Connect with us

Kerala

അലിയാക്കയുടെ വസതിയില്‍ വയറും മനസ്സും നിറച്ച് ഒരു ദിനം

Published

|

Last Updated

തിരുവനന്തപുരം:തങ്ങളുടെ രക്ഷിതാവ് കൂടിയായ അലിവുള്ള മന്ത്രിയെ തേടിയെത്തിയ കുരുന്നു മക്കള്‍ക്ക് മന്ത്രി മന്ദിരത്തില്‍ വി ഐ പി പരിഗണനയില്‍ വയറും മനസ്സും നിറഞ്ഞ ഒരു ദിനം. മലപ്പുറം പെരിന്തല്‍മണ്ണയിലെ സായീ സ്‌നേഹ തീരത്തിലെ 32 ആദിവാസി വിദ്യാര്‍ഥികളാണ് ഇന്നലെ തങ്ങളുടെ രക്ഷാധികാരി കൂടിയായ മന്ത്രി മഞ്ഞളാംകുഴി അലിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. മൂന്ന് ദിവസത്തെ പഠനയാത്രയുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയപ്പോഴാണ് വിദ്യാര്‍ഥികള്‍ സ്ഥാപനത്തിന്റെ മുഖ്യ രക്ഷാധികാരി കൂടിയായ മന്ത്രി അലിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. രാവിലെയെത്തിയ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച ശേഷം പ്രാതലും കഴിച്ച് നിയമസഭ കാണാനുള്ള യാത്രക്കൊരുങ്ങിയത് മന്ത്രിയുടെ വീട്ടില്‍ നിന്നാണ്. പിന്നീട് തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ നിയമസഭ കഴിഞ്ഞെത്തുന്ന മന്ത്രിമാരെ കാത്തിരുന്നു. ഒരു മണിയോടെ എത്തിയ വി ഐ പികളെ കണ്ടതോടെ സന്തോഷത്തോടെ സ്വീകരിച്ചു. അലിക്കൊപ്പം മന്ത്രിമാരായ പി കെ ജയലക്ഷ്മിയും കെ പി മോഹനനും കുട്ടികളുമായി കുശലാന്വേഷണം നടത്തി. ഇവര്‍ക്കിടയിലും ഏറെ ചിരപരിചിതനായ മന്ത്രി അലിയുമായാണ് വിദ്യാര്‍ഥികള്‍ ഏറെ നേരം ചെലവിട്ടത്. സോജുവും ഉണ്ണിക്കൃഷ്ണനും ചാന്ദ്‌നിയും മന്ത്രിയെ ഹസ്തദാനം ചെയ്യാന്‍ തിരക്ക് കൂട്ടി. ഇതിനിടെ കൊച്ചു രാജുവിനെ മന്ത്രി എടുത്തു. പിന്നീട് പായസവും പഴവും ചിക്കന്‍ ബിരിയാണിയും ചേര്‍ന്ന വിഭവസമൃദ്ധമായ ഉച്ചഭക്ഷണം കഴിച്ച് ഉച്ചക്ക് ശേഷമാണ് അവര്‍ കന്യാകുമാരിയിലേക്ക് തിരിച്ചത്.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest