ആവശ്യത്തിന് ബസുകളും ഡ്രൈവര്‍മാരുമില്ല; കെ എസ് ആര്‍ ടി സിയില്‍ പുതിയ പ്രതിസന്ധി

Posted on: April 8, 2013 4:13 pm | Last updated: April 8, 2013 at 4:13 pm

ksrtcകൊല്ലം:ഡീസല്‍ വില വര്‍ധന മൂലം ഉണ്ടായ സാമ്പത്തിക ബാധ്യതയില്‍ നിന്ന് കരകയറാന്‍ പാടുപെടുന്ന കെ എസ് ആര്‍ ടി സിക്ക് പുതിയ പ്രതിസന്ധി. ദൈനംദിന സര്‍വീസ് നടത്താന്‍ ആവശ്യത്തിന് ബസുകളില്ലാത്തതും ഡ്രൈവര്‍മാരുടെ അഭാവവുമാണ് കെ എസ് ആര്‍ ടി സിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ഡ്രൈവര്‍മാരുടെ അഭാവം മൂലം സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഓരോ ദിവസവും വരുമാനം വന്‍തോതിലാണ് കുറയുന്നത്. മുമ്പ് വരുമാനം കുറഞ്ഞ ട്രിപ്പുകള്‍ മാത്രമാണ് റദ്ദാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ മെച്ചപ്പെട്ട രീതിയില്‍ സര്‍വീസ് നടത്തുന്നവ പോലും സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ അധികൃതര്‍ പാടുപെടുകയാണ്. ദേശസാത്കൃത റൂട്ടുകളില്‍ പോലും ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയാണ്.
പല ഡിപ്പോകളിലും നാല്‍പ്പത് ശതമാനം വരെ ഷെഡ്യൂളുകള്‍ റദ്ദാക്കി കഴിഞ്ഞു. കൊട്ടാരക്കര ഡിപ്പോയില്‍ ആകെയുള്ള 128 ഷെഡ്യൂളില്‍ 92 എണ്ണം മാത്രമാണ് കഴിഞ്ഞ ദിവസം പ്രവര്‍ത്തിപ്പിച്ചത്. കൊല്ലം ഡിപ്പോയിലും ആനുപാതികമായ കുറവുണ്ടായിട്ടുണ്ട്. ഗ്രാമ പ്രദേശങ്ങളിലാണ് ഷെഡ്യൂള്‍ റദ്ദ് ചെയ്തത് മൂലം ദുരിതം വര്‍ധിച്ചത്. ഒറ്റപ്പെട്ട സര്‍വീസുകള്‍ ഓപറേറ്റ് ചെയ്യാതായതോടെ ടൗണുമായി ബന്ധപ്പെടുന്നതിന് സമാന്തര സര്‍വീസുകളും ഓട്ടോറിക്ഷകളും ചോദിക്കുന്ന പണം നല്‍കേണ്ട ദുരവസ്ഥയിലാണ് യാത്രക്കാര്‍. പുതിയ ബസുകള്‍ എത്താത്തതിനാല്‍ കാലപ്പഴകം ചെയ്യാത്ത ബസുകളാണ് ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ബസുകളായി ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ പുതിയവ എത്താത്തതിനാല്‍ ഓര്‍ഡിനറി ബസുകളുടെ എണ്ണത്തില്‍ വളരെയധികം കുറവാണനുഭവപ്പെടുന്നത്. ഒന്നര വര്‍ഷമായി പുതിയ ബസുകളൊന്നും കോര്‍പറേഷന്‍ വാങ്ങിയിട്ടില്ല. ഇത് ദേശസാത്കൃത റൂട്ടുകളിലെ സര്‍വീസുകളെ ബാധിക്കുന്നതായി അധികൃതര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ദേശസാത്കൃത റൂട്ടുകളില്‍ ബസുകള്‍ ഓടിക്കാതെ യാത്രാദുരിതം ചൂണ്ടിക്കാട്ടി സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. യാത്രക്കാര്‍ക്ക് ഏറെ സൗകര്യവും നല്ല രീതിയില്‍ കലക്ഷനുമുള്ള വേണാട് സര്‍വീസുകളും പ്രതിസന്ധിയിലാണ്. പുതിയ ലിസ്റ്റുകളില്‍ നിന്ന് ഡ്രൈവര്‍മാരെ നിയമിക്കാതെ നീട്ടിക്കൊണ്ടു പോവുകയാണ്. നിയമനങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മാറ്റിവെച്ചിരിക്കയാണ്.
പുതിയ ഡ്രൈവര്‍മാരുടെ നിയമനത്തിന് തീരുമാനം എടുത്താല്‍ തന്നെ കുറഞ്ഞത് ഒരു മാസമെങ്കിലും സമയമെടുക്കും. അത്രയും നാള്‍ ഈ പ്രശ്‌നം തുടരാന്‍ തന്നെയാണ് സാധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനൊപ്പം കോര്‍പറേഷന്റെ തലതിരിഞ്ഞ നയങ്ങളും സര്‍വീസുകളെ ബാധിക്കുന്നതായി പ്രതിപക്ഷ തൊഴില്‍ സംഘടനകള്‍ ആരോപിക്കുന്നു. ഡ്രൈവര്‍മാരുടെ കടുത്ത കുറവ് അനുഭവപ്പെടുമ്പോള്‍ ഡീസല്‍ ലാഭിക്കുന്നതിന് മതിയായ പരീശീലനത്തിന്റെ പേരില്‍ തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുത്തുന്നതിന്റെ അശാസ്ത്രീയതയും ചോദ്യം ചെയ്യപ്പെടുകയാണ്. കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും 60 ഡ്രൈവര്‍മാരാണ് പരിശീലനത്തിന്റെ പേരില്‍ ജോലിക്ക് ഹാജരാവാത്തത്.

ALSO READ  കെ എസ് ആർ ടി സി ശമ്പളം: 65.50 കോടി രൂപ അനുവദിച്ചു