വടകര – മാഹി കനാല്‍ പ്രവൃത്തി മന്ത്രി പി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും

Posted on: April 4, 2013 7:21 am | Last updated: April 4, 2013 at 7:21 am

വടകര: മലബാറിന്റെ സമഗ്ര വികസനത്തിന് വഴി തുറക്കുന്ന വടകര – മാഹി കനാലിന്റെ പ്രവൃത്തി ഉദ്ഘാടനം ഈ മാസം ആറിന് തിരുവള്ളൂര്‍ പഞ്ചായത്തിലെ കന്നിനടയില്‍ ജലവിഭവ മന്ത്രി പി ജെ ജോസഫ് നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുറ്റിയാടി-വടകര-നാദാപുരം നിയോജക മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന കനാലിന് 17.61 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. 36 മീറ്ററാണ് വീതി. കനാലിന്റെ ഒരു വശത്ത് റോഡും മറു ഭാഗത്ത് ഫുട്പാത്തുമാണുള്ളത്. മുഴീക്കല്‍ മുതല്‍ കന്നിനടവരെയുള്ള നാല് കിലോമീറ്ററാണ് ആദ്യഘട്ടം വികസിപ്പിക്കുന്നത്. 23 കോടി രൂപയാണ് ഇതിന് അനുവദിച്ചത്. കന്നിനട മുതല്‍ 10.61 കിലോമീറ്റര്‍ വികസിപ്പിക്കാന്‍ 69.5 കോടിയുടെ പദ്ധതിയാണ് നബാര്‍ഡിന്റെ സഹായത്തോടെ നടപ്പിലാകുന്നത്. അവസാന ഭാഗത്തിന് 23.5 കോടി സംസ്ഥാന സര്‍ക്കാരും അനുവദിച്ചിട്ടുണ്ട്. സാങ്കേതികാനുമതി ലഭിച്ചാല്‍ എത്രയും പെട്ടെന്ന് തന്നെ അവസാന ഭാഗത്തിന്റെ ടെന്‍ഡറും നടക്കും.
ശനിയാഴ്ച ഉദ്ഘാടനം ചെയ്യുന്ന ആദ്യഭാഗം ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കണം. മൂന്ന് വര്‍ഷം കൊണ്ട് കനാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉള്‍നാടന്‍ ജലപാത യാഥാര്‍ഥ്യമാക്കാനാണ് നീക്കം. ചടങ്ങില്‍ കെ കെ ലതിക എം എല്‍ എ അധ്യക്ഷത വഹിക്കും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ ശാന്തടീച്ചര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോസ് അബ്രഹാം, ടി കെ വേണു, സി പി ചാത്തു, ഗംഗാധരന്‍ കൊടക്കാട്ട്, ടി കെ കുഞ്ഞമ്മദ് മാസ്റ്റര്‍ പങ്കെടുത്തു.