സീസണിലെ മികച്ച താരം ബാലെ: സിദാന്‍

Posted on: April 4, 2013 5:59 am | Last updated: April 4, 2013 at 12:43 am

ലണ്ടന്‍: യൂറോപ്പിലെ നടപ്പ് ഫുട്‌ബോള്‍ സീസണിലെ മികച്ച താരം ടോട്ടനം ഹോസ്പറിന്റെ ഗാരെത് ബാലെയാണെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന്‍. സീസണിലുടനീളം ബാലെയുടെ പ്രകടനം ഏറെ നിലവാരമുള്ളതായിരുന്നുവെന്ന് നിരീക്ഷിച്ച സിദാന്‍ ടോട്ടനം താരത്തെ ക്രിസ്റ്റ്യാനോ, മെസി എന്നിവരുമായി താരതമ്യപ്പെടുത്തിയില്ല. ഗാരെത് ബാലെ ഇവരില്‍ നിന്ന് വ്യത്യസ്തനാണ്. അതേ സമയം ക്രിസ്റ്റ്യാനോ, മെസി എന്നിവരുടെ നിലവാരത്തിലെത്തിയെന്ന് പറയുന്നത് ശരിയാകില്ല. എന്നാല്‍, അവരുടെ താരമൂല്യത്തിലേക്ക് അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ബാലെയെന്ന് സിദാന്‍ പറഞ്ഞു. അപാരമായ വേഗം, ഓരോ തവണ പന്ത് സ്വീകരിക്കുമ്പോഴും ബാലെ അത്ഭുതം ഒളിപ്പിച്ചു വെച്ചിരിക്കും. നേരില്‍ മൂന്ന് തവണ മാത്രമാണ് ബാലെയുടെ കളി കണ്ടത്. ശരിക്കും അയാള്‍ ത്രസിപ്പിച്ചു-സിദാന്‍ പറഞ്ഞു. യുവപ്രതിഭകളെ കണ്ടെത്തി റയല്‍മാഡ്രിഡ് മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്ന സിദാന്‍ ഗാരെത് ബാലെക്ക് വേണ്ടി ശക്തമായി വാദിക്കുന്നു. അറുപത് ദശലക്ഷം പൗണ്ടിന്റെ കരാറിനാണ് അണിയറനീക്കം.