Connect with us

National

യഡിയൂരപ്പയുടെ മകനെ ബി ജെ പി സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

 ബംഗളൂരു: കര്‍ണാടകയില്‍ രണ്ട് ലോക്‌സഭാംഗങ്ങളെ കൂടി ബി ജെ പി സസ്‌പെന്‍ഡ് ചെയ്തു. മുന്‍ മുഖ്യമന്ത്രി ബി എസ് യഡിയൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്ര, മുന്‍മന്ത്രി സി എം ഉദാസിയുടെ മകന്‍ ശിവകുമാര്‍ ഉദാസി എന്നിവരെയാണ് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇരുവരും കര്‍ണാടക ജനതാ പാര്‍ട്ടിയില്‍ ചേരും.

രാഘവേന്ദ്രക്കും ശിവകുമാറിനുമെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തോട് ശിപാര്‍ശ ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് നാല് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് നടപടി. ഷിമോഗയില്‍ നിന്നാണ് രാഘവേന്ദ്ര ജയിച്ചത്. ശിവകുമാര്‍ ഹാവേരിയില്‍ നിന്നും. മുന്‍മന്ത്രിയായിരുന്ന സി എം ഉദാസി നേരത്തെ തന്നെ ബി ജെ പി വിട്ടിട്ടുണ്ട്. കെ ജെ പി ടിക്കറ്റില്‍ ഹനഗലില്‍ നിന്നാണ് അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
അതേസമയം, ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി നിലവിലെ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ ആയിരിക്കുമെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചു. ബംഗളൂരുവില്‍ നടന്ന ബി ജെ പിയുടെ തിരഞ്ഞെടുപ്പ് റാലിയെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ് എന്നിവരോടൊപ്പം ബംഗളൂരുവിലേക്ക് പുറപ്പെട്ടെങ്കിലും യന്ത്രത്തകരാര്‍ മൂലം വിമാനം നിലത്തിറക്കേണ്ടി വന്നതിനാലാണ് അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിച്ചത്. അഡ്വാനിയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായിരിക്കും കര്‍ണാടകയിലെ ബി ജെ പിയുടെ പ്രധാന പ്രചാരകരെന്ന് അദ്ദേഹം വ്യക്തമാക്കി.
അഴിമതി ആരോപണങ്ങളുടെ പേരില്‍ യഡിയൂരപ്പയുടെ പുറത്തുപോകല്‍ കാരണം പാര്‍ട്ടി പ്രതികൂല കാലാവസ്ഥയെയാണ് അഭിമുഖീകരിക്കുന്നതെന്ന് രാജ്‌നാഥ് സമ്മതിച്ചു. അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ട ആരെയും പാര്‍ട്ടി സംരക്ഷിക്കില്ല. ബി ജെ പി സര്‍ക്കാറിനെ അഴിമതി പിടികൂടിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Latest