Connect with us

National

എഫ് ഡി ഐ കൂടുതല്‍ ഉദാരവത്കരിക്കും: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ് ഡി ഐ) സംവിധാനം കൂടുതല്‍ ഉദാരവത്കരിക്കുമെന്ന് പ്രധാനമന്ത്രി മന്‍മേഹന്‍ സിംഗ്. കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി കേന്ദ്രം മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.”ബഹുബ്രാന്‍ഡ് ചില്ലറ വില്‍പ്പന മേഖല, സിവില്‍ വ്യോമയാനം തുടങ്ങിയ മേഖലകളിലെ നേരിട്ടുള്ള വിദേശ നിക്ഷേപം കൂടതല്‍ ഉദാരവത്കരിക്കുന്നത് പ്രധാനപ്പെട്ട സൂചനകളാണ്. വരും മാസങ്ങളില്‍ കൂടുതലായി എന്ത് ചെയ്യാനാകുമെന്ന് അറിയാന്‍ നേരിട്ടുള്ള വിദേശ നിക്ഷേപ നയം സമഗ്രമായ പുനരവലോകനത്തിന് വിധേയമാക്കി വരികയാണ്” – കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്(സി ഐ ഐ) വാര്‍ഷിക പൊതുയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.വ്യവസായ സംരംഭങ്ങള്‍ക്ക് വളര്‍ന്നു വികസിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും വികസനം ഉത്തേജിപ്പിക്കാനും സ്വകാര്യ മേഖലക്ക് കൂടുതല്‍ അവസരം നല്‍കണം. ഇന്നത്തെ സാഹചര്യങ്ങള്‍ ഇതിന് അനുഗുണമല്ല. ഇത് സര്‍ക്കാര്‍ ശരിയായ ദിശയിലാക്കണം- കൂടുതല്‍ പരിഷ്‌കരണങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം. റീസെറ്റില്‍മെന്റ് ബില്ലുകള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. അവ ഉടനെ പാര്‍ലിമെന്റിലെത്തും. ഡീസലിന്റെ വില മാസങ്ങള്‍ കൊണ്ട് വിപണി വിലക്കൊപ്പമാക്കുമെന്നും മറ്റു മേഖലകളിലെ സബ്‌സിഡികളും വെട്ടികുറക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പെട്രോളിന്റെ വില വിപണിക്കനുസരിച്ചാക്കി. ഡീസലിന്റെ കാര്യത്തില്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് നടപ്പിലാക്കും. എല്‍ പി ജിയുടേയും മണ്ണെണ്ണയുടെതുമടക്കം മറ്റ് സബ്‌സിഡികളും നിയന്ത്രിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൂട്ടുകക്ഷി സര്‍ക്കാറിനെ മുന്നോട്ട് നയിക്കുക വിഷമമേറിയ കാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ കാഴ്ച വെക്കുന്ന ദൃഢനിശ്ചയത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ വ്യവസായികളോട് അദ്ദേഹം അഭ്യര്‍ഥിച്ചു. ഭരണത്തില്‍ പോരായ്മകള്‍ ഉണ്ടാകാമെന്ന് സമ്മതിച്ച പ്രധാനമന്ത്രി, ഒരു ജനാധിപത്യ സംവിധാനമായതിനാല്‍ ഈ പോരായ്മകളെല്ലാം പൊതുജനങ്ങള്‍ക്ക് മുമ്പില്‍ വിലയിരുത്തലിന് വിധേയമാകുമെന്ന നേട്ടമുണ്ടെന്ന് ചൂണ്ടിക്കാട്ടി.”ഭരണ സംവിധാനത്തില്‍ ഒട്ടേറെ വീഴ്ചകളുണ്ട്. അഴിമതിയാണ് ഒരു പ്രധാന പ്രശ്‌നം. ഉദ്യോഗസ്ഥ നിസ്സംഗതയാണ് മറ്റൊരു പ്രശ്‌നം. കൂട്ടുകക്ഷി സര്‍ക്കാറുകളെ മുന്നോട്ട് നയിക്കുക അത്ര എളുപ്പമല്ല. പക്ഷെ, ഈ പ്രശ്‌നങ്ങളെല്ലാം പെട്ടെന്നുണ്ടായതല്ല. ഇതിനിടയിലും സമ്പദ്ഘടന പ്രതിര്‍ഷം എട്ട് ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു” – പ്രധാനമന്ത്രി പറഞ്ഞു.

“എന്റെ അഭിപ്രായത്തില്‍, നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി സംവിധാനത്തില്‍ ദീര്‍ഘകാല മാറ്റങ്ങള്‍ വരുത്തിയാല്‍ എട്ട് ശതമാനം വളര്‍ച്ച പിന്തുടരാന്‍ നമുക്ക് കഴിയും.”- മന്‍മോഹന്‍ സിംഗ് അവകാശപ്പെട്ടു.