ഒമാന്‍ ടെല്‍ – സാംസംഗ് കരാര്‍ ഒപ്പിട്ടു

Posted on: April 2, 2013 9:46 pm | Last updated: April 2, 2013 at 9:46 pm

മസ്‌കത്ത്: രാജ്യത്ത് പുതിയ ടെക്‌നോളജികള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ഒമാന്‍ ടെല്‍  സാംസംഗുമായി കരാറില്‍ ഒപ്പിട്ടു. ഇരു കമ്പനികളുടെയും ആധുനിക സേവനങ്ങള്‍ കുറഞ്ഞ നിരക്കിലും വേഗത്തിലും സുതാര്യവുമായി സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒമാന്‍ ടെല്‍ സി ഇ ഒ ഡോ. ആമിര്‍ അവാദ് അല്‍ റവാസ്, സാംസംഗ് ഗള്‍ഫ് ഇലക്‌ട്രോണിക് പ്രസി. യംഗ് സൂ കിം എന്നിവര്‍ ചേര്‍ന്ന് മിനിസ്ട്രി ഓഫ് ഫോറീന്‍ അഫയേസ് ചെയര്‍മാന്‍ എച്ച് ഇ താലിബ് ബിന്‍ മിറാന്‍ അല്‍ റാസിയുടെ സാന്നിധ്യത്തിലാണ് കരാറില്‍ ഒപ്പുവെച്ചത്.
കരാര്‍ പ്രകാരം സാംസംഗിന്റെ മുഴുവന്‍ ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ക്കും ഒമാന്‍ ടെല്ലിന്റെ സേവനങ്ങള്‍ ലഭ്യമാകും. മൊബൈല്‍ സര്‍വീസുകള്‍ക്ക് ലാഭകരമായ കൂടുതല്‍ സര്‍വീസുകള്‍ ഇരു കമ്പനികളും ചേര്‍ന്ന് അവതരിപ്പിക്കും. ടി വി പ്രേക്ഷകര്‍ക്കായി പുതിയ നിരക്കിളവുകള്‍ പ്രഖ്യാപിക്കുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുന്ന സോഫ്റ്റ്‌വെയറുകള്‍ നിര്‍മിച്ചു ഒമാന്‍ ടെലിന്റെ ഇന്റര്‍നെറ്റ് കണക്ഷനിലൂടെ ലഭ്യമാകുന്ന രീതിയില്‍ പദ്ധതിക്ക് രൂപം നല്‍കുമെന്നും സാംസംഗ് അധികൃതര്‍ പറഞ്ഞു.
സാംസംഗ് പുതുതായി നിര്‍മിച്ചു കൊണ്ടിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ അപ്ലിക്കേഷനുകള്‍ ഒമാന്‍ ടെല്‍ ഉപഭോക്താക്കള്‍ക്ക് ചെറിയ ചെലവില്‍ ലഭ്യമാകും. ഒമാന്‍ മാര്‍ക്കറ്റുകളില്‍ നിന്ന് സാംസംഗ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒമാന്‍ ടെലിന്റെ ഇന്റര്‍നെറ്റ് പാക്കേജ് ഓഫറുകള്‍ ലഭിക്കും. വരുന്ന ദിവസങ്ങളില്‍ കമ്പനികള്‍ സംയുക്തമായി കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ പറഞ്ഞു.