Connect with us

Articles

പാക്കിസ്ഥാന്‍ തിരഞ്ഞെടുക്കാന്‍ പോകുന്നത്

Published

|

Last Updated

പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ദേശീയ, പ്രവിശ്യാ കാവല്‍ സര്‍ക്കാറുകള്‍ നിലവില്‍ വന്നു. സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുളള തിരക്കിട്ട ചര്‍ച്ചകളിലാണ് നേതാക്കള്‍. ഭരണ കക്ഷിയായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയേക്കാള്‍ ഏറെ മുന്നിലാണ് പ്രതിപക്ഷ കക്ഷികള്‍. മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് (എന്‍) മന്‍സേരായിലും മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാന്‍ തഹ്‌രീക്കെ ഇന്‍സാഫ് പാര്‍ട്ടി ലാഹോറിലും കൂറ്റന്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടത്തി. ആയിരക്കണക്കിനാളുകളാണ് റാലികളില്‍ ഇരച്ചെത്തിയത്. റാലികളെ മുന്‍ നിര്‍ത്തി മാത്രം ശരീഫും ഇമ്രാനും വിജയം അവകാശപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മുന്‍ പട്ടാള മേധാവി പര്‍വേസ് മുശര്‍റഫ് പ്രവാസം മതിയാക്കി തിരിച്ചുവന്നതോടെ നാലാമതൊരു നേതാവിന്റെ സാന്നിധ്യം ദേശീയ രാഷ്ട്രീയ വിശകലനങ്ങളില്‍ നിറയുന്നുണ്ട്. എന്നാല്‍ പാക് തിരഞ്ഞെടുപ്പുകളില്‍ നിര്‍ണായകമായ പ്രാദേശിക വികാരങ്ങളും ഗോത്രപരവും സമുദായപരവുമായ ആശ്രിതത്വങ്ങളും മേധാവിത്വങ്ങളും ഒരു വിശകലനത്തിനും പിടികൊടുക്കാതെ കുഴഞ്ഞു മറിഞ്ഞു തന്നെ കിടക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ പി പി പിയുടെ മെല്ലെപ്പോക്കിന് മൂന്ന് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്നാമത്തേത് ആര് നയിക്കുമെന്ന ആശയക്കുഴപ്പം തന്നെ. നേതാക്കളുടെ നീണ്ട നിരയുണ്ട് പി പി പിക്ക്. പക്ഷേ ബേനസീര്‍ ഭൂട്ടോയുള്ളപ്പോള്‍ അവരുടെ നിഴലിലും ഇപ്പോള്‍ ആസിഫലി സര്‍ദാരിയുടെ നിഴലിലും ഈ രണ്ടാം നിരക്കാര്‍ അകപ്പെട്ടു പോകുന്ന രീതിയാണ് പാര്‍ട്ടിയിലുള്ളത്. പ്രസിഡന്റായിരിക്കെ സര്‍ദാരിക്ക് സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് കോടതി വിലക്കുണ്ട്. കോടതിയലക്ഷ്യം ഒഴിവാക്കാന്‍ പാര്‍ട്ടിയുടെ സഹാധ്യക്ഷ സ്ഥാനം അദ്ദേഹം ഈയിടെ ഒഴിഞ്ഞിരുന്നു. പിന്നെയുള്ളത് സര്‍ദാരിയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയാണ്. ഇരുപത്തഞ്ച് വയസ്സ്(തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മിനിമം പ്രായം) തികഞ്ഞിട്ടില്ല ബിലാവലിന്. അത് കുഴപ്പമില്ലെന്ന് വെക്കാവുന്നതാണ്. കാരണം മാതാവ് ബേനസീര്‍ ഭൂട്ടോയുടേയും അവരുടെ പിതാവ് സുല്‍ഫീക്കര്‍ അലി ഭൂട്ടോയുടെയും സ്മരണകള്‍ ആവാഹിച്ച് ജനങ്ങളെ ഹിപ്‌നോട്ടൈസ് ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ മുഖം തന്നെയാണ് ബിലാവലിന്റെത്. എങ്ങോട്ട് നില്‍ക്കുമെന്ന് ഒരു ഉറപ്പുമില്ലാത്ത, 20 ശതമാനം വരുന്ന പുതിയ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഏറ്റവും അനുയോജ്യനുമാണ് ബിലാവല്‍. വംശവൃക്ഷത്തിന്റെ ചുവട്ടില്‍ മുളച്ച ഈ വിത്തിന് ചരിത്രത്തിന്റെ സൂര്യപ്രകാശം മാത്രം മതി വിജയം പാകം ചെയ്‌തെടുക്കാന്‍. പക്ഷേ പിതൃനിരാസത്തിന്റെ സമ്മര്‍ദത്തിലാണ് ബിലാവല്‍. സര്‍ദാരിയുടെ നിഴല്‍ എല്ലാ വെളിച്ചങ്ങളെയും മറയ്ക്കുന്നു. അദ്ദേഹം തന്നെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഗ്രഹണത്തിന്റെ ഉഗ്രത കൂട്ടാന്‍ അദ്ദേഹത്തിന്റെ സഹോദരി ഫരിയാലും രംഗത്തുണ്ട്. ഈ ഗ്രഹണത്തില്‍ നിന്ന് പുറത്തു കടന്നേ തന്റെ ഉദയം സാധ്യമാകൂ എന്ന് ബിലാവല്‍ കണക്കുകൂട്ടുന്നു. സിന്ധ് പ്രവിശ്യയിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഇടപെട്ടു കൊണ്ട് അദ്ദേഹം പിതൃ നിരാസത്തിന് തുടക്കം കുറിച്ചു.

അമേരിക്കയുടെ ഡ്രോണ്‍ ആക്രമണങ്ങളെ പാര്‍ട്ടി ശക്തമായി അപലപിക്കണമെന്ന് ബിലാവല്‍ തറപ്പിച്ചു പറഞ്ഞു. താലിബാന്റെ ആക്രമണത്തിനിരയായ മലാല യൂസുഫ്‌സായിക്ക് പാര്‍ട്ടി അര്‍ഹിച്ച പിന്തുണ നല്‍കിയില്ലെന്ന് “യുവ രാജാവ്” പരാതിപ്പെട്ടു. അമേരിക്കന്‍ ഇടപെടലിനോടും താലിബാനോടും ഒരുപോലെ മൃദു സമീപനം പുലര്‍ത്തുന്ന പി പി പിയുടെ അടിസ്ഥാന നയത്തെ തന്നെയാണ് ബിലാവല്‍ വെല്ലുവിളിച്ചത്. അതോടെ സര്‍ദാരി ഇടഞ്ഞു. അധികാര കൈമാറ്റം നടന്നിട്ടില്ലെന്ന് അദ്ദേഹം മകനെ ഓര്‍മിപ്പിച്ചു. അങ്ങനെയാണ് ബിലാവല്‍ രാജ്യം വിട്ടത്. പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത് പോലെ തീര്‍ത്തും സുരക്ഷാ പ്രശ്‌നം ആയിരുന്നില്ല അത്. തീര്‍ച്ചയായും സുരക്ഷാ ഭീതിയുണ്ട്. ജനങ്ങളെ തൊടുന്നതിന് അത് തടസ്സമാകുന്നുമുണ്ട്. പക്ഷേ പുറപ്പാട് അതുകൊണ്ട് മാത്രമായിരുന്നില്ല. ഏതായാലും ഒടുവില്‍ ബിലാവല്‍ തിരിച്ചെത്തിയിരിക്കുന്നു. അകത്തെ പ്രശ്‌നങ്ങള്‍ അടക്കാനായാല്‍ പ്രചാരണത്തിന്റെ മുന്‍നിരയില്‍ ബിലാവലിനെ കാണാം. അദ്ദേഹം മനസ്സ് തുറക്കില്ലെങ്കിലും.
കാലാവധി പൂര്‍ത്തിയാക്കിയ സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടിയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങളാണ് ഗോദയിലേക്ക് എടുത്തുചാടാന്‍ പി പി പിക്ക് തടസ്സമാകുന്ന മറ്റൊരു ഘടകം. പ്രവിശ്യകളിലെയും കേന്ദ്രത്തിലെയും കാവല്‍ മന്ത്രിസഭകള്‍ രൂപവത്കരിക്കുന്നതിന് പി പി പിയുടെ ഉന്നത നേതാക്കള്‍ ഏറെ സമയം ചെലവിട്ടു. കാവല്‍ മന്ത്രിസഭകളുടെ കീഴില്‍ തിരഞ്ഞെടുപ്പ് നടക്കണമെന്നാണ് പാക്കിസ്ഥാനിലെ ചട്ടം. ഈ മന്ത്രിസഭകളില്‍ തങ്ങളുടെ ആളുകള്‍ ഉണ്ടാകുന്നത് ഗുണം ചെയ്യുമെന്ന് പി പി പി കണക്ക് കൂട്ടുന്നു. മുന്‍ പ്രധാനമന്ത്രി യൂസുഫ് റാസാ ഗീലാനി, ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്, ഇപ്പോള്‍ സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി രാജാ പര്‍വേസ് അശ്‌റഫ്, മുന്‍ വിദേശകാര്യ മന്ത്രി ഖുറൈശി തുടങ്ങിയ നേതാക്കളെല്ലാം കേസുമായി കെട്ടിമറിയുന്നുവെന്നതാണ് പ്രചാരണത്തില്‍ പി പി പിക്ക് സ്റ്റാര്‍ട്ടിംഗ് പിഴവ് സമ്മാനിച്ച മറ്റൊരു ഘടകം.
ഈ പിഴവുകള്‍ പി പി പിയുടെ തിരിച്ചുവരവ് സാധ്യതകളെ തന്നെ ബാധിച്ചേക്കാമെന്നാണ് ഏറ്റവും പുതിയ സര്‍വേകള്‍ കാണിക്കുന്നത്. പാക്കിസ്ഥാനെപ്പോലെ സങ്കീര്‍ണമായ ഒരു രാഷ്ട്രീയ മണ്ഡലത്തില്‍ നടക്കുന്ന സര്‍വേകള്‍ മുന്നോട്ടു വെക്കുന്ന കണക്കുകള്‍ അപ്പടി പുലരാനുള്ള സാധ്യത വളരെ കുറവായിരിക്കാം. പക്ഷേ അവ ചില സൂചനകള്‍ നല്‍കുന്നുണ്ട്. ഗ്യാലപ്പ് പാക്കിസ്ഥാന്‍ എന്ന ഗ്രൂപ്പ് നടത്തിയ സര്‍വേ പറയുന്നത് പി പി പി ഏറെ പിന്നോട്ട് പോകുമെന്നാണ്. സര്‍വേയില്‍ പങ്കെടുത്ത വെറും 17 ശതമാനം പേര്‍ മാത്രമാണ് പി പി പിയെ പിന്തുണച്ചതത്രേ. 2008ല്‍ ഇതേ ഘട്ടത്തില്‍ ഇതേ ഗ്രൂപ്പ് നടത്തിയ സര്‍വേയില്‍ പി പി പിക്ക് 50 ശതമാനം പിന്തുണ പ്രവചിച്ചിരുന്നുവെന്നത് ഇതോട് ചേര്‍ത്ത് വായിക്കണം. അപ്പോള്‍ പുതിയ സര്‍വേ കുറേക്കൂടി വിശ്വാസ്യത കൈവരിക്കുന്നു. നവാസ് ശരീഫിന്റെ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് വ്യക്തമായ മുന്നേറ്റം നടത്തുമെന്നും ഗ്യാലപ്പ് പ്രവചിക്കുന്നു. തഹ്‌രീകെ ഇന്‍സാഫ് ആയിരിക്കുമത്രേ രണ്ടാമത്. ഇന്റര്‍നാഷനല്‍ റിപ്പബ്ലിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട് (ഐ ആര്‍ ഐ) നടത്തിയ സര്‍വേയും സമാനമായ പ്രവചനങ്ങള്‍ നടത്തുന്നു. പി എം എല്‍ ക്യൂ കാര്യമായ ചലനം സൃഷ്ടിക്കില്ലെന്നും സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ ഉത്തര്‍ പ്രദേശിന്റെ സ്ഥാനമാണ് പാക്കിസ്ഥാനില്‍ പഞ്ചാബ് പ്രവിശ്യക്കുള്ളത്. പഞ്ചാബ് പിടിക്കുന്നവര്‍ രാജ്യം ഭരിക്കുമെന്നാണ് പഴയ കണക്കുകള്‍ കാണിക്കുന്നത്. 2008ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ മത്സരം നടന്നത് പഞ്ചാബിലാണ്. അന്ന് 2000 വോട്ടിന്റെ വ്യത്യാസത്തില്‍ സ്ഥാനാര്‍ഥികള്‍ ദേശീയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 32 സീറ്റുകളിലാണ്. 1,0000ന് താഴെ വോട്ടിന് വിധി നിര്‍ണയിക്കപ്പെട്ടത് 97 സീറ്റുകളിലായിരുന്നു. ഇതില്‍ 66ഉം പഞ്ചാബിലായിരുന്നു. ഇവിടെ പി പി പിക്ക് നല്ല ജനകീയ അടിത്തറയുണ്ട്. പി എം എല്‍ എന്നിനും സ്വന്തമായ വോട്ട് ബേങ്കുണ്ട്. പുതിയ സാഹചര്യത്തില്‍ ഭരണവിരുദ്ധ വികാരം സൃഷ്ടിക്കുന്ന വോട്ട് ചോര്‍ച്ച പരിഹരിക്കാന്‍ തങ്ങള്‍ക്കാകുമെന്നാണ് പി പി പിയുടെ കണക്കുകൂട്ടല്‍. പി എം എല്‍ എന്നിനും തഹ്‌രീകെ ഇന്‍സാഫിനുമായി പി പി പിവിരുദ്ധ വോട്ടുകള്‍ വിഭജിക്കപ്പെടുന്നതോടെ ത്രികോണ മത്സരത്തില്‍ വിജയിച്ചു വരാനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. എന്നാല്‍ സര്‍വേ ഫലങ്ങള്‍ ഈ പ്രതീക്ഷയുടെ കടയ്ക്കല്‍ കത്തി വെക്കുന്നു. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പിടിക്കുന്ന വോട്ടുകള്‍ പി പി പിയുടെതും പി എം എല്‍ ക്യൂ അടക്കമുള്ള ചെറു പാര്‍ട്ടികളുടെതുമായിരിക്കുമെന്നാണ് പ്രവചനം. എന്നുവെച്ചാല്‍ നവാസ് ശരീഫിന് പരുക്കേല്‍ക്കില്ലെന്ന് തന്നെ. ഈ പാറ്റേണ്‍ മറ്റിടങ്ങളിലും ആവര്‍ത്തിച്ചാല്‍ പി എം എല്‍ (എന്‍) തന്നെ ജയിച്ചു വരും.
നവാസ് ശരീഫ് അധികാരത്തില്‍ വരുന്നത് അമേരിക്കക്ക് സഹിക്കാനാകില്ല. ഏറ്റവും ഒടുവില്‍ മുശര്‍റഫിന്റെ രംഗപ്രവേശം അടക്കമുള്ള സംഭവവികാസങ്ങളില്‍ അമേരിക്കയുടെ ചരടുവലിയുണ്ട്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നവാസിനെ അട്ടിമറിക്കുകയും സ്വയം പ്രഖ്യാപിത പ്രസിഡന്റ് സ്ഥാനവും സൈനിക മേധാവി സ്ഥാനവും ഒരുമിച്ച് കൈവശം വെച്ച് നാണം കെടുകയും ചെയ്ത മുശര്‍റഫിനെ “ദേശീയ നേതാവി”ന്റെ പരിവേഷം നല്‍കിയാണ് പുനരവതരിപ്പിച്ചിരിക്കുന്നത്. സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കണമെന്ന് അദ്ദേഹം പറയുമ്പോള്‍ പഴയ അധികാര മോഹങ്ങള്‍ തന്നെയാണ് മറനീക്കി പുറത്ത് വരുന്നത്.
വംശീയ സംഘട്ടനങ്ങള്‍, തീവ്രവാദി ആക്രമണങ്ങള്‍, ജനങ്ങള്‍ക്ക് മേല്‍ ബോംബ് മഴ പെയ്യിക്കുന്ന ആളില്ലാവിമാനങ്ങള്‍, കുതിച്ചുയരുന്ന ജീവിതച്ചെലവ്, നിയന്ത്രണമില്ലാതെ വ്യാപിക്കുന്ന ദാരിദ്യം, രൂക്ഷമായ തൊഴിലില്ലായ്മ, മാന്ദ്യം പിടിമുറുക്കിയ സമ്പദ്‌വ്യവസ്ഥ, സര്‍വവ്യാപിയായ അഴിമതി. എല്ലാം പി പി പി സര്‍ക്കാറിന്റെ പിടിപ്പുകേടിന് നേര്‍ സാക്ഷ്യങ്ങളാണ്. എല്ലാ മന്ത്രിമാരും അഴിമതിയാരോപിതരാണ്. തീവ്രവാദികളുമായും അമേരിക്കയുമായും ഒരു പോലെ തുരങ്ക സൗഹൃദം സൂക്ഷിച്ചു. അതുകൊണ്ട് രാജ്യത്ത് കടന്നുകയറി ഉസാമയെ വധിക്കാന്‍ അമേരിക്കക്ക് സാധിച്ചു. കാവല്‍ മന്ത്രിസഭ രൂപവത്കരിക്കുന്നതില്‍ വരെ അവര്‍ ഇടപെടുന്നു. ഇറാനുമായി ഈയടുത്ത് രൂപപ്പെടുത്തിയ സൗഹൃദം മാത്രമാണ് അമേരിക്കന്‍ വിധേയത്വത്തിന് അപവാദമായിട്ടുള്ളത്.
പി പി പി സര്‍ക്കാറിന്റെ പരാജയങ്ങള്‍ ജനത്തിന് പെട്ടെന്ന് മനസ്സിലാകും. എന്നാല്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ സര്‍ദാരിയും സംഘവും വഹിച്ച ചരിത്രപരമായ പങ്ക് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വിശദീകരിക്കുക പ്രയാസമാണ്. ഭരണഘടന മരവിപ്പിക്കാനുള്ള അധികാരം സൈന്യത്തില്‍ നിന്ന് എടുത്തു കളഞ്ഞു. പ്രസിഡന്റിന്റെ പ്രധാന്യം കുറച്ചു. പ്രധാനമന്ത്രിയെ ശക്തനാക്കി. പ്രവിശ്യാ സര്‍ക്കാറുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി. പക്ഷേ, ഗുരുതരമായ വീഴ്ചകളും ഉള്‍പ്പോരും ഈ നേട്ടങ്ങളെയാകെ അപ്രസക്തമാക്കുന്നു.
സഹതാപ തരംഗമില്ല. ഇതുവരെ വലിയ സുരക്ഷാ പ്രശ്‌നങ്ങളില്ല. വ്യക്തിപ്രഭാവത്തിന്റെ അമിത പ്രകടനങ്ങളില്ല. ജനങ്ങള്‍ കുറേക്കൂടി രാഷ്ട്രീയ നിശ്ചയദാര്‍ഢ്യം കാണിക്കുന്നുണ്ട്. പ്രത്യേകിച്ച് യുവാക്കള്‍. അവര്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നുണ്ട്. സുസ്ഥിരമായ സിവിലിയന്‍ സര്‍ക്കാര്‍ വേണമെന്ന് ജനം ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ നടക്കുന്ന രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. അത് എല്ലാ പ്രവചനങ്ങളെയും അസ്ഥാനത്താക്കി പുതിയ ഉദയങ്ങള്‍ സൃഷ്ടിച്ചേക്കാം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്