Connect with us

Editors Pick

ഗണേഷിന്റെ നീക്കം തിരിച്ചുവരാന്‍;കരുതലോടെ എതിര്‍ക്യാമ്പ്

Published

|

Last Updated

തിരുവനന്തപുരം:യാമിനി തങ്കച്ചിയുമായുള്ള കേസ് ഒത്തുതീര്‍ക്കാന്‍ ഗണേഷ് കുമാര്‍ ശ്രമം തുടങ്ങിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് സൂചന. കേസുകളില്‍ സമവായമുണ്ടാക്കി വിവാഹമോചനത്തിന് സംയുക്ത ഹരജി നല്‍കി പ്രശ്‌നങ്ങളെല്ലാം അവസാനിപ്പിച്ചാല്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്താന്‍ കഴിയുമെന്നാണ് ഗണേഷ് കുമാറിന്റെ കണക്കുകൂട്ടല്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയുടെയും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരില്‍ ചിലരുടെയും പിന്തുണ ഗണേഷിന്റെ ഈ നീക്കത്തിനുണ്ടെന്നാണ് വിവരം. കോണ്‍ഗ്രസില്‍ നിന്ന് പുതിയൊരു മന്ത്രി വരുന്നതോടെ ജാതി, ഗ്രൂപ്പ് സമവാക്യങ്ങള്‍ തകിടം മറിയുമെന്ന ആശങ്കയാണ് ഗണേഷിനെ തന്നെ തിരിച്ച് കൊണ്ടുവരാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ പ്രേരിപ്പിക്കുന്നത്. അതേസമയം, ഗണേഷ് തിരിച്ചുവരുമെന്ന ചര്‍ച്ചകള്‍ ഉപശാലകളില്‍ തുടങ്ങിയതോടെ ആര്‍ ബാലകൃഷ്ണ പിള്ളയും യു ഡി എഫിലെ ഗണേഷ്‌വിരുദ്ധരും ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ ആശങ്കയോടെയാണ് കാണുന്നത്.
യാമിനി തങ്കച്ചി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വന്നിട്ടും ഗണേഷ്‌കുമാര്‍ വീണ്ടും ഒത്തുതീര്‍പ്പിന് സന്നദ്ധത അറിയിച്ചതാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവ ചര്‍ച്ചക്ക് വഴി തുറന്നിരിക്കുന്നത്. കോടതി വഴി തന്നെ ഒത്തുതീര്‍പ്പുണ്ടാക്കാനാണ് ഗണേഷ് ശ്രമിക്കുന്നതെന്നതും നിര്‍ണായകമാണ്. പിന്നീടൊരിക്കല്‍ പ്രശ്‌നം തലവേദനയുണ്ടാക്കുന്നത് ഒഴിവാക്കുകയാണ് ഈ നീക്കത്തിന് പിന്നില്‍.
ഗാര്‍ഹിക പീഡന നിയമം അനുസരിച്ച് നല്‍കിയ കേസില്‍ കോടതി വഴി തന്നെ ഒത്തുതീര്‍പ്പ് സാധ്യമായാല്‍ മറ്റു കേസുകള്‍ അവസാനിപ്പിക്കുന്നത് എളുപ്പമാകും. കടുത്ത നിയമ നടപടികളില്‍ നിന്ന് ഒഴിവാകാനും സഹായിക്കും. ഗണേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് വരെ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. ഇതിലെല്ലാമുണ്ടാകുന്ന ദീര്‍ഘകാല നിയമ നടപടി രാഷ്ട്രീയഭാവിക്ക് തിരിച്ചടിയാകുമെന്ന നിയമോപദേശവും ഒത്തുതീര്‍പ്പിന് ഗണേഷിനെ പ്രേരിപ്പിച്ചിട്ടുണ്ട്.
ഗണേഷ് കൈകാര്യം ചെയ്തിരുന്ന വനം, സ്‌പോര്‍ട്‌സ് , സിനിമാ വകുപ്പുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുതിയൊരു മന്ത്രി വന്നാല്‍ നിലവിലുള്ള ഗ്രൂപ്പ് സമവാക്യങ്ങളെയെല്ലാം അത് ബാധിക്കും.
നിലവിലുള്ള പത്ത് കോണ്‍ഗ്രസ് മന്ത്രിമാരില്‍ എ, ഐ വിഭാഗങ്ങളില്‍ നിന്ന് അഞ്ച് പേര്‍ വീതമാണുള്ളത്. ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, കെ ബാബു, കെ സി ജോസഫ് എന്നിവര്‍ എ ഗ്രൂപ്പിനെയും അടൂര്‍ പ്രകാശ്, വി എസ് ശിവകുമാര്‍, എ പി അനില്‍കുമാര്‍, സി എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ഐ ഗ്രൂപ്പിനെയും പ്രതിനിധാനം ചെയ്യുന്നു. ഏക വനിത എന്ന നിലയില്‍ മന്ത്രിയായ പി കെ ജയലക്ഷ്മിയെയും ഐ ഗ്രൂപ്പിന്റെ അക്കൗണ്ടിലാണ് പരിഗണിക്കുന്നത്.
ഗണേഷിന്റെ ഒഴിവില്‍ ലഭിക്കുന്ന പതിനൊന്നാമത്തെ മന്ത്രിസ്ഥാനം ഐ ഗ്രൂപ്പിന് നല്‍കേണ്ടി വരുമെന്നതാണ് കോണ്‍ഗ്രസില്‍ നിന്ന് പുതിയൊരു മന്ത്രി വരുന്നതിനോട് ഉമ്മന്‍ ചാണ്ടിക്കുള്ള താത്പര്യക്കുറവിന് കാരണം. മാത്രമല്ല, എന്‍ എസ് എസിന്റെയും ആര്‍ ബാലകൃഷ്ണ പിള്ളയുടെയും താത്പര്യം സംരക്ഷിച്ചു കൊണ്ട് പുതിയൊരാളെ കണ്ടെത്തുകയെന്നത് ദുഷ്‌കരമാണെന്നതും ഗണേഷിനെ തിരിച്ചു കൊണ്ടുവരാന്‍ ഉമ്മന്‍ ചാണ്ടിയെ പ്രേരിപ്പിക്കുന്ന ഘടകമാണ്.
പുതിയ മന്ത്രി ഭൂരിപക്ഷ സമുദായത്തില്‍ നിന്നായില്ലെങ്കില്‍ സാമുദായിക സന്തുലിതാവസ്ഥയെക്കുറിച്ച് വീണ്ടും പരാതി വരും. കെ മുരളീധരന്‍, കെ ശിവദാസന്‍ നായര്‍, വി ഡി സതീശന്‍ എന്നീ പേരുകളാണ് മുന്നില്‍ നില്‍ക്കുന്നത്. ഇതില്‍ തന്നെ ആരെ പരിഗണിച്ചാലും തര്‍ക്കം സ്വാഭാവികം. എന്‍ എസ് എസിന്റെ താത്പര്യം സംരക്ഷിക്കുമ്പോള്‍ പാര്‍ട്ടി താത്പര്യം ഹനിക്കേണ്ടി വരും. എല്ലാപ്രശ്‌നങ്ങളും പരിഹരിച്ച് പുതിയ മന്ത്രി സങ്കീര്‍ണമാണെന്ന വിലയിരുത്തലാണ് ഗണേഷിന്റെ തിരിച്ചുവരാനുള്ള ആഗ്രഹം ബലപ്പെടുത്തുന്നതും. ഈ പ്രതിസന്ധി മുന്‍കൂട്ടി കണ്ടാണ് ഗണേഷിന്റെ രാജി ഒഴിവാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഗ്രഹിച്ചതും തുടക്കം മുതല്‍ അതിനായി ശ്രമിച്ചതും. യാമിനി തങ്കച്ചി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്താസമ്മേളനം നടത്തിയ ശേഷവും മുഖ്യമന്ത്രിയെ കണ്ട് ഗണേഷ് രാജിസന്നദ്ധത അറിയിച്ചപ്പോള്‍ വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. യാമിനി നേരിട്ട് പരാതി നല്‍കിയപ്പോഴും മുഖ്യമന്ത്രി സമവായ സാധ്യതകള്‍ തേടാനുള്ള ശ്രമങ്ങളാണ് നടത്തിയത്. എന്നാല്‍, കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ കര്‍ശന നിലപാടാണ് ഗണേഷിന്റെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചതെന്നാണ് വിവരം. സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്ന നിലപാട് സ്വീകരിച്ച ചെന്നിത്തല രാജിയല്ലാതെ മറ്റു പോംവഴിയില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. അതേസമയം, ഗണേഷിന്റെ ഒത്തുതീര്‍പ്പ് നീക്കങ്ങളെ പിള്ളയും യു ഡി എഫിലെ ഗണേഷ് വിരുദ്ധരും കരുതലോടെയാണ് നോക്കി കാണുന്നത്. കോണ്‍ഗ്രസില്‍ നിന്ന് പുതിയ മന്ത്രി വേണമെന്ന് പിള്ള ആവശ്യപ്പെട്ടതിന് പിന്നില്‍ ഗണേഷിന്റെ തിരിച്ചുവരവ് തടയുക എന്ന ലക്ഷ്യം കൂടിയുണ്ട്.

---- facebook comment plugin here -----

Latest