം വിദ്യാഭ്യാസരംഗത്തെ എല്ലാ ആനുകൂല്യങ്ങള്‍ക്കും സ്‌കൂള്‍ പ്രവേശനം, കലോത്സവങ്ങള്‍, മേളകള്‍, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, കായികമത്സരങ്ങള്‍ മുതലായവക്കും ആധാര്‍ നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഈ സംവിധാനം ഒരുക്കിയത്. സംസ്ഥാനത്തെ തൊണ്ണൂറ് ശതമാനത്തോളം വിദ്യാര്‍ഥികളും നിലവില്‍ ആധാറിന് അപേക്ഷിച്ച സാഹചര്യത്തില്‍ അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ സ്‌കൂള്‍ വിദ്യാര്‍ഥികളെ പൂര്‍ണമായും ആധാറിനു കീഴില്‍ കൊണ്ടുവരുന്നതു ലക്ഷ്യമിട്ടാണ് എന്റോള്‍മെന്റ് ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.