ഇ ഡിസ്ട്രിക്ട് പദ്ധതി ലക്ഷ്യത്തിലെത്തുന്നില്ല

Posted on: April 4, 2013 7:37 am | Last updated: April 5, 2013 at 8:58 am

Logo-Internet-Explorerനിലമ്പൂര്‍: സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ഇ ഡിസ്ട്രിക്ട് പദ്ധതി ലക്ഷ്യത്തിലെത്തുന്നില്ല. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വണ്ടിയുള്ള അപേക്ഷ സര്‍ക്കാര്‍ ഓഫീസുകളില്‍ സമയം പാഴാക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇ ഡിസ്ട്രിക്ട് പദ്ധതി ആരംഭിച്ചത്.
ഇതു പ്രകാരം വില്ലേജ് ഓഫീസുകളില്‍ നിന്നും ലഭിക്കേണ്ട 23 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ ലൈനായി ലഭിക്കും. നിലവില്‍ റവന്യ വകുപ്പില്‍ നിന്നുള്ള സര്‍ട്ടിഫിക്റ്റുകളാണ് ഓണ്‍ലൈനായി നല്‍കുന്നത്. മറ്റു വകുപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനായി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ജില്ലയില്‍ പെരിന്തല്‍മണ്ണ, നിലമ്പൂര്‍ താലൂക്കുകളാണ് ഇ ഡിസ്ട്രിക്ട് പദ്ധതി തുടങ്ങിയതെങ്കിലും പിന്നീടത് മറ്റു തലങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു. എന്നാല്‍ അപേക്ഷകര്‍ക്ക് ഈ പദ്ധതി സംബന്ധിച്ചുള്ള അജ്ഞത ഇതുവരെ നീങ്ങിയിട്ടില്ല. ഇപ്പോഴും നൂറു കണക്കിന് അപേക്ഷകര്‍ ദിനം പ്രതി വരുന്ന നിരവധി വില്ലേജുകളുണ്ടെങ്കിലും ഇ ഡിസ്ട്രിക് മുഖാന്തിരം അപേക്ഷിക്കുന്നത് മാസത്തില്‍ ആയിരത്തില്‍ താഴെ ആളുകള്‍ മാത്രമാണെന്ന് നിലമ്പൂര്‍ തഹസില്‍ദാര്‍ എം അബ്ദുസ്സലാം പറഞ്ഞു. സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഓഫീസ് വരാന്തകളില്‍ മണിക്കൂറുകളോളം കാത്തു കെട്ടി കിടക്കുന്നത് ഒഴിവാക്കാനായുള്ള ഈ പദ്ധതിയുണ്ടായിട്ടും ഇത് ഉപയോഗപ്പെടുത്താത്തത് അജ്ഞത മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.
പദ്ധതി പ്രകാരം അപേക്ഷകര്‍ക്ക് ഏറ്റവും അടുത്തുള്ള അക്ഷയ സെന്ററുകളില്‍ വിവരം നല്‍കി രജിസ്‌ട്രേഷന്‍ നടത്താം. അപേക്ഷയോടൊപ്പം ആവശ്യമുള്ള രേഖകള്‍ സ്‌കാന്‍ ചെയ്താണ് നല്‍കേണ്ടത്. ഒരു പ്രാവശ്യം മാത്രം രേഖകള്‍ സ്‌കാന്‍ ചെയ്തു നല്‍കിയാല്‍ മതി. പിന്നീട് ലഭിക്കുന്ന രജിസ്‌ട്രേഷന്‍ നനമ്പര്‍ ഉപയോഗിച്ച് അജീവനാന്തം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ നല്‍കാം.
ജാതി, മതം, റസിഡന്‍സ്, റിലേഷന്‍ഷിപ്പ്, നേറ്റിവിറ്റി, സ്ഥിര താമസം, വരുമാനം, കൈവശാവകാശം, തിരിച്ചറിയല്‍, പിന്തുടര്‍ച്ചാവകാശം, ലൊക്കേഷന്‍, കണ്‍വേര്‍ഷന്‍, ആശ്രിത, അഗതി ഫാമിലി മെമ്പര്‍ഷിപ്പ്, മിശ്ര വിവാഹം, നോണ്‍ റീ മാരേജ്, വണ്‍ ആന്റ്‌സെയിം, പെന്‍ഷന്‍ ആന്‍ഡ് അറ്റാച്ച്‌മെന്റ് വാല്വേഷന്‍, വിഡോ – വിസോവര്‍ തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളാണ് ഓണ്‍ ലൈനിലൂടെ ലഭിക്കുക.സേവനാവകാശ നിയമത്തില്‍ നിര്‍ദേശിച്ച പ്രകാരം മൂന്നു മുതല്‍ ആറു ദിവസത്തിനുള്ളിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുക. 20 രൂപയാണ് അക്ഷയ സെന്ററുകളിലെ സര്‍വീസ് ചാര്‍ജ്.
അപേക്ഷകന്റെ മൊബൈലില്‍ അപേക്ഷയുടെ നിജസ്ഥിതി ലഭിക്കാനുള്ള സംവിധാനവുമുണ്ട്.
നിശ്ചിത സമയത്തിനകം വില്ലേജ് ഓഫീസര്‍മാര്‍ അപേക്ഷകളില്‍ തീര്‍പ്പാക്കിയില്ലെങ്കില്‍ സ്വമേധയാ തഹസില്‍ദാറുടെ പരിഗണനക്കെത്തുംവിധമാണ് സോഫ്റ്റ്‌വെയര്‍ സജ്ജമാക്കിയിട്ടുള്ളത്. ഇതിനായി മുഴുവന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സി ഡിറ്റ് പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്.
വില്ലേജ് ഓഫീസുകളില്‍ ഇന്‍ര്‍നെറ്റ് സൗകര്യവും ഓഫീസര്‍മാര്‍ക്ക് ലാപ്പ് ടോപ്പുകളും പ്രത്യേകമായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങളും അക്ഷയ സെന്ററുകളുടെ അഭാവവുമാണ് പദ്ധതിക്ക് വിഘാതമാവുന്നത്. പല വില്ലേജ് പരിധികളിലും അക്ഷയ സെന്ററുകള്‍ ഇല്ലാത്തതും പല അക്ഷയ സെന്റര്‍ ജീവനക്കാര്‍ക്കും പദ്ധതി സംബന്ധിച്ച് ധാരണയില്ലാത്തതും ബുദ്ധിമുട്ടാകുകയാണ്.