അബുദാബിയില്‍ പുതിയ ബീച്ച് വരുന്നു

Posted on: April 3, 2013 6:27 pm | Last updated: April 3, 2013 at 6:27 pm

ABOODHABI BEACHഅബുദാബി: ഒന്നര കിലോമീറ്റര്‍ നീളത്തില്‍ പൊതുജനങ്ങള്‍ക്കായി അബുദാബിയില്‍ ബീച്ച് വരുന്നു. അടുത്ത ആഗസ്റ്റിലാവും ആവശ്യമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കി ബീച്ച് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക.
കോര്‍ണിഷ് ഉള്‍പ്പെടുത്തി മനോഹരമാക്കി നിര്‍മിക്കുന്ന ബീച്ച് തലസ്ഥാനവാസികള്‍ക്കും ഉല്ലാസത്തിനും വിനോദത്തിനായി എത്തുന്നവര്‍ക്കും ഏറെ സഹായകമാവുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ ബീച്ചിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നുവെന്ന് അബുദാബി നഗരസഭയുടെ ബീച്ചുകള്‍ക്കായുള്ള വിഭാഗത്തിന്റെ മേധാവി നഹ്‌ല അല്‍ മുഹൈരിയെ ഉദ്ധരിച്ച് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തു.
നിലവിലെ ബീച്ചിനും മിന സായിദിനും ഇടയിലാണ് പുതിയ ബീച്ച് പണിയുന്നത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ ബീച്ചില്‍ പ്രവേശനം ഉണ്ടായിരിക്കും. ബീച്ചില്‍ നീന്താന്‍ താല്‍പര്യമുള്ളവര്‍ക്കായി പ്രത്യേക മേഖല ഒരുക്കാനും അധികൃതര്‍ ആലോചിക്കുന്നതായാണ് വിവരം. കായിക വിനോദങ്ങളില്‍ ആളുകള്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ആവശ്യങ്ങള്‍ കൂടി നിറവേറ്റുന്ന രീതിയിലാവും ബീച്ചിന്റെ നിര്‍മിതി യെന്നും അവര്‍ പറഞ്ഞു.