Connect with us

Gulf

റിയാദില്‍ തൊഴില്‍ പരിശോധന രണ്ട് മാസത്തേക്ക് നിര്‍ത്തിവെച്ചു

Published

|

Last Updated

nitaqat

റിയാദ്:സഊദി തൊഴില്‍ വിപണിയില്‍ നടപ്പാക്കുന്ന നിതാഖാത്തിന്റെ ഭാഗമായുള്ള തൊഴില്‍ പരിശോധന റിയാദ് പ്രവിശ്യയില്‍ രണ്ട് മാസത്തേക്ക് നിര്‍ത്തിവെച്ചു. റിയാദ് ഗവര്‍ണര്‍ അമീര്‍ ഖാലിദ് ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വിസയില്‍ രേഖപ്പെടുത്തിയ തൊഴില്‍ തന്നെയാണ് ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തുന്ന പരിശോധനയാണ് നീട്ടിവെച്ചത്. രണ്ട് മാസത്തിനുള്ളില്‍ ക്രമക്കേടുകള്‍ക്ക് പരിഹാരം കാണണമെന്ന് ഗവര്‍ണര്‍ ഉത്തരവിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍മാണ, വ്യവസായ, വിദ്യാഭ്യാസ മേഖലകളിലെ സമ്മര്‍ദമാണ് തീരുമാനത്തിന് പിന്നിലെന്ന് പറയപ്പെടുന്നുണ്ടെങ്കിലും പരിശോധനക്കിടയില്‍ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വിസാ പരിശോധന മൂലം ലക്ഷക്കണക്കിന് മലയാളികള്‍ പ്രയാസമനുഭവിച്ചിരുന്നു. പരിശോധനയെ തുടര്‍ന്ന് നിരവധി പ്രവാസികള്‍ കച്ചവടസ്ഥാപനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം, രാജ്യത്ത് അനധികൃതമായി തങ്ങുന്നവരും ബിനാമി ഇടപാട് നടത്തുന്നവരും ഈ ഇളവിന് കീഴില്‍ വരില്ല. സ്‌പോണ്‍സറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്നവര്‍ക്കും ഇളവ് ബാധകമായിരിക്കില്ല. പ്രൊഫഷന്‍ പരിശോധനക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. റിയാദ് മേഖലയിലെ സ്വദേശിവത്കരണ പരിശോധനക്കായി പ്രത്യേക സംഘത്തെയും ഗവര്‍ണറേറ്റ് സജ്ജമാക്കും. പരിശോധന നടപടികളെക്കുറിച്ച് രൂപം കാണാനുള്ള കമ്മിറ്റിയും നിലവില്‍ വന്നിട്ടുണ്ട്. റിയാദ് പ്രവിശ്യക്ക് പിന്നാലെ മറ്റു പ്രവിശ്യകളും നിതാഖാത്ത് പരിശോധന മാറ്റിവെക്കുമെന്നാണ് സൂചന. സ്‌പോണ്‍സറുടെ കീഴിലല്ലാതെ തൊഴിലെടുക്കുന്നത് ഇനിമേല്‍ അനുവദിക്കേണ്ടതില്ലെന്ന നിയമത്തിന് മാര്‍ച്ച് 18നാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. സഊദിയിലുള്ള എട്ട് ലക്ഷത്തിലധികം വരുന്ന മലയാളികളില്‍ പകുതിയോളം പേരും സ്‌പോണ്‍സര്‍ക്കു കീഴിലല്ല ജോലി ചെയ്യുന്നത്. മലയാളികളുടെ നിയന്ത്രണത്തിലുള്ള മിക്ക വ്യാപാര സ്ഥാപനങ്ങളിലും ഭൂരിഭാഗം പേരും പുറത്തുള്ള സ്‌പോണ്‍സറുടെ കീഴിലുള്ളവരാണ്. ജിദ്ദയിലും റിയാദിലുമാണ് ഏറ്റവും കൂടുതല്‍ ഫ്രീവിസക്കാരുള്ളത്.

പ്രമുഖ നിര്‍മാണ കമ്പനികള്‍ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്ലാതെ ജോലിയെടുക്കുന്നവരെ ജോലിയില്‍ നിന്നൊഴിവാക്കാന്‍ തുടങ്ങിയതോടെ മലയാളികളടക്കം ആയിരക്കണക്കിന് തൊഴിലാളികള്‍ തൊഴില്‍രഹിതരായിരുന്നു.

websiteവെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം

തിരുവനന്തപുരം: സഊദി അറേബ്യയിലെ സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി നാട്ടില്‍ തിരികെ എത്തുന്ന പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ (www.norkaroots.net) വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതിനു പുറമെ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലെ ഹെല്‍പ്പ് ഡസ്‌കുകളിലൂടെയും തിരികെ എത്തുന്ന പ്രവാസികളുടെ വിവരം ശേഖരിക്കും. പ്രവാസി മലയാളികള്‍ വെബ്‌സൈറ്റിലൂടെയും വിമാനത്താവളങ്ങളിലെ ഹെല്‍പ്പ് ഡസ്‌ക്കുകളിലൂടെയും വിവരങ്ങള്‍ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഹെല്‍പ്പ് ലൈന്‍ സെന്ററുകള്‍ തുറക്കുമെന്ന് സംഘടന പ്രസിഡന്റ് ഡോ. ബിജു രമേശ് അറിയിച്ചു. പ്രവാസികളുടെ തൊഴില്‍ വൈദഗ്ധ്യം അനുസരിച്ച് കേരള ചേംബര്‍ അംഗങ്ങളുടെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളില്‍ തൊഴില്‍ നല്‍കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങളെ ഉള്‍പ്പെടുത്തിയായിരിക്കും ഹെല്‍പ്പ് സെന്ററുകള്‍ പ്രവര്‍ത്തിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം: 0471-2570161, കൊച്ചി: 0484-2380950, കോഴിക്കോട്: 0495 -2742929 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.