മലയോര മേഖലയില്‍ കുഴല്‍ കിണറുകള്‍ വ്യാപകമാവുന്നു

Posted on: April 1, 2013 11:48 am | Last updated: April 1, 2013 at 11:48 am

ശ്രീകണ്ഠപുരം: മലയോര മേഖലയില്‍ കുഴല്‍കിണര്‍ കുഴിക്കുന്നത് വ്യാപകമായതോടെ സാധാരണക്കാര്‍ക്ക് കുടിനീര്‍ കിട്ടാക്കനിയാവുന്നു. മലമടക്കുകളിലും ടൗണ്‍ പ്രദേശങ്ങളിലുമെല്ലാം കുഴല്‍ കിണര്‍ വ്യാപകമായതോടെ സമീപത്തെ കിണറുകളിലെ വെള്ളം പെട്ടെന്ന് വറ്റുകയാണ്.
യാതൊരു അനുമതിയുമില്ലാതെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് വാഹനങ്ങളും യന്ത്രങ്ങളുമായി വന്ന് വന്‍ വിലക്കാണ് കുഴല്‍ കിണര്‍ കുഴിച്ച് നല്‍കുന്നത്.
ഇതിനായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിരവധി ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട്. കുഴല്‍ കിണറുകള്‍ വ്യാപകമായ പല പ്രദേശങ്ങളിലും സമീപത്തെ കിണറുകളിലെ വെള്ളം പെട്ടെന്ന് വറ്റുന്നതായി പറയപ്പെടുന്നു.
ഒരു കുഴല്‍ കിണര്‍ കുഴിച്ചപ്പോള്‍ പത്തോളം കിണറുകളിലെ വെള്ളം വറ്റിയ സംഭവം മലയോര മേഖലയിലുണ്ടായിട്ടുണ്ട്.
പയ്യാവൂര്‍ പഞ്ചായത്തിലെ കുന്നത്തൂര്‍ മേഖലയില്‍ കുഴല്‍ കിണര്‍ കുഴിച്ചപ്പോള്‍ നിരവധി വീടുകളിലെ കിണറുകളിലെ വെള്ളം വറ്റിയത് അടുത്തകാലത്താണ്. അനിയന്ത്രിമായ കുഴല്‍ കിണര്‍ നിര്‍മാണത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.