മയക്കുമരുന്ന് കടത്ത്:ബോക്‌സിംഗ് താരം രാംസിംഗ് അറസ്റ്റില്‍

Posted on: April 3, 2013 9:29 pm | Last updated: April 4, 2013 at 10:00 pm

ചണ്ഡിഗഢ്: മയക്കുമരുന്നു കടത്തില്‍ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ബോക്‌സിംഗ് താരം രാം സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. രാം സിംഗിന്റെ ഭാര്യയുടെ സഹോദരന് മയക്കുമരുന്നു കടത്തുമായി ബന്ധമുണ്‌ടെന്നും ഇയാളുമായി രാം സിംഗ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും പോലീസ് പറഞ്ഞു.മൊഹാലിയിലിയില്‍ വെച്ച് മയക്കുമരുന്നു വേട്ടയുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു.ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലിലൂടെയാണ് ബോക്‌സിംഗ് താരം രാം സിംഗിനെയും ബോക്‌സിംഗ് താരം വിജേന്ദറിനെയും പ്രതിക്കൂട്ടിലാക്കിയത്. ഇരുവര്‍ക്കും മയക്കുമരുന്ന് നല്‍കിയതായി റെയ്ഡിനിടെ പിടിയിലായ ഒരു ഏജന്റ് വെളിപ്പെടുത്തുകയായിരുന്നു. റെയ്ഡ് നടന്ന ഫ്‌ളാറ്റിന് പുറത്ത് വിജേന്ദറിന്റെ ഭാര്യയുടെ കാറും കണ്‌ടെത്തിയിരുന്നു. ഇരുവരും സംഭവം നിഷേധിച്ചിരുന്നെങ്കിലും താരങ്ങള്‍ മയക്കുമരുന്ന് ഉപയോഗിച്ചതിന് തെളിവുണ്‌ടെന്ന് പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.വിജേന്ദറിന്റെ രക്തം പരിശോധിക്കാന്‍ നാഡക്ക് കായിക മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ 12 തവണ ഹെറോയിന്‍ വാങ്ങിയതായും പോലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കായിക മന്ത്രാലയം നിര്‍ദേശം നല്‍കിയത്.കഴിഞ്ഞ മാസം ഏഴിനാണ് 28 കിലോഗ്രാം ഹെറോയിന്‍ പഞ്ചാബ് പോലീസ് പിടികൂടുന്നത്. സിര്‍കാപൂരിലെ ശിവാലിക് വിഹാറിലുള്ള വിദേശ വ്യവസായി കഹ്ലോണിന്റെ വസതിയില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. വസതിക്ക് സമീപത്ത് വെച്ച് വിജേന്ദറിന്റെ ഭാര്യ അര്‍ച്ചനയുടെ കാര്‍ കണ്ടെത്തിയിരുന്നു.വിജേന്ദറിന്റെ കൂട്ടുകാരനും ബോക്‌സറുമായ രാംസിംഗ് അഞ്ച് തവണ മയക്ക് മരുന്ന് വാങ്ങിയിരുന്നു.വിജേന്ദറിനും രാംസിംഗിനും ഹെറോയിന്‍ വിറ്റതായി അനൂപ്‌സിംഗ് കഹ്ലോണ്‍ സമ്മതിച്ചിരുന്നു.