വരള്‍ച്ച: ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കും

Posted on: April 5, 2013 9:20 am | Last updated: April 5, 2013 at 9:20 am

മലപ്പുറം: കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിക്കാന്‍ നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.
ഇതിനായി നഗരസഭകള്‍ക്ക് പത്ത് ലക്ഷവും പഞ്ചായത്തുകള്‍ക്ക് അഞ്ച് ലക്ഷം വരെയും തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കാം. കുടിവെള്ളം വിതരണം ചെയ്യുന്ന സ്ഥലവും സമയവും പഞ്ചായത്ത് ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കും. പഞ്ചായത്ത് തല മോണിറ്ററിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുടിവെള്ള വിതരണം നടക്കുക. വിതരണം ചെയ്യുന്ന വെള്ളം ദുരപയോഗം ചെയ്യുന്നത് തടയാനും യോഗം തീരുമാനിച്ചു.
പൊന്നാനി നഗരസഭയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് നിറം മാറ്റം സംഭവിച്ചത് പരിശോധിക്കാന്‍ യോഗം തീരുമാനിച്ചു. വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതി പ്രകാരം പ്രവൃത്തികള്‍ നടത്തുന്നതിന് 2.50 കോടി ജില്ലക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നേരത്തേ അനുവദിച്ച 2.70 കോടിക്ക് പുറമെയാണിത്. ജലവകുപ്പ് മുഖേനെ 215 പ്രവൃത്തികള്‍ സമര്‍പ്പിച്ചു. ഇതില്‍ 17 എണ്ണം പൂര്‍ത്തിയായി. ശേഷിക്കുന്നവയുടെ പണി പുരോഗമിക്കുകായാണ്.
മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിപ്രകാരം ജില്ലയിലെ 15 ബ്ലോക്കുകളിലായി 2.93 കോടി ചെലവില്‍ 535 താത്കാലിക തടയണ നിര്‍മാണത്തിന് അംഗീകാരം നല്‍കിയതില്‍ 507 എണ്ണം പൂര്‍ത്തിയായി. ചെറുകിട ജലസേചന വിഭാഗം തവനൂര്‍, പുലാമന്തോള്‍, ഏലംകുളം വില്ലേജുകളില്‍ 18 ലക്ഷം ചെലവില്‍ മൂന്ന് താല്‍കാലിക തടയണകള്‍ നിര്‍മിക്കുന്നുണ്ട്. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി.
എം എല്‍ എ മാരായ പി ഉബൈദുല്ല, എം ഉമ്മര്‍, സി മമ്മൂട്ടി, ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ്, മഞ്ചേരി നഗരസഭ ചെയര്‍മാന്‍ ഇസ്ഹാഖ് കുരിക്കള്‍, സബ്കലക്റ്റര്‍ ടി മിത്ര, നഗരസഭ വൈസ്‌ചെയര്‍പേഴ്‌സന്‍ കെ എം ഗിരിജ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.