Connect with us

Wayanad

ഉത്പന്നങ്ങളുടെ വില ഭീമമായി വര്‍ദ്ധിപ്പിച്ച് കരിങ്കല്‍ ക്വാറി ഉടമകളുടെ കൊള്ള

Published

|

Last Updated

കല്‍പ്പറ്റ: കരിങ്കല്‍ ഉത്പ്പന്നങ്ങളുടെ വില ഭീമമായി വര്‍ധിപ്പിച്ച് ക്വാറി ഉടമകള്‍ ഉപഭോക്താക്കളെ കൊളളയടിക്കുന്നു. ജില്ലാ ഭരണകൂടം നിസംഗത പാലിക്കുന്നതിനാല്‍ ക്വാറി ഉടമകള്‍ തോന്നിയപോലെയാണ് കരിങ്കല്ലിനു വില ഈടാക്കുന്നത്.
ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ക്വാറി ഉടമകള്‍ കരിങ്കല്ലിനു വില വര്‍ധിപ്പിച്ചപ്പോള്‍ ടിപ്പര്‍ ഡ്രൈവര്‍മാരും നിരക്ക് കൂട്ടി. പല ക്വാറികളിലും പല വിലയാണ് ഈടാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങള്‍ ജില്ലയിലെ ഭൂരിഭാഗം ക്വാറികളും അടച്ചിട്ടിരുന്നു. തുടര്‍ന്ന് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഒരു വര്‍ഷത്തേക്കാണ് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്. അതുപ്രകാരം കഴിഞ്ഞമാസം ജില്ലയിലെ ഭൂരിഭാഗം ക്വാറികളും പ്രവര്‍ത്തനമാരംഭിച്ചു. പുതിയ അനുമതിയോടെ പ്രവര്‍ത്തനമാരംഭിച്ചതിന്റെ മറവിലാണ് നിരക്ക് കൂട്ടിയത്. കഴിഞ്ഞ സെപ്തംബറില്‍ ക്വാറികള്‍ നിറുത്തലാക്കുമ്പോള്‍ ഒരു ലോഡ് കല്ലിന് 950 രൂപയും വാഹനക്കൂലി മിനിമം 10 കിലോമീറ്ററിന് 800 രൂപയുമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞമാസം ഇത് യഥാക്രമം 1400, 1200 രൂപയായി വര്‍ധിപ്പിച്ചു. ഇതേ രീതിയില്‍ മറ്റു കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കും മണലിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ ഒരു അടി മെറ്റലിന് 18 രൂപ ഈടാക്കുമ്പോള്‍ വയനാട് ജില്ലയില്‍ 38 രൂപയാണ് ക്വാറി ഉടമകള്‍ ഈടാക്കുന്നത്. 150 അടി വരുന്ന ഒര ലോഡ് ബോളറിന് വയനാട്ടില്‍ 2900 രൂപ ഈടാക്കുമ്പോള്‍ മറ്റു ജില്ലകളില്‍ 2200 രൂപയാണ് വില. എല്ലായിടത്തും തൊഴിലാളികള്‍ക്കുള്ള കൂലിയും മറ്റു ചെലവുകളും സമാനം. പക്ഷെ, വയനാട്ടില്‍ മാത്രമാണ് പകല്‍ക്കൊള്ള. 35 മുതല്‍ 40 ശതമാനം വരെ വിലവര്‍ധനവാണ് ക്വാറി ഉടമകള്‍ വരുത്തിയിരിക്കുന്നത്.
ക്വാറി ഉടമകള്‍ അമിത വില ഈടാക്കുന്നുവെന്ന് വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജില്ലാ ഭരണകൂടം ഇടപെട്ട് വില വര്‍ധനക്ക് നിയന്ത്രണങ്ങള്‍ വെച്ചിരുന്നു. ഇതെല്ലാം കാറ്റില്‍ പറത്തിയാണ് നിലവില്‍ വില വര്‍ധിപ്പിച്ചത്. അമ്പലവയല്‍ മേഖലയില്‍ മാത്രം 50 ഓളം ക്വാറികളുണ്ട്. ജില്ലയില്‍ മൊത്തം ഏകദേശം 150 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് കരിങ്കല്‍ അവശ്യ ഘടകമാണെന്നതിനാല്‍ അമിതമായ വില കൊടുത്ത് കരിങ്കല്‍ വാങ്ങാന്‍ നിര്‍ബന്ധിതരാവുകയാണ് പൊതു ജനം. സാധാരണക്കാരെയാണ് ഇത് ഏറെ ബാധിക്കുന്നത്. ആദിവാസി, പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭവന നിര്‍മാണത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്ന തുക തീരെ പരിമിതമാണ്.
കരിങ്കല്ലിന് വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പിന്നാക്ക വിഭാഗക്കാരുടെ പാര്‍പ്പിട മോഹം സ്വപ്‌നം മാത്രമായി മാറുകയാണ്. വില വര്‍ധനയുടെ 90 ശതമാനവും വളരെ ചുരുക്കം വരുന്ന ക്വാറി ഉടമകളുടെ കീശയിലാണ് എത്തുന്നത്. ഭൂരിഭാഗം ക്വാറി ഉടമകള്‍ക്കും നിരവധി ടിപ്പറുകളുണ്ട്. ഫലത്തില്‍ വാഹനക്കൂലി വര്‍ധനവിലുള്ള കൊള്ളലാഭവും എത്തുന്നത് ക്വാറി ഉടമകളുടെ കീശയില്‍ തന്നെ. വയനാട്ടിലെ പ്രകൃതിക്കു കടുത്ത ഭീഷണിയുയര്‍ത്തിയാണ് പല ക്വാറികളും പ്രവര്‍ത്തിക്കുന്നത്. പല സ്ഥലങ്ങളിലും മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി അളവിലും കൂടുതല്‍ കരിങ്കല്‍ പൊട്ടിച്ച് വില്‍പന നടത്തുന്നുണ്ട്. ഉദ്യോഗസ്ഥരെ “കയ്യയച്ച്” സഹായിക്കുന്നതു കൊണ്ടാണ് പല ക്വാറികളും പ്രവര്‍ത്തിക്കുന്നത്.
ഇതിനിടെ, ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവും അശാസ്ത്രീയമായ കരിങ്കല്‍ ഖനനം തടയണമെന്നും ആവശ്യപ്പെട്ട് വയനാട് പ്രകൃതി വിഭവ ഉപഭോക്തൃ സംരക്ഷണ സമിതി ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.
അമ്പലവയലിലെ ട്രേഡ് യൂണിയന്‍ നേതാക്കളാണ് ഉപഭോക്തൃ സംരക്ഷണ സമിതി രൂപീകരിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest