Connect with us

National

വിജേന്ദറിന്റെ രക്ത സാമ്പിള്‍ പരിശോധിക്കാന്‍ നാഡക്ക് നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി/ ചാണ്ഡിഗഢ്: ബോക്‌സര്‍ താരം വിജേന്ദര്‍ സിംഗിന്റെ രക്ത, മുടി സാമ്പിളുകള്‍ പരിശോധിക്കാന്‍ നാഡ (നാഷനല്‍ ആന്റി ഡോപിംഗ് ഏജന്‍സി)ക്ക് കായിക മന്ത്രാലയം നിര്‍ദേശം നല്‍കി. വളരെ ഉത്തേജനം നല്‍കുന്നതാണ് ഹെറോയിനെന്നും കുറ്റക്കാരനെന്ന് കണ്ടാല്‍ ബോക്‌സിംഗ് താരത്തെ ശിക്ഷിക്കുമെന്നും നാഡ ഡയറക്ടര്‍ ജനറല്‍ മുകുള്‍ ചാറ്റര്‍ജി പറഞ്ഞു. മയക്കുമരുന്ന് റാക്കറ്റുമായി വിജേന്ദറിന് അടുത്ത ബന്ധമുണ്ടെന്നും കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ 12 തവണ ഹെറോയിന്‍ വാങ്ങിയതായും പോലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കായിക മന്ത്രാലയം നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ മാസം ഏഴിന് 28 കിലോഗ്രാം ഹെറോയിന്‍ പഞ്ചാബ് പോലീസ് പിടികൂടിയിരുന്നു. പാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന മയക്കുമരുന്നുകളും പിടിച്ചെടുത്തിരുന്നു. ഇവ 484 കോടി രൂപ വിലമതിക്കുന്നതാണ്. സിര്‍കാപൂരിലെ ശിവാലിക് വിഹാറിലുള്ള വിദേശ വ്യവസായി കഹ്‌ലോണിന്റെ വസതിയില്‍ നിന്നാണ് മയുക്കുമരുന്ന് പിടികൂടിയത്. വസതിക്ക് പുറത്ത് വെച്ച് വിജേന്ദറിന്റെ ഭാര്യ അര്‍ച്ചനയുടെ കാറും പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിജേന്ദറിന്റെ പേരും മയക്കുമരുന്ന് റാക്കറ്റുമായി ചേര്‍ന്ന് ഉയര്‍ന്നുവന്നത്. വിജേന്ദറിന്റെ കൂട്ടുകാരനും ബോക്‌സറുമായ രാം സിംഗ് അഞ്ച് തവണയും മയക്കുമരുന്ന് വാങ്ങി. അനൂപ് സിംഗ് കഹ്‌ലോണ്‍, റോക്കി എന്നിവരില്‍ നിന്നാണ് വിജേന്ദറും രാം സിംഗും ഹെറോയിന്‍ വാങ്ങിയത്. വിജേന്ദറിനും രാം സിംഗിനും ഹെറോയിന്‍ വിറ്റതായി അനൂപ് സിംഗ് കഹ്‌ലോണ്‍ സമ്മതിച്ചിട്ടുണ്ട്.
അതിനിടെ, പഞ്ചാബ് ആസ്ഥാനമാക്കി ദശലക്ഷക്കണക്കിന് ഡോളറുകളുടെ ഇടപാട് നടത്തുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിന് ചൈനീസ് ബന്ധമുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു, ബ്രിട്ടന്‍, നെതര്‍ലാന്‍ഡ്‌സ്, കാനഡ, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങളിലെ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു.
പാര്‍ട്ടികളില്‍ “ഐസ്” എന്നറിയപ്പെടുന്ന മെത്താംഫെറ്റമിന്‍, സ്യൂഡോഫെഡ്രൈന്‍ എന്നിവയുടെ ഗുണം പരിശോധിക്കുന്നതിന് അഞ്ച് ചൈനീസ് പൗരന്‍മാര്‍ 2010ല്‍ ചാണ്ഡിഗഢ് സന്ദര്‍ശിച്ചതായി പോലീസ് പറഞ്ഞു. ചൈനീസ് പൗരന്‍മാരുടെ വിശദവിവരങ്ങള്‍ അറിഞ്ഞതായും കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഇവരുടെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച പത്ത് കിലോ ഗ്രാം “ഐസും” 230 കിലോ സ്യൂഡോഫെഡ്രൈനും പാഞ്ച്കുളയില്‍ നിന്ന് പിടികൂടിയിരുന്നു.

Latest