മണ്ണെണ്ണ മറിച്ച് വില്‍ക്കുന്നതായി ആരോപണം: റേഷന്‍കടയില്‍ പരിശോധന നടത്തി

Posted on: April 1, 2013 12:35 pm | Last updated: April 1, 2013 at 12:35 pm

വണ്ടൂര്‍: പൊതുവിതരണ കേന്ദ്രത്തിലെ സാധനങ്ങള്‍ മറിച്ച് വില്‍ക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സപ്ലൈകോ അധികൃതരും പോലീസും കടയില്‍ പരിശോധന നടത്തി. കുറ്റിയില്‍ കാരക്കാപറമ്പ് റോഡിലെ പൊതുവിതരണ കേന്ദ്രത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. ഇവിടത്തെ പൊതുവിതരണ കേന്ദ്രത്തില്‍ ശനിയാഴ്ച ആളുകള്‍ മണ്ണെണ്ണ ആവശ്യപ്പെട്ടെത്തിയിരുന്നു. സ്റ്റോക്കില്ലെന്ന് പറഞ്ഞ് കടയുടമസ്ഥന്‍ തിരിച്ചയച്ചു. എന്നാല്‍ ബാരലില്‍ മണ്ണെണ്ണ ഉണ്ടായിട്ടും വിതരണം ചെയ്തില്ലെന്നാണ് പരാതി.
രാത്രി എട്ടുമണിയോടെ കടയില്‍ വന്ന പ്രദേശത്തെ പലചരക്കുകടയിലെ ജീവനക്കാരന് മണ്ണെണ്ണ നല്‍കിയെന്നും ഇതുകൊണ്ടുപോകാനുള്ള നീക്കത്തിനിടെ തടയുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
വണ്ടൂര്‍ എസ് ഐ മനോജ് പറയട്ടയുടെ നേതൃത്വത്തിലുള്ള സംഘമെത്തി മണ്ണെണ്ണ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്നലെ രാവിലെ സിവില്‍സപ്ലൈസ് സംഘവും പോലീസും സ്ഥലത്തെത്തി കേന്ദ്രത്തില്‍ പരിശോധന നടത്തി.
69 കിലോ അരി അധികം വന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നിലമ്പൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ വി ടി അബൂബക്കര്‍, എടക്കര റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ പിജെ പ്രസാദ്, വി പി ബാലകൃഷ്ണന്‍ പരിശോധനക്ക് നേതൃത്വം നല്‍കി.