Connect with us

Editorial

ചെകുത്താനും കടലിനുമിടയില്‍

Published

|

Last Updated

നിശ്ചിത സമയക്രമമനുസരിച്ചാണെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം കൂടി സമയമുണ്ട്. കേന്ദ്രം ഭരിക്കുന്ന യു പി എയെ നയിക്കുന്ന കോണ്‍ഗ്രസും പ്രതിപക്ഷമായ എന്‍ ഡി എയെ നയിക്കുന്ന ബി ജെ പിയും ഇതിനകം തന്നെ അടുത്ത പ്രധാനമന്ത്രിയെ കുറിച്ച് സജീവ ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. മൂന്നാമതൊരിക്കല്‍ കൂടി പ്രധാനമന്ത്രിയാകുന്നതില്‍ മന്‍മോഹന്‍ സിംഗിന് വിമുഖതയൊന്നുമില്ല. എ ഐ സി സി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കാണെങ്കില്‍ പാര്‍ട്ടി സംഘടനാ കാര്യത്തിലാണ് താത്പര്യമെന്നാണ് പരസ്യ പ്രതികരണം. വിവാഹവും പ്രധാനമന്ത്രിയാകുന്നത് സംബന്ധിച്ച ചര്‍ച്ചയും അനവസരത്തിലുള്ളതാണെന്ന് അദ്ദേഹം പറയുന്നു. അതിനിടയില്‍ ബി ജെ പി നരേന്ദ്ര മോഡിയുടെ “സേവനം” ഗുജറാത്തില്‍ നിന്നു ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത് 2014ല്‍ പ്രധാനമന്ത്രിപ്പണിക്ക് അവസരം കൈവരുമെന്ന് മനസ്സിലാക്കിത്തന്നെയാണ്. പാര്‍ട്ടിയുടെ അത്യുന്നത നയരൂപവത്കരണ സമിതിയായ പാര്‍ലിമെന്ററി ബോര്‍ഡില്‍ മോഡിയെ കൊണ്ടുവരികയും അദ്ദേഹത്തെ സര്‍വാത്മനാ പിന്താങ്ങുന്ന തീവ്ര ഹിന്ദുത്വവാദികളായ അമിത് ഷാ, വരുണ്‍ ഗാന്ധി, ഉമാ ഭാരതി തുടങ്ങിയവരെ മര്‍മപ്രധാന സ്ഥാനങ്ങളില്‍ നിയോഗിക്കുകയും ചെയ്തതോടെ ബി ജെ പിയുടെ കടിഞ്ഞാണ്‍ മോഡിയുടെ കൈകളില്‍ എത്തുകയാണ്. എല്‍ കെ അഡ്വാനിയെ അവഗണിച്ച് മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നതില്‍ ബി ജെ പിയില്‍ തന്നെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടെങ്കിലും തീവ്ര ഹിന്ദുത്വത്തിന്റെ പ്രതിനിധികളാണ് ഇരുവരുമെന്ന വസ്തുത അവശേഷിക്കുന്നു. മൂര്‍ഖന്‍ വേണോ, കരിമൂര്‍ഖന്‍ വേണോ എന്നതിലേ തര്‍ക്കമുള്ളു.
തീവ്രഹിന്ദുത്വത്തിന്റെ എക്കാലത്തേയും വക്താവാണ് മോഡി. ഗുജറാത്ത് വംശഹത്യാ വേളയില്‍ അദ്ദേഹം വിശ്വരൂപം കാട്ടുകയും ചെയ്തു. സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമടക്കം ആയിരക്കണക്കിന് മുസ്‌ലിംകളെ കുരുതി കഴിച്ചതില്‍ ഒരു കുറ്റബോധവും മോഡിക്കിപ്പോഴുമില്ല. അപ്പോള്‍ പിന്നെ അതില്‍ കുറഞ്ഞതിനൊന്നിനും ബി ജെ പിയില്‍ സ്ഥാനമില്ലെന്നറിയാവുന്ന എല്‍ കെ അഡ്വാനിയും പാര്‍ട്ടിയുടെ 33-ാമത് സ്ഥാപകദിനാഘോഷച്ചടങ്ങ് കെങ്കേമമാക്കി. “ഉള്ളത് തുറന്നുപറയാന്‍ മടിക്കേണ്ടതില്ല. അപകര്‍ഷതാബോധം തോന്നേണ്ടതുമില്ല. രാമജന്മഭൂമി ഞങ്ങളുടെ വിശ്വാസമാണ്. അതിനായി ഞങ്ങള്‍ പ്രക്ഷോഭവും നടത്തി. അതിന്റെ പേരില്‍ ഖേദിക്കുകയല്ല വേണ്ടത്. മറിച്ച് അഭിമാനമാണ് തോന്നേണ്ടത്” – അഡ്വാനിയുടെ ഈ പ്രസ്താവന വമ്പിച്ച കരഘോഷങ്ങളോടെയാണ് സ്വാഗതം ചെയ്യപ്പെട്ടത്. പാര്‍ട്ടി ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് വിജയ് ഗോയല്‍, അടുത്ത പ്രധാനമന്ത്രി അഡ്വാനിയായിരിക്കുമെന്ന് പറഞ്ഞതും ഇതേ വേദിയിലാണ്. താനുദ്ദേശിക്കുന്ന പാതയിലൂടെയല്ല പാര്‍ട്ടി ചലിക്കുന്നതെന്ന അഡ്വാനിയുടെ പരാമര്‍ശവും ശ്രദ്ധേയമാണ്. ആര്‍ക്കാണ് വിഷം കൂടുതലെന്നതാണ് ചര്‍ച്ച.
അയോധ്യയില്‍ കര്‍സേവ നടത്താന്‍ കാവിപ്പടക്ക് അനുമതി നല്‍കിയത് കോണ്‍ഗ്രസ് നേതാവായ പി വി നരസിംഹ റാവു ആയിരുന്നു. സുപ്രീം കോടതിക്ക് നല്‍കിയ ഉറപ്പ് പോലും അതിലംഘിച്ചുകൊണ്ട് അയോധ്യയില്‍ ബാബറി മസ്ജിദ് ഇടിച്ചുനിരപ്പാക്കുന്നതിന് നേതൃത്വം നല്‍കിയത് അഡ്വാനി അടക്കമുള്ളവരും. അതിന് കളമൊരുക്കാന്‍ രഥയാത്ര നടത്തിയതും അഡ്വാനി തന്നെ. എന്നാല്‍ ഇപ്പോള്‍ അഡ്വാനിയുടെ പല്ലിന് പഴയ മൂര്‍ച്ചയില്ലെന്നാണ് സംഘപരിവാര്‍ നേതൃത്വത്തിന്റെ വിലയിരുത്തല്‍. പകരം വെക്കാന്‍ മതന്യൂനപക്ഷത്തിന്റെ രക്തക്കറ വേണ്ടുവോളംപുരണ്ട മോഡി മാത്രം. പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിംഗ് ദേശീയനേതൃനിരയിലേക്ക് മോഡിയെ ഉയര്‍ത്തിയതും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളായ അമിത ്ഷാ, ഉമാ ഭാരതി തുടങ്ങിയവരെ മര്‍മസ്ഥാനങ്ങളില്‍ നിയോഗിച്ചതും വെറുതെയല്ല.
കോണ്‍ഗ്രസ് നയിക്കുന്ന യു പി എ സര്‍ക്കാറിന് ഇപ്പോഴും തീവ്ര സാമ്പത്തിക പരിഷ്‌കരണത്തില്‍ മാത്രമാണ് താത്പര്യം. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന നിലയില്‍ മന്‍മോഹന്‍ സിംഗിന് സഹായിയായി പി ചിദംബരവുമുണ്ട്. പെട്രോള്‍, ഡീസല്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞു. ചില്ലറ വില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ് ഡി ഐ)അനുമതി നല്‍കി. എഫ് ഡി ഐക്കുള്ള പരിധി എടുത്തുകളയാനാണ് അടുത്ത നീക്കം. പഞ്ചസാരയുടെ വിലനിയന്ത്രണം നീക്കിയതോടെ ഒരാഴ്ചക്കകം ക്വിന്റലിന് 200 രൂപയാണ് വില കൂടിയത്. പാചകവാതകം. മണ്ണെണ്ണ സബിസിഡി താമസിയാതെ പൂര്‍ണമായും എടുത്തുകളയും. വളം, കീടനാശിനി തുടങ്ങിയവക്ക് സഹായം ലഭിക്കാതായി. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാതെ കര്‍ഷകര്‍ വലിയ ദുരന്തത്തിന്റെ വക്കിലാണ്. പക്ഷേ, ഇതൊന്നും കണ്ണുതുറന്ന് കാണാന്‍പോലും യു പി എക്കാവുന്നില്ല. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും അടുത്ത പ്രധാനമന്ത്രിയാകുമെന്ന് പറയപ്പെടുന്ന രാഹുല്‍ ഗാന്ധിയുമെല്ലാം ഇപ്പോഴും ദിവാസ്വപ്‌നത്തിലാണ്. ഇത് വളമാകുന്നതാകട്ടെ തീവ്രഹിന്ദുത്വ ശക്തികള്‍ക്കും. പാവം പൊതുജനം ചെകുത്താനും കടലിനും ഇടയില്‍!

---- facebook comment plugin here -----

Latest