വരള്‍ച്ച: 2.46 കോടിയുടെ പ്രവൃത്തികള്‍ നടപ്പാക്കിവരുന്നു: ജില്ലാ കലക്ടര്‍

Posted on: April 6, 2013 6:12 am | Last updated: April 5, 2013 at 11:13 pm

കല്‍പ്പറ്റ: ജില്ലയിലെ വരള്‍ച്ചാ പ്രതിരോധത്തിന് പഞ്ചായത്തുകള്‍ സമര്‍പ്പിച്ച പ്രൊപ്പോസലുകള്‍ പരിശോധിച്ച് 2.46 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

യുദ്ധകാലാടിസ്ഥാനത്തില്‍ ഇവയുടെ പ്രവര്‍ത്തനം നടപ്പിലാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരള്‍ച്ച പ്രതിരോധത്തിന് രൂപീകരിച്ച പരിപാടികളുടെ പുരോഗതി അവലോകനം ചെയ്യാന്‍ പട്ടികവര്‍ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണഭട്ട് ഇക്കാര്യം അറിയിച്ചത്.
കിണറുകളുടെ ആഴം കൂട്ടുന്നതിനും ശുചീകരണത്തിനും കുടിവെള്ള ശുദ്ധീകരണത്തിനും കുടിവെള്ളം ടാങ്കര്‍ലോറികളിലെത്തിച്ച് വിതരണം ചെയ്യുന്നതിനുമുള്ള പരിപാടികളാണ് പ്രധാനമായും നടപ്പാക്കുന്നത്. വരള്‍ച്ച അതിരൂക്ഷമായ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പ്രദേശങ്ങളില്‍ ടാങ്കറില്‍ കുടിവെള്ളമെത്തിച്ച് വിതരണം നടത്തി വരുന്നു. വരള്‍ച്ച പ്രതിരോധ തുക ചെലവഴിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശ പ്രകാരം മറ്റ് സ്‌കീമിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക വിനിയോഗിക്കാനാവില്ല. വിവിധ വകുപ്പുകള്‍ വരള്‍ച്ച പ്രതിരോധത്തിന് സ്വീകരിക്കുന്ന നടപടികളും വരള്‍ച്ചമൂലം വിവിധ മേഖലയില്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധികളും യോഗം ചര്‍ച്ച ചെയ്തു. ഇന്ന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ജില്ലയിലെ വരള്‍ച്ച പ്രശ്‌നത്തിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പൗലോസ്, സബ് കലക്ടര്‍ വീണ.എന്‍ മാധവന്‍, എ ഡി എം എന്‍ ടി മാത്യു, പഞ്ചായത്ത് പ്രസിഡന്റ്‌സ്അസോസിയേഷന്‍ പ്രസിഡന്റ് എം എ ജോസഫ്, സലീംമേമന തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.