Connect with us

Kerala

സംസ്ഥാനത്ത് രണ്ട് ദിവസം വൈദ്യുതി നിയന്ത്രണം

Published

|

Last Updated

power cut..

തിരുവനന്തപുരം:കേന്ദ്ര വൈദ്യുതി വിഹിതത്തിലെ കുറവിനെ തുടര്‍ന്ന് നിലവില്‍ രാവിലെയും രാത്രിയും അരമണിക്കൂര്‍ വീതമുള്ള ലോഡ്‌ഷെഡിംഗിനു പുറമെ സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടുതല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുപ്രകാരം രാവിലെ 11നും വൈകീട്ട് നാലിനുമിടയില്‍ അരമണിക്കൂര്‍ വൈദ്യുതി നിലക്കും. നിലവില്‍ രണ്ട് ദിവസത്തേക്കാണ് നിയന്ത്രണമെങ്കിലും പ്രതിസന്ധി നീളുകയാണെങ്കില്‍ നിയന്ത്രണം തുടര്‍ന്നേക്കും. കേന്ദ്ര വൈ ദ്യുതി വിഹിതത്തില്‍ 428 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് വന്നതിനെ തുടര്‍ന്നാണ് അധിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒഡീഷയിലെ താല്‍ച്ചര്‍ നിലത്തില്‍ നിന്ന് മാത്രം കേരളത്തിന് ലഭിക്കേണ്ട 400 മെഗാവാട്ട് വൈദ്യുതിയില്‍ നിന്ന് കഴിഞ്ഞ മൂന്ന് ദിവസമായി 200 മെഗാവാട്ട് വൈദ്യുതി മാത്രമെ കിട്ടുന്നുള്ളൂ. ദക്ഷിണേന്ത്യയിലെ വിവിധ ഊര്‍ജ വ്യാപാരികളില്‍ നിന്ന് ഏപ്രിലില്‍ 500 മെഗാവാട്ട് മുതല്‍ 550 മെഗാവാട്ട് വരെ വാങ്ങാന്‍ കരാറില്‍ ഒപ്പിട്ടിരുന്നു. എങ്കിലും വിവിധ കാരണങ്ങളാല്‍ 200 മുതല്‍ 250 മെഗാവാട്ട് വൈദ്യുതി മാത്രമേ കിട്ടുന്നുള്ളൂ. മെയ് മാസത്തില്‍ മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി ഉത്പാദനത്തിനുള്ള വെള്ളം അണക്കെട്ടുകളില്‍ അവശേഷിക്കില്ലെന്നാണ് ആശങ്ക. അതിനിടെ, വന്‍തോതില്‍ ജലവൈദ്യുതി ഉത്പാദിപ്പിക്കുന്നതും ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. രണ്ട് ദിവസമായി 20 ദശലക്ഷം യൂനിറ്റ് വരെയാണ് ജലവൈദ്യുതി ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 12 ദശലക്ഷം യൂനിറ്റ് മുതല്‍ 13 ദശലക്ഷം യൂനിറ്റ് വരെയായിരുന്നു. വേനലായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്.നിയന്ത്രണം പരമാവധി ഒഴിവാക്കുന്നതിന് കായംകുളം താപനിലയത്തില്‍ നിന്ന് വില കൂടിയ വൈദ്യുതി വാങ്ങി കെ എസ് ഇ ബി വിതരണം ചെയ്യുന്നുണ്ട്. അതേസമയം, കേരളത്തിനുള്ള കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ 107 മെഗാവാട്ടിന്റെ കുറവാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കല്‍ക്കരി ക്ഷാമം നിമിത്തം താല്‍ച്ചര്‍ താപവൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതാണ് കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ കുറവുണ്ടായത്. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ രാത്രി അധിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വൈകീട്ട് 6.30 മുതല്‍ 10.30 വരെ സാധാരണനിലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോഡ്‌ഷെഡിംഗിനു ശേഷം രാവിലെ മൂന്ന് വരെയാണ് അധിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതിനൊപ്പം ഉപയോഗവും കൂടിയതോടെ പകല്‍ വൈദ്യുതി നിയന്ത്രണം അനിവാര്യമായി. വൈകീട്ട് നാല് വരെയാണ് നിയന്ത്രണം ഉണ്ടാവുക. നിയന്ത്രണത്തിലൂടെ ഒരു ദിവസം 400 മെഗാവാട്ട് ലാഭിക്കാനാണ് കെ എസ് ഇ ബി ലക്ഷ്യമിടുന്നത്.

 

---- facebook comment plugin here -----

Latest