Connect with us

Kerala

വിഴിഞ്ഞം തുറമുഖത്തില്‍ നേവിക്കും കോസ്റ്റ് ഗാര്‍ഡിനും പ്രത്യേക സൗകര്യം

Published

|

Last Updated

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തില്‍ ഇന്ത്യന്‍ നേവിക്കും കോസ്റ്റ് ഗാര്‍ഡിനും പ്രത്യേകം സൗകര്യം ഒരുക്കുമെന്നു മന്ത്രി കെ ബാബു. വിഴിഞ്ഞം തുറമുഖത്തിലെ വാണിജ്യ സംബന്ധമായ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയിലാകും നേവിക്കും കോസ്റ്റ് ഗാര്‍ഡിനും സൗകര്യം ഒരുക്കുകയെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ വര്‍ക്കല കഹാറിന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മന്ത്രി.
രാജ്യത്തെ തന്ത്രപ്രധാന പ്രദേശമായതിനാല്‍ നിര്‍ദിഷ്ട വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ സൗകര്യം ആവശ്യപ്പെട്ട് ഇന്ത്യന്‍ നേവിയും കോസ്റ്റ് ഗാര്‍ഡും സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ നേവിക്ക് 500 മീറ്റര്‍ ബെര്‍ത്തും കോസ്റ്റ് ഗാര്‍ഡിന് 120 മീറ്റര്‍ ബെര്‍ത്തും അതിനോടനുബന്ധിച്ചുള്ള മറ്റു സൗകര്യങ്ങളും കോസ്റ്റ് ഷെയറിംഗ് പ്രകാരം നല്‍കാന്‍ തയ്യാറാണെന്ന് അവരെ അറിയിച്ചു. രാജ്യരക്ഷാ വകുപ്പ് ജോയിന്റ് സെക്രട്ടറിയോട് ഈ കാര്യം പരിശോധിക്കാന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിനു പാരിസ്ഥിതിക അനുമതി ലഭിച്ചശേഷം തുറമുഖത്തിന് കൊബോട്ടാഷ് നിയമത്തിന്റെ ഇളവിനു വേണ്ടി കേന്ദ്ര സര്‍ക്കാറിനെ സമീപിക്കും. പാരിസ്ഥിതിക അനുമതിക്കുവേണ്ടിയുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ അപ്രതീക്ഷിത കാലതാമസമുണ്ടായി. 2006ലെ ഇ ഐ എ വിജ്ഞാപന പ്രകാരം ക്രോഡീകരിച്ചു പ്രസിദ്ധപ്പെടുത്തുന്ന ജോലികള്‍ ഇപ്പോള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. ഈ മാസം 30നകം പബ്ലിക് ഹിയറിംഗിന് വേണ്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡിന് സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
18,000 ടി ഇ യു ശേഷിയുള്ള മദര്‍ വെസ്സല്‍സ് അടുപ്പിക്കുന്നതിനുള്ള സൗകര്യം പദ്ധതിയില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ വിഴിഞ്ഞത്തിനു കൊളംബോ തുറമുഖവുമായാണ് മത്സരിക്കേണ്ടത്. പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനില്‍ പാരിസ്ഥിതിക പഠനത്തിന്റെ ഭാഗമായി വന്നിട്ടുള്ള ഫിഷ്‌ലാന്‍ഡിംഗ് സെന്ററും ക്രൂയിസ് ടെര്‍മിനലും ഉണ്ടായിരിക്കും. വിഴിഞ്ഞത്ത് മൂന്ന് എം എല്‍ ഡി ജലം എത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 25ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. പദ്ധതി പ്രദേശത്തേക്കു വൈദ്യുതി എത്തിക്കുന്നതിനുള്ള ജോലി ഉടന്‍ ആരംഭിക്കും. പാരിസ്ഥിതികാനുമതി ലഭിച്ചയുടന്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഇ പി സി ടെന്‍ഡര്‍ വിളിക്കും. അനുമതി ലഭിച്ചശേഷം പോര്‍ട്ട് ഓപ്പറേറ്ററെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കും. വിഴിഞ്ഞത്തെ പഴയ തുറമുഖത്തിന് കസ്റ്റംസ് തുറമുഖമാക്കുന്നതിന് നടപടി സ്വീകരിച്ചുവെന്നും മന്ത്രി കെ ബാബു വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest