അനാശാസ്യത്തിന് വിളിച്ചു വരുത്തി ഭീഷണി: കോടികള്‍ തട്ടിയ സംഘം പിടിയില്‍

Posted on: April 4, 2013 6:00 am | Last updated: April 4, 2013 at 12:17 am

കോഴിക്കോട്:അനാശാസ്യത്തിനായി പുരുഷന്മാരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് വിളിച്ചുവരുത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് കോടികള്‍ തട്ടിയ സംഘത്തിലെ നാല് പേര്‍ പിടിയില്‍. മലപ്പുറം ജില്ലക്കാരായ പുളിക്കല്‍ നസീമ മന്‍സിലില്‍ നിസാര്‍ (32), ഐക്കരപ്പടി കുണ്ടോളി പൈതല്‍ എന്ന നിസാമുദ്ദീന്‍ (28), വാഴക്കാട്ട് എടച്ചേരിക്കുന്ന് കാമ്പുറത്ത് കുഴിയില്‍ നൗഷാദ് (29), ഓമാനൂര്‍ പുളിക്കല്‍ വീട്ടില്‍ ബാവ എന്ന അബ്ദുല്ലത്വീഫ് (34) എന്നിവരെയാണ് ചേവായൂര്‍ സി ഐ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. സംഘത്തില്‍പ്പെട്ട സുല്‍ത്താന്‍ബത്തേരി സ്വദേശി നെന്‍മേനി പുല്ലോര്‍ക്കുന്ന് സക്കീന (32), വളാഞ്ചേരി സ്വദേശി കൊളത്തൂര്‍ ചാളക്കാട്ടില്‍ ഖദീജ (34) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ആറ് സ്ത്രീകളടക്കം 25 ഓളം പേരെ ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പ് ആസൂത്രണം ചെയ്ത മുഖ്യ പ്രതി മലപ്പുറം സ്വദേശി റഷീദിനെയും പിടികൂടാനുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍കുമാര്‍, ഡി സി പി.കെ ബി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
തട്ടിപ്പ് സംബന്ധിച്ച് പോലീസ് പറയുന്നത്: എട്ട് മാസം മുമ്പ് സംഘത്തലവന്‍ റഷീദിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ രീതിയിലുള്ള കവര്‍ച്ച ആസൂത്രണം ചെയ്തത്. സംഘത്തിലെ സ്ത്രീകള്‍ സമ്പന്നരെയും സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ള പുരുഷന്‍മാരെയും ഫോണില്‍ പരിചയപ്പെടുകയാണ് ആദ്യം ചെയ്യുക. ഇത്തരത്തില്‍ പരിചയപ്പെടുന്നവരുമായി അടുത്തിടപെടുന്നതിന് സ്ത്രീകള്‍ക്ക് പ്രത്യേകം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇപ്രകാരം പരിചയപ്പെടുന്ന പുരുഷന്‍മാരെ സ്ത്രീകള്‍ പ്രത്യേക കേന്ദ്രങ്ങളില്‍ വിളിച്ചുവരുത്തും. അവിടെ വെച്ച് സംഘത്തിലുള്ളവര്‍ ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തും.
പുരുഷന്മാരുടെ കൂടെ സ്ത്രീകളെ നിര്‍ത്തി നഗ്‌ന ചിത്രങ്ങളെടുത്ത് ഭീഷണി മുഴക്കും. കൂടാതെ ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ അവശത അഭിനയിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്കായി എത്തിക്കുമ്പോള്‍ സംഘത്തിലുള്ളവര്‍ ബന്ധുക്കളാണെന്ന് പറഞ്ഞ് എത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയും ചെയ്യും. ഇപ്രകാരം പണത്തിന് പുറമെ മലപ്പുറം പെരിന്തല്‍മണ്ണയില്‍ 15 സെന്റ് സ്ഥലം, സ്വര്‍ണാഭരണങ്ങള്‍, മറ്റു വിലയേറിയ വസ്തുക്കള്‍ എന്നിവ സംഘം കൈവശപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം 12ന് കവര്‍ച്ചാ സംഘത്തിന്റെ തട്ടിപ്പിനിരയായ മലപ്പുറത്തെ ഗൃഹോപകരണ സ്ഥാപന ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സക്കീന, ഖദീജ എന്നിവരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചാ സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്.
തട്ടിപ്പിനിരയായ മലപ്പുറം സ്വദേശിയെ മലാപ്പറമ്പ് ഹൗസിംഗ് കോളനിയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കവര്‍ച്ച. 10,000 രൂപയും 100 ഡോളറും വാച്ചും തട്ടിയെടുത്തതിന് പുറമേ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്.