Connect with us

Ongoing News

നാളെ മുതല്‍ പൊടിപൂരം

Published

|

Last Updated

കൊല്‍ക്കത്ത: വര്‍ണക്കാഴ്ച്ചകളുടെ ക്രിക്കറ്റ് വസന്തത്തിന് നാളെ തിരിതെളിയും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആറാം പതിപ്പിന് നാളെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഡല്‍ഹി ഡയര്‍ഡെവിള്‍സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ആരംഭം കുറിക്കുന്നത്. മെയ് 26നാണ് കലാശപ്പോരാട്ടം.
ഇത്തവണ ഒമ്പത് ടീമുകളാണ് രംഗത്തുള്ളത്. ഡക്കാന്‍ ചാര്‍ജേഴ്‌സിന് പകരം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്ന പുതിയ ടീമാണ് ഉള്ളത്. തുടങ്ങുന്നതിന് മുമ്പേ രാഷ്ട്രീയമാനം കൈവന്ന ഐ പി എല്‍ പോരാട്ടമാണ് ആറാം പതിപ്പ്. ശ്രീലങ്കന്‍ സര്‍ക്കാറിന്റെ തമിഴ് വംശജരോടുള്ള സമീപനത്തിന്റെ പേരില്‍ ശ്രീലങ്കന്‍ കളിക്കാരെ ചെന്നൈയില്‍ കളിക്കാന്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാടുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത തന്നെ രംഗത്തെത്തിയത് ശ്രദ്ധേയമായി. നേരത്തെ കളിക്കാരുടെ സുരക്ഷ സംബന്ധിച്ച പൂര്‍ണ ഉറപ്പ് ലഭിച്ച ശേഷം മാത്രമാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളെ ഐ പി എല്ലില്‍ പങ്കെടുക്കാന്‍ അനുവദിച്ചത്. പതിമൂന്നോളം ലങ്കന്‍ താരങ്ങളാണ് ഒമ്പത് ടീമുകളിലായി കളിക്കുന്നത്. ഇതില്‍ മൂന്ന് ടീമിന്റെ നായക സ്ഥാനത്ത് ലങ്കന്‍ താരങ്ങളാണ്. ഡല്‍ഹിയെ ജയവര്‍ധനെയും പൂനെയെ എയ്ഞ്ചലോ മാത്യൂസും ഹൈദരാബാദിനെ കുമാര്‍ സങ്കക്കാരയുമാണ് നയിക്കുന്നത്. ചെന്നൈ വേദി സംബന്ധിച്ചുള്ള അനിശ്ചിതത്വം മറ്റ് ടീമുടമകളെ ചൊടിപ്പിച്ചിരുന്നു. ഏതാണ്ട് പത്തോളം മത്സരങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്നു.
ഒമ്പത് ടീമുകളില്‍ ഇത്തവണയും ഫേവറിറ്റ് ഇന്ത്യന്‍ നായകന്‍ നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്. രണ്ട് തവണ കിരീടവും രണ്ട് തവണ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ അവര്‍ ഇപ്പോഴും കരുത്തില്‍ മുന്നില്‍ നില്‍ക്കുന്നു. ഇക്കഴിഞ്ഞ ആസ്‌ത്രേലിയക്കെതിരായ 4-0ത്തിന്റെ ടെസ്റ്റ് പരമ്പര വിജയത്തില്‍ നിര്‍ണായക സാന്നിധ്യങ്ങളായി നിറഞ്ഞ അശ്വിന്‍, മുരളി വിജയ്, രവീന്ദ്ര ജഡേജ എന്നിവര്‍ അവരുടെ നിരയില്‍ അണിനിരക്കുന്നു. ഐ പി എല്ലിലെ ഏറ്റവും മികച്ച റണ്‍ സ്‌കോററായ സുരേഷ് റെയ്‌നയും കൂടിച്ചേരുമ്പോള്‍ ചെന്നൈ മികവില്‍ നില്‍ക്കുന്നു.
നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും വൈവിധ്യമുള്ള ടീമാണ്. ആദ്യ മൂന്ന് സീസണുകളിലും ക്ലച്ച് പിടിക്കാതെ പോയ ടീം ഗംഭീറിനെ നായക സ്ഥാനത്ത് അവരോധിച്ച് പതുക്കെ പതുക്കെ മുന്‍നിരയിലെത്തി കഴിഞ്ഞ തവണ കിരീടം സ്വന്തമാക്കുകയായിരുന്നു. ഉടമ ഷാരൂഖ് ഖാന്റെ താര സാന്നിധ്യം അവര്‍ക്ക് ഇഷ്ടക്കാരെ ഏറെ നേടിക്കൊടുക്കുന്നു. കഴിഞ്ഞ തവണ കിരീട വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്ന കരീബിയന്‍ മാന്ത്രിക സ്പിന്നര്‍ സുനില്‍ നരെയ്‌ന്റെ സാന്നിധ്യമാണ് അവരെ വേറിട്ടു നിര്‍ത്തുന്നത്. ബാറ്റിംഗില്‍ ബ്രണ്ടന്‍ മക്കുലം, കാലീസ്, രജത് ഭാട്ടിയ, ഗംഭീര്‍, തിവാരി എന്നിവരുടെ കരുത്ത് കൊല്‍ക്കത്തക്ക് തുണയാകും. കഴിഞ്ഞ തവണ ഫൈനല്‍ പോരട്ടത്തില്‍ കത്തിക്കയറിയ മന്‍വീന്ദര്‍ ബിസ്‌ലയുടെ സാന്നിധ്യവും അവര്‍ക്ക് ഊര്‍ജം പകരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ആസ്‌ത്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിനെ നായകനാക്കിയാണ് ആറാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് എത്തുന്നത്. ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍, ഹര്‍ഭജന്‍, വെടിക്കെട്ട് വീരന്‍ പൊള്ളാര്‍ഡ്, ബൗളര്‍ മലിംഗ എന്നിവരെല്ലാം എതിരാളികള്‍ക്ക് വേവലാതി സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവര്‍. കളിക്കാരുടെ ലേലത്തില്‍ പൊന്നും വിലക്ക് സ്വന്തമാക്കിയ ആസ്‌ത്രേലിയന്‍ ആള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാകും മുംബൈയുടെ ഇത്തവണത്തെ പ്രധാന ആയുധം.
എല്ലാ തവണയും മികച്ച പ്രകടനം നടത്തി അവസാന നിമിഷം നിരാശപ്പെടേണ്ടി വരുന്ന നിര്‍ഭാഗ്യം ഡല്‍ഹി ഡയര്‍ ഡെവിള്‍സ് ഇത്തവണ മറികടക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ സീസണില്‍ നിര്‍ണായക സാന്നിധ്യമായിരുന്ന ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സന്‍ പരുക്കേറ്റതിനാല്‍ ഇത്തവണ ഡല്‍ഹി നിരയിലുണ്ടാകില്ല. ഇത്തവണ ടീമിലെടുത്ത ജെസി റൈഡര്‍ അക്രമത്തില്‍ പരുക്കേറ്റ് ചികിത്സയിലാണെന്നതും അവര്‍ക്ക് തിരിച്ചടിയാണ്. നായക സ്ഥാനത്ത് പരിചയ സമ്പന്നനായ ജയവര്‍ധനെ വന്നത് ഡല്‍ഹിക്ക് തുണ നില്‍ക്കും.
ഐ പി എല്ലിലെ പ്രഥമ ചാമ്പ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ്. മുന്‍ ഇന്ത്യന്‍ ക്ലാസിക് ബാറ്റ്‌സ്മാന്‍ രാഹുല്‍ ദ്രാവിഡിന്റെ നായകത്വത്തിലാണ് ഇത്തവണയും അവരിറങ്ങുന്നത്. രഹാനയും ദ്രാവിഡും ഇറങ്ങുന്ന ഓപണിംഗ് തന്നെയാണ് അവരുടെ ഹൈലൈറ്റ്. ആസ്‌ത്രേലിയന്‍ ആള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ ടീമിന്റെ നട്ടെല്ലായി വര്‍ത്തിക്കുന്നു.
ക്രിസ് ഗെയിലിന്റെ മാരകമായ ഫോമിലാണ് ഇത്തവണയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ സ്വപ്നങ്ങള്‍. വിരാട് കോഹ്‌ലിയുടെ നായകനായുള്ള വരവ് ഏറെ കൗതുകം പകരുന്നതായിരിക്കും. ഇതുവരെ കപ്പടിക്കാത്തതിന്റെ പോരായ്മ നികത്തുകയായിരിക്കും വിജയ് മല്ല്യയുടെ ടീമിന്റെ ലക്ഷ്യം. മത്തയ്യ മുരളീധരന്‍, വെട്ടോറി എന്നിവരും ടീമില്‍.
മുന്‍ ആസ്‌ത്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിന്റെ നേതൃത്വത്തിലെത്തുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബ് വിഭവങ്ങളുണ്ടായിട്ടും മുന്‍നിരയിലേക്ക് ഉയരാനാകാതെ പോകുന്ന ടീമാണ്. മികച്ച പ്രകടനമാകും അവര്‍ ലക്ഷ്യമിടുന്നത്. 41 കാരനായ നായകന് പുറമെ ടീമില്‍ പ്രായക്കൂടതലുള്ളവര്‍ മറ്റ് നാല് പേര്‍ കൂടിയുണ്ട്. 38 കാരനായ അസ്ഹര്‍ മഹമൂദ്, 35 കാരായ ദിമിത്രി മസ്‌കരാനസ്, ഡേവിഡ് ഹസി, 33 വയസ്സുള്ള റയാന്‍ ഹാരിസ് എന്നിവര്‍. ഇത് അവര്‍ക്ക് ഗുണകരമാകുമോ എന്നത് കാണേണ്ടതുണ്ട്.
മൂന്ന് വര്‍ഷത്തെ മാത്രം പരിചയമുള്ള പൂനെ വാരിയേഴ്‌സ് മാത്യൂസിന്റെ നായകത്വത്തിലാണ് ഇറങ്ങുന്നത്. യുവരാജ് സിംഗിനെ സീസണില്‍ മുഴുവന്‍ ടീമിന് ലഭിക്കുമെന്നത് അവര്‍ക്ക് ആശ്വാസം നല്‍കുന്നു. ആള്‍റൗണ്ടര്‍ സ്ഥാനത്തുള്ള മെര്‍ലോണ്‍ സാമുവല്‍സിന്റെ സാന്നിധ്യവും അവര്‍ക്ക് കരുത്താകും.
ഡക്കാന്‍ ചാര്‍ജേഴ്‌സിന്റെ സ്ഥാനത്ത് എത്തുന്ന സണ്‍റൈസേഴ്‌സിന്റെ താരങ്ങളില്‍ അധികവും പഴമക്കാര്‍ തന്നെ. ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റില്‍ മിന്നും സെഞ്ച്വറി നേടി കരുത്തറിയച്ച ശിഖര്‍ ധവാന്‍ പരുക്കേറ്റ് പുറത്തിരിക്കുന്നത് അവരെ ബാധിക്കുമെന്നുറപ്പ്. ഡെയില്‍ സ്റ്റെയിന്റെ പേസ് അവര്‍ക്ക് വൈവിധ്യം സമ്മാനിക്കുന്നു. വെസ്റ്റിന്‍ഡീസിനെ ട്വന്റി ലോകകപ്പ് വിജയത്തിലേക്ക് നയിച്ച നായകന്‍ ഡാരന്‍ സമിയെ സണ്‍റൈസേഴ്‌സ് ടീമിലെത്തിച്ചിട്ടുണ്ട്.
25 കോടിയുടെ സമ്മാനത്തുകയാണ് ജേതാക്കള്‍ക്ക് നല്‍കുക. 10 കോടി രണ്ടാം സ്ഥാനക്കാര്‍ക്കും ഏഴരക്കോടി മൂന്നാം സ്ഥാനക്കാര്‍ക്കും ലഭിക്കും.

 

Latest